ADVERTISEMENT

കൊരട്ടി ∙പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനു പഞ്ചായത്ത് നടപ്പാക്കുന്ന തനതു പദ്ധതിയാണു ‘സാരി തരൂ സഞ്ചി തരാം’. വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ സാരി വാങ്ങി സഞ്ചി നിർമിച്ചുനൽകുകയാണു ലക്ഷ്യം. ഇതിനു കുടുംബശ്രീ, ഹരിതകർമസേന എന്നിവയെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് പി.സി. ബിജു, സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. സുമേഷ് എന്നിവർ അറിയിച്ചു.

വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും വാർഡുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. 2500 സഞ്ചികൾ ഇത്തരത്തിൽ വിതരണം ചെയ്തു. സ്വീകാര്യത വർധിച്ചതോടെയാണു പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. നാഷനൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ഓരോ വീടുകളിലേക്കും പദ്ധതിയുടെ ഗുണമെത്തിക്കാൻ ശ്രമം നടത്തിവരികയാണ്.

സ്‌കൂളുകളിൽ വിദ്യാർഥികൾക്കു സഞ്ചി തയാറാക്കുന്നതിനു പരിശീലനം നൽകാനും ഉദ്ദേശിക്കുണ്ട്.ജില്ലയിൽ പ്ലാസ്റ്റിക് നിർമാർജന-സംസ്‌കരണ പദ്ധതിക്കു തുടക്കമിട്ട പഞ്ചായത്താണിത്. ഗ്രീൻ കെയർ കൊരട്ടി കെയർ പദ്ധതി ആവിഷ്‌കരിച്ച് പ്ലാസ്റ്റിക് മാനിന്യം ശേഖരിച്ച് ഖരമാലിന്യ പ്ലാന്റിലെത്തിച്ച് ടാറിങ്ങിന് ഉപയോഗിക്കുന്ന പെല്ലറ്റാക്കി മാറ്റുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ദേശീയപാതയിലടക്കം കവലകളിൽ കുപ്പിക്കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

വിട...പ്ലാസ്റ്റിക് ഇല കൊടിതോരണം, ഫ്ലെക്സ്

ഇന്നു മുതൽ ഏകോപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവയ്ക്കു കർശന നിരോധനം. ലംഘിക്കുന്നവർക്ക് 10000 മുതൽ 50000 രൂപ വരെ പിഴ. സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്യും. 

പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്കും ഫ്ലെക്സ് ബോർഡുകൾക്കും കർശന നിരോധനം. പ്ലാസ്റ്റിക് മേശ വിരിപ്പുകളും പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും ഇനി ഉപയോഗിക്കാനാവില്ല. സദ്യയ്ക്ക് സാധാരണയായി ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് ഇലകളും നിരോധിച്ചു. 

നിരോധനമുള്ളവ

∙പ്ലാസ്റ്റിക് കാരി ബാഗുകൾ (നോൺ വൂവൺ ഉൾപ്പെടെ), ഗാർബേജ് ബാഗുകൾ (ബയോ മെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവ ഒഴികെ)

∙തെർമോക്കോൾ, സ്റ്റൈറോഫോം, പ്ലേറ്റുകളും ടംബ്ലറുകളും

∙ഏകോപയോഗ പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റിറർ

∙കൊടിതോരണങ്ങൾ, പിവിസി ഫ്ലെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ എന്നി തുണികൊണ്ടുള്ള ബാനറുകൾ

∙പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, ഇല, ബാഗ്

∙കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ

∙പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ

∙ചെവി തോണ്ടി, ബലൂണുകൾ, മിഠായികൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കായുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ

∙മിഠായി പെട്ടികൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവയ്ക്ക് മുകളിലുള്ള പ്ലാസ്റ്റിക് ആവരണം

∙500 മില്ലി ലീറ്ററിനു താഴെയുള്ള വെള്ളക്കുപ്പികൾ

∙പ്ലാസ്റ്റിക് മേശ വിരിപ്പുകൾ

നിരോധനമില്ലാത്തവ

∙മുൻകൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ചുവച്ചിരിക്കുന്ന മത്സ്യമാംസാദികൾ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ

∙കയറ്റുമതിക്കുള്ള വസ്തുക്കൾ

∙ആരോഗ്യപാലനത്തിനുള്ള വസ്തുക്കൾ

∙കംപോസ്റ്റബിൾ പ്ലാസ്റ്റിക് ലേബൽ പതിപ്പിച്ചവ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com