ADVERTISEMENT

കോടശേരി ∙ ശക്തമായ മഴയെ തുടർന്ന് എലിഞ്ഞിപ്ര കോണിക്കപ്പാടത്തു തോട് കരകവിഞ്ഞൊഴുകി കൃഷി സ്ഥലങ്ങളിലേക്കു വെള്ളം കയറി. കൃഷിയിടങ്ങളിലേക്കുള്ള ബണ്ട് തകരുകയും ചെയ്തു. ശരിയായ രീതിയിൽ വൃത്തിയാക്കാത്തതിനാൽ തോട്ടിൽ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. കാട്ടുചേമ്പും കാടും പടലും വളർന്ന നിലയിലാണ് തോട്.

കൃഷിസ്ഥലങ്ങളിലേക്കു വെള്ളം കയറിയതിനെ തുടർന്ന് വാഴ,മരച്ചീനി തുടങ്ങിയ കൃഷികൾ നശിക്കാവുന്ന അവസ്ഥയിലാണ്. വരും ദിവസങ്ങളിലും പ്രശ്നം തുടർന്നാൽ കൃഷി നശിക്കുമെന്നാണ് ആശങ്ക. തോട്ടിൽ കുറുമ്പൻകുട്ടിക്കുന്ന് ശുദ്ധജല പദ്ധതിക്കു സമീപത്ത് ഉൾപ്പെടെ മാലിന്യം അടിഞ്ഞു കിടക്കുകയും ചെയ്യുന്നു.

കനത്തമഴയിൽ കൊരട്ടി പൊലീസ് സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്‌സിനു മുകളിലേക്ക് മരം വീണ നിലയിൽ.
കനത്തമഴയിൽ കൊരട്ടി പൊലീസ് സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്‌സിനു മുകളിലേക്ക് മരം വീണ നിലയിൽ.

മരം വീണ് പൊലീസ് ക്വാർട്ടേഴ്സിന് നാശം

കൊരട്ടി∙ കനത്തകാറ്റിലും മഴയിലും പൊലീസ് സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്‌സിനു മുകളിലേക്ക് മരം വീണു നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവമുണ്ടായത്. സ്റ്റേഷൻ വളപ്പിനു സമീപമുള്ള വൈഗെ ത്രെഡ്‌സ് കമ്പനി വളപ്പിൽ നിന്ന കൂറ്റൻ മരമാണ് ക്വാർട്ടേഴ്‌സിനു മുകളിലേക്കു വീണത്. കെട്ടിടത്തിനു മുകളിൽ വിരിച്ചിരുന്ന ട്രസ് തകർന്നു. ചിമ്മിനിക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചാലക്കുടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.

മറ്റത്തൂരിലെ പാടങ്ങൾ മുങ്ങി

മറ്റത്തൂർ ∙ കനത്ത മഴയിൽ മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളം വലിയതോട് കരകവിഞ്ഞു പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. മലകളിൽ നിന്നുള്ള ശക്തമായ വെള്ളപ്പാച്ചിലിൽ മുരിക്കുങ്ങൽ പൂവാലിത്തോടും കടമ്പോട് കൈതത്തോടും നിറത്തൊഴുകി.

വിരിപ്പുകൃഷിയിറക്കി 20 ദിവസമായ കോടാലിപ്പാടം പൂർണമായും മുങ്ങി. വിളവെടുപ്പിനു പാകമായ കപ്പ കൃഷിയിലും പച്ചക്കറി കൃഷിയിലും വെള്ളം കയറിയത് കർഷകർക്ക് ദുരിതമായി. ഇത്തുപ്പാടം, വാസുപുരം വെള്ളിക്കുളങ്ങര, കോപ്ളിപ്പാടത്തും വെള്ളം കയറിയതും കർഷകർക്ക് വിനയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com