തൃശൂർ ∙ 234 കോടി രൂപ ചെലവാക്കി നിർമിക്കേണ്ട കാഞ്ഞാണി– തൃശൂർ റോഡ് വികസനത്തിനു തുക അനുവദിക്കാത്ത സംസ്ഥാന സർക്കാർ 3 ആഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. റോഡിനായി ഇതുവരെ അനുവദിച്ചതു ടോക്കൺ തുകയായ 100 രൂപ മാത്രമാണ്.15 വർഷമായി നിർമാണം നടത്താതെ വലിച്ചിഴയ്ക്കുന്ന റോഡ് പദ്ധതിയാണിത്. റോഡ് നിർമാണത്തിനായി ഹൈക്കോടതിയെ രണ്ടു തവണ സമീപിച്ച കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും മണലൂർ പഞ്ചായത്തംഗം ഷോയ് നാരായണനും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണു ഹൈക്കോടതി ഉത്തരവ്. പുതിയ 6 വരി തീരദേശ ദേശീയപാത വരുന്നതോടെ തൃശൂർ നഗരത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ റോഡാണിത്.
16 കിലോമീറ്റർ
16 കിലോമീറ്ററുള്ള തൃശൂർ–കാഞ്ഞാണി– വാടാനപ്പള്ളി റോഡ് 17 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്നാണു കോടതിയെ സമീപിച്ചത്. റോഡ് വികസനത്തിനു എസ്റ്റിമേറ്റ് ബജറ്റിൽ 56 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നെങ്കിലും അനുവദിച്ചത് 100 രൂപയാണ്. പടിഞ്ഞാറേക്കോട്ട മുതൽ എറവ് വരെ 9 കിലോമീറ്റർ സ്ഥലമെടുപ്പില്ലാതെ പുതുക്കാൻ ഇതിനിടയിൽ പൊതുമാരാമത്ത് വകുപ്പു തീരുമാനിച്ചു.
ഇപ്പോഴത്തെ പദ്ധതി പ്രഖ്യാപിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് അനുവദിച്ച 34 കോടി രൂപ ഉപയോഗിച്ചാണ് ഇത് ചെയ്തത്. ആ തുക 15 വർഷമായി ഉപയോഗിക്കാതെ വച്ചിരിക്കുകയായിരുന്നു.എന്നാൽ വി.എസ്. സുനിൽകുമാർ മന്ത്രിയായിരിക്കെ ഈ അശാസ്ത്രീയ നിർമാണം വേണ്ടെന്നു നിർദേശിച്ചു. സ്ഥലമെടുപ്പിനുള്ള ഭൂമി ഉടൻ അനുവദിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാൽ ധന വകുപ്പു തുക അനുവദിച്ചില്ല. ഇതിനിടയിൽ ആദ്യ 9 കിലോമീറ്ററിൽ 17 മീറ്റർ വീതിയുള്ള സ്ഥലങ്ങളിലെല്ലാം കാന നിർമിച്ചു പൊതുമരാമത്തു വകുപ്പു നിർമാണം നടത്തി. മറ്റിടങ്ങളിൽ വീതി കൂട്ടാതെയും റോഡ് നവീകരിച്ചു.
ബജറ്റ് പ്രഖ്യാപനം
തൃശൂർ മുതൽ എറവ് സ്കൂൾ വരെ 9 കിലോമീറ്റർ ദൂരം റോഡ് വികസിപ്പിക്കാൻ 3.7914 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 51.94 കോടി രൂപ ബജറ്റിൽ ഉടൻ ഉൾപ്പെടുത്തുമെന്നാണു 2017 ജനുവരി 16 നു കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒന്നാം ഘട്ടം ഭൂമി എറ്റെടുക്കുന്നതിനും നിർമാണത്തിനുമുള്ള 51.94 കോടി രൂപയും എറവ് മുതൽ വാടാനപ്പള്ളി വരെ ഭൂമിക്കും നിർമാണത്തിനുമുള്ള 182 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചില്ല. ഇതു രണ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.