5 അടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി 38.5 പവൻ കവർന്നു; 88 സിസിടിവികൾ, വൻ‌ അന്വേഷണം, മോഷ്ടാക്കൾ പിടിയിൽ

പ്രതികൾ (ഇരിക്കുന്നവർ) പൊലീസ് സംഘത്തോടൊപ്പം
SHARE

ചെന്നൈ ∙ തൃശൂരിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന 38.5 പവൻ ആഭരണം കവർച്ച നടത്തിയ ശേഷം അടുത്ത കവർച്ചയ്ക്കു പദ്ധതി തയാറാക്കി മടങ്ങി വരുന്നതിനിടെ 2 ഉത്തരേന്ത്യക്കാരെ ചെന്നൈയിൽ പിടികൂടി. ഈ മാസം 16നു തൃശൂരിലെ വിവിധ വീടുകളിൽ കവർച്ച നടത്തിയ ശേഷം മുങ്ങിയ ബംഗാൾ സ്വദേശികളായ ഷേയ്ക്ക് മക്‌ബുൽ (31), മുഹമ്മദ് കൗസർ ഷേയ്ക്ക് (51) എന്നിവരെയാണു റെയിൽവേ സുരക്ഷാ സേനയുടെ സഹായത്തോടെ തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കവർച്ചയ്ക്കു ശേഷം നാട്ടിലേക്കു പോയ ഇരുവരും ഹൗറ – ചെന്നൈ ട്രെയിനിന്റെ എസ് 10 കോച്ചിൽ മടങ്ങിയെത്തുന്നെന്ന വിവരത്തെ തുടർന്നു പുലർച്ചെ സ്റ്റേഷനിൽ കാത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്.

88 സിസിടിവികൾ; വൻ‌ അന്വേഷണം

തൃശൂർ ∙ ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളെ വെസ്റ്റ് പൊലീസ് പിടികൂടിയത് ബംഗാൾ വരെ പോയി വിവരങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിനൊടുവിൽ. 88 സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു. പൂങ്കുന്നത്ത് അടഞ്ഞു കിടക്കുന്ന വീടിന്റെ 5 അടിയോളം വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 38.5 പവൻ ആഭരണം ആണ് ഇവർ മോഷ്ടിച്ചത്. ഈ മാസം 16ന് ആണ് സംഭവം.

രണ്ടു ദിവസമായി ഈ വീട് അടഞ്ഞു കിടക്കുകയായിരുന്നു.കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ ലോഡ്ജിൽ മുറി എടുത്തതായി പൊലീസ് മനസ്സിലാക്കിയിരുന്നു. ലോഡ്ജിൽ എത്തി അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ ബംഗാൾ സ്വദേശികളാണെന്നു മനസ്സിലാക്കുന്നത്.

വെസ്റ്റ് എസ്ഐ കെ.സി. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്. അഖിൽ വിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിൻ, പി.സി. അനിൽകുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം 25ന് ആണ് ബംഗാളിലേക്കു തിരിച്ചത്. അവിടെ ഒട്ടേറെ ആളുകൾ വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കി കൊടുക്കുന്നതായും അത് ഉപയോഗിച്ച് ഒട്ടേറെ ആളുകൾ മൊബൈൽ സിം കാർഡ് എടുക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബംഗ്ലദേശിന്റെ അതിർത്തി ഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തുന്നവരാണെന്ന് മനസ്സിലാക്കിയിരുന്നു. തുടർ മോഷണത്തിനായി പ്രതികൾ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിനിൽ പുറപ്പെട്ടതായി മനസ്സിലാക്കിയ പൊലീസ് സംഘം ഉടൻ തന്നെ ചെന്നൈയിലേക്ക് തിരിക്കുകയും ട്രെയിനിൽ വരികയായിരുന്നു ഇരുവരെയും ചെന്നൈ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ വച്ച് കംപാർട്മെന്റ് വളഞ്ഞ് സാഹസികമായി പിടികൂടുകയുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA