ADVERTISEMENT

തൃശൂർ ∙ ദിവസങ്ങളായി തുടരുന്ന തെരുവുനായ് ആക്രമണത്തിൽ പകച്ച് ജനങ്ങൾ. പരിഹാരനടപടികൾ സ്വീകരിക്കാതെ ഭരണകൂടം. വന്ധ്യംകരണം ശക്തമാക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചെങ്കിലും ഇപ്പോൾ ഭീതി പരത്തുന്ന തെരുവുനായ്ക്കളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല.

അതിനിടെ, ചേർപ്പിൽ പേവിഷബാധ സംശയിച്ചു കൂട്ടിലടച്ച നായ്ക്കളിലൊന്നു ചത്തു. ഒപ്പമുണ്ടായിരുന്ന രണ്ടെണ്ണം ചാടിപ്പോയതോടെ കൂടുതൽ നായ്ക്കളിലേക്കു പേവിഷബാധ പടരാനിടയാകുമെന്ന ഗുരുതര സ്ഥിതിയായി. കഴിഞ്ഞദിവസം പെരിഞ്ഞനത്ത് നായയിൽ നിന്നു കടിയേറ്റയാൾ പേവിഷബാധയേറ്റു മരിച്ചതോടെ ജില്ലയിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളിൽ പേവിഷ ബാധയുണ്ടെന്ന് ഉറപ്പായി.

നായ്ക്കൾക്കു വന്ധ്യംകരണം നടത്തുന്നതിൽ വന്ന വീഴ്ചയ്ക്കൊപ്പം മാലിന്യ സംസ്കരണവും താളം തെറ്റിയതോടെയാണ് തെരുവുനായ്ക്കൾ പെരുകിയത്. ജില്ലയിൽ 2 സ്കൂൾ കുട്ടികൾ തെരുവുനായ് ആക്രമണത്തിൽ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.പാലക്കാട് നായ് കടിച്ചതിന് കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ പത്തൊൻപതുകാരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിനു പിന്നാലെ പെരിഞ്ഞനത്തും പേവിഷബാധ മരണം ഉണ്ടായതാണ് ആശങ്കയ്ക്കിടയാക്കുന്നത്. 

ചികിത്സയുടെ എണ്ണം കൂടുന്നു: ഡിഎംഒ

തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസ് അറിയിച്ചു. നായ്ക്കടിയേറ്റാൽ കൃത്യമായി കുത്തിവയ്പ് എടുക്കണം. സാരമായ മുറിവുള്ളവർ നിർബന്ധമായും മെഡിക്കൽ കോളജിലെത്തി സിറം കുത്തിവയ്പ് സ്വീകരിക്കണം.

ചികിത്സ തേടുന്നതിൽ അലംഭാവം കാട്ടരുത്. പൂച്ച, അണ്ണാൻ ഇവയിൽ നിന്നു മുറിവേറ്റാലും കുത്തിവയ്പ് എടുക്കണം.വളർത്തു നായ്ക്കളിൽ നിന്നു മുറിവേറ്റാലും കുത്തിവയ്പ് മുടങ്ങാതെ എടുക്കണം. പേവിഷ വാക്സീൻ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസ് അറിയിച്ചു.

ചേർപ്പിൽ നായ്ക്കൾ ചാടിപ്പോയി

അനിമൽ കെയർ പ്രവർത്തകർ പിടികൂടി മൃഗാശുപത്രിയിൽ നിരീക്ഷണത്തിനായി പൂട്ടിയിട്ട 3 തെരുവുനായ്ക്കളിൽ 2 എണ്ണം കൂട്ടിൽ നിന്നു രക്ഷപ്പെട്ടു. ഒരെണ്ണം ചത്തു. മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിൽ നടത്തി പോസ്റ്റ്മോർട്ടത്തിൽ ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചു. 

ഇതോടെ നാട്ടുകാർ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം ചന്തയിൽ സ്കൂൾ വിദ്യാർഥിയടക്കം 2 പേരെ കടിച്ച തെരുവു നായ്ക്കളെയാണ് പിടികൂടിയത്. പൂട്ടിയിട്ട കൂടിന്റെ അടിഭാഗത്തെ ദ്രവിച്ച പലകയുടെ വിടവിൽ കൂടിയാണ് തെരുവുനായ്ക്കൾ രക്ഷപ്പെട്ടത്. 

ബാക്കി വന്ന ഒരു നായയാണ് ചത്തത്. കൂട്ടിൽ നിന്നു രക്ഷപ്പെട്ട നായ്ക്കളെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വെറ്ററിനറി ആശുപത്രി അധികൃതർ പറഞ്ഞു. മേഖലയിലുടനീളം തെരുവ് നായ്ക്കൾ അലഞ്ഞു തിരിയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com