ADVERTISEMENT

തൃശൂർ ∙ പല രൂപത്തിലും പേരിലും മണി ചെയിൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായും ജനങ്ങൾ കരുതിയിരിക്കണമെന്നും സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. മൾട്ടിലെവൽ മാർക്കറ്റിങ്, പിരമിഡ് സ്ട്രക്ചർ, ചെയിൻ മാർക്കറ്റിങ് തുടങ്ങി തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത പേരുകൾ ഇപ്പോഴില്ല. പകരം ഇൻഫർമേഷൻ ടെക്നോളജി, ഓർഗാനിക് കൃഷി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സേവനം തുടങ്ങിയ മേഖലകളിലെ സേവനമെന്ന നിലയിലാണ് തട്ടിപ്പു കമ്പനികൾ രംഗത്തു വന്നിരിക്കുന്നത്.

ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് റജിസ്ട്രേഷനും സംഘടിപ്പിക്കും. നിക്ഷേപകരെ ആകർഷിക്കാൻ ആധുനിക ഓഫിസ്, ചിത്രങ്ങളും വിഡിയോയും ഉൾക്കൊള്ളുന്ന വെബ്സൈറ്റും ഇവ സജ്ജമാക്കും. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു റജിസ്റ്റർ ചെയ്ത ഇടപാടുകൾ ആയിരിക്കുകയില്ല ഇത്തരക്കാർ നടത്തുന്നത്.

തട്ടിപ്പു കമ്പനികളെ തിരിച്ചറിയാം ? 

വൻ ഹോട്ടലുകളിലും ആഡംബര റിസോർട്ടുകളിലും യോഗം വിളിച്ചു ചേർക്കും. മികച്ച വിദ്യാഭ്യാസം ഉള്ളവരെയും മികച്ച കുടുംബാന്തരീക്ഷം ഉള്ളവരെയും ആദ്യം ക്ഷണിക്കും. ഇവരെ കമ്പനിയിൽ പങ്കാളികളാക്കി വൻ തുക ലാഭവിഹിതം ഉറപ്പു നൽകും. പങ്കാളികളായി ലഭിച്ച വരുമാനം ഉപയോഗിച്ച് പണിത വീടും വാങ്ങിയ കാറുകളും എന്ന രീതിയിൽ വിഡിയോയും ചിത്രങ്ങളും പ്രദർശിപ്പിക്കും. സമൂഹ മാധ്യമങ്ങളിലും സജീവമായിരിക്കും. ഇവരുടെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അതിവേഗം പണക്കാരാകാൻ പണം നിക്ഷേപിക്കുന്നവർ‌ പെടും. 

ശ്രദ്ധിക്കുക

∙ ബാങ്കുകളും, അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പലിശയേക്കാൾ അമിത ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളിൽ കരുതലോടെ മാത്രം ഇടപെടുക.
∙ പണം നിക്ഷേപിക്കുകയും പിന്നീട് നിക്ഷേപകരോടു തന്നെ അംഗങ്ങളെ ചേർക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് മണിചെയിൻ ബിസിനസുകളുടെ പൊതു സ്വഭാവം.
∙ നിങ്ങളെ വിശ്വസിച്ചു പണം നിക്ഷേപിക്കുന്നവരുടെ പണം നഷ്ടപ്പെട്ടാൽ നിങ്ങളും ഉത്തരവാദിയായേക്കാം.

∙ ആദ്യം പണം നിക്ഷേപിക്കുന്ന ഏതാനും ആളുകൾക്ക് വലിയ തുക ആദായമായി കൊടുക്കുന്നത് കൂടുതൽ പേരെ അവർ കൊണ്ടു വരുന്നതിനാണ്.
∙ ഇത്തരത്തിൽ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുക.
∙ മണിചെയിൻ ബിസിനസ് 1978ലെ പ്രൈസ് ചിറ്റ് ആൻ‍ഡ് മണി സർക്കുലേഷൻ നിയമപ്രകാരം കുറ്റകരമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com