വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: 2 പേർ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇരിങ്ങാലക്കുട പെ‍ാലീസ് അറസ്റ്റ് ചെയ്ത മിജോ, സുമേഷ് എന്നിവർ
SHARE

ഇരിങ്ങാലക്കുട ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാൻഡിന് സമീപത്തെ എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ കുന്നംകുളം സ്വദേശി കിടങ്ങൻ വീട്ടിൽ മിജോ (33), ഇരിങ്ങാലക്കുട സ്വദേശി ചക്കാലയ്ക്കൽ വീട്ടിൽ സുമേഷ്‌ (39) എന്നിവരെയാണ് ഡിവൈഎസ്പി ബാബു കെ.തോമസ്, സിഐ കെ.എം. മഹേഷ്കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കാനഡയിലേക്ക് അവിദഗ്ധ ജോലികൾക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് 2 ലക്ഷം മുതൽ 13 ലക്ഷം വരെ വാങ്ങി വഞ്ചിച്ചെന്നാണു പരാതി. പണം നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വീസ നൽകിയില്ല. തുടർന്ന് പണം ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് തട്ടിക്കുകയായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ടവർ സംഘടിച്ച് സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കിയെങ്കിലും പണം നൽകാൻ ഉടമകൾക്ക് കഴിഞ്ഞില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയ്ക്കും ഇരിങ്ങാലക്കുട സ്റ്റേഷനിലുമായി ഇതുവരെ എൺപതോളം പരാതികളാണ് ലഭിച്ചത്. 5 കേസുകൾ എടുത്തു. 4 കോടിയിലധികം രൂപ തട്ടിച്ചതായും കേസിലെ മറ്റൊരു പ്രതിയായ എടപ്പാൾ സ്വദേശി മുഹമ്മദ് ആസിഫ് ഒളിവിലാണെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എസ്ഐമാരായ എം.എസ്. ഷാജൻ, സി.എം. ക്ലീറ്റസ്, എഎസ്ഐമാരായ സി.എൻ. ശ്രീധരൻ, കെ.എ. സേവ്യർ, കെ.വി. ജസ്റ്റിൻ, നൂർദീൻ വലിയകത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

കുടുങ്ങി മറ്റു ജില്ലയിലുള്ളവരും

ഇരിങ്ങാലക്കുട ∙ വിദേശത്ത് ജോലി മോഹിച്ച് പണം നൽകി തട്ടിപ്പിന് ഇരയായവരിൽ മറ്റു ജില്ലയിലുള്ളവരും. മാസങ്ങൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കടം വാങ്ങിയും വായ്പ എടുത്തും വീട് പണയം വച്ചും പണം നൽകിയവരുണ്ട്. പണം തിരികെ കിട്ടാൻ പലരും ഇരിങ്ങാലക്കുടയിലെത്തി താമസിക്കുകയാണ്. 3 മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതിനാൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചവരും കൂട്ടത്തിലുണ്ട്. വീസയ്ക്ക് അപേക്ഷ നൽകാനെന്ന പേരിൽ ചിലർക്ക് മെഡിക്കൽ പരിശോധനകളും നടത്തി. എന്നാൽ വീസ മാത്രം ലഭിച്ചില്ല. തട്ടിപ്പ് നേരത്തെ തിരിച്ചറിഞ്ഞ ചുരുക്കം ചിലർക്കു മാത്രം പണം തിരിച്ചു കിട്ടി.

എന്തിന് പണം?

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് സൂപ്പർമാർക്കറ്റിന് പണം കണ്ടെത്താനെന്ന് സൂചന. പ്രതികൾ മാനേജിങ് പാർട്ണർമാരായി എമിഗ്രോ എന്ന പേരിൽ നഗരത്തിൽ മാസങ്ങൾക്ക് മുൻപ് പുതിയ സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇൗ സൂപ്പർമാർക്കറ്റിന് പണം കണ്ടെത്താനാണ് ഇല്ലാത്ത ജോലിയുടെ പേരിൽ തട്ടിപ്പു നടത്തിയതെന്നാണു പണം നഷ്ടപ്പെട്ടവർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS