നന്ദിനിക്ക് ഔഷധ ഉരുള നൽകി; ആനകൾക്ക് സുഖചികിത്സ കാലം

    ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ ദേവസ്വം ആനകൾക്കുള്ള 30 ദിവസത്തെ സുഖ ചികിത്സയ്ക്കു തുടക്കംകുറിച്ച് നന്ദിനി എന്ന ആനയ്ക്ക് എൻ.കെ. അക്ബർ എംഎൽഎ ഒൗഷധ ഉരുള നൽകുന്നു. 					          ചിത്രം: മനോരമ
ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ ദേവസ്വം ആനകൾക്കുള്ള 30 ദിവസത്തെ സുഖ ചികിത്സയ്ക്കു തുടക്കംകുറിച്ച് നന്ദിനി എന്ന ആനയ്ക്ക് എൻ.കെ. അക്ബർ എംഎൽഎ ഒൗഷധ ഉരുള നൽകുന്നു. ചിത്രം: മനോരമ
SHARE

ഗുരുവായൂർ ∙ ആദ്യത്തെ ഔഷധ ഉരുള നന്ദിനിക്ക് നൽകി ആനക്കോട്ടയിൽ ആനകളുടെ സുഖചികിത്സ തുടങ്ങി. പ്രായാധിക്യം മൂലം ക്ഷീണം ഉണ്ടെങ്കിലും കുളിച്ച് കുറി തൊട്ട് നന്ദിനി ആനയൂട്ടിന് നേരത്തെ എത്തി.കണ്ണന്റെ ഉത്സവത്തിന് പള്ളിവേട്ടയ്ക്ക് 9 പ്രദക്ഷിണവും ആറാട്ടിന് 11 പ്രദക്ഷിണവും ശ്രദ്ധയോടെ ഓടുന്നതിൽ വിദഗ്ധയാണ് നന്ദിനി. പതിറ്റാണ്ടുകൾ ഈ ചടങ്ങിൽ മുടങ്ങാതെ പങ്കെടുത്തു. ഈ വർഷം പ്രായാധിക്യം മൂലം മാറി നിന്നു.

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. എൻ.കെ. അക്ബർ എംഎൽഎ പങ്കെടുത്തു. ദേവസ്വത്തിലെ 44 ആനകളിൽ 30 ആനകൾക്കാണ് ഇപ്പോൾ സുഖചികിത്സ നൽകുന്നത്. സിദ്ധാർഥൻ, ഗോകുൽ, ജൂനിയർ മാധവൻ, രാജശേഖരൻ, ബാലകൃഷ്ണൻ തുടങ്ങിയ ആനകൾ ആദ്യ ദിനം നിരന്നു. നന്ദൻ, ഇന്ദ്രസെൻ, ശ്രീധരൻ, ദാമോദർദാസ് തുടങ്ങിയ ഒന്നാം നിര ആനകൾ മദപ്പാടിലാണ്. ഇവർക്ക് മദകാലം കഴിഞ്ഞാണ് സുഖ ചികിത്സ.

ആനകളുടെ ആരോഗ്യത്തിനും ചന്തത്തിനുമായി 30 ദിവസമാണ് സുഖചികിത്സ. ഉണക്കലരിച്ചോറ്, പയറും മുതിരയും വേവിച്ചത്, ച്യവനപ്രാശം, റാഗി, അഷ്ടചൂർണം, ധാതുലവണങ്ങൾ എന്നിവയടങ്ങിയ ഔഷധക്കൂട്ടാണ് നൽകുന്നത്. 14 ലക്ഷം രൂപയാണ് ചെലവ്. ദേവസ്വം ഭരണസമിതിയംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, സി.മനോജ്, മനോജ്.ബി.നായർ, കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ സി.ആർ. ലൈജുമോൾ, ഡോക്ടർമാരായ പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, കെ.വിവേക്, ദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

ബാലകൃഷ്ണന് കൃത്രിമ കൊമ്പ്

ഉയരവും തലയെടുപ്പും ഉണ്ടെങ്കിലും കൊമ്പ് ഇല്ലാത്തതിനാൽ മോഴയായി കഴിയേണ്ടി വരുന്ന ബാലകൃഷ്ണൻ എന്ന ആനയ്ക്ക് ലക്ഷണമൊത്ത കൊമ്പ് വച്ചു. മള്ളിയൂർ ആനപ്രേമി സംഘത്തിന് വേണ്ടി ചോറ്റാനിക്കര സുഭാഷ് മാരാരാണ് കൊമ്പ് സമർപ്പിച്ചത്. ശിൽപി ബിപിൻരാജ് ഫൈബറിൽ കൊമ്പ് നിർമിച്ചു. കൊമ്പ് വച്ച് വമ്പന്റെ പ്രൗഢിയിൽ ബാലകൃഷ്ണൻ സുഖചികിത്സയിൽ പങ്കെടുത്തു. സുമലാൽ ആണ് പാപ്പാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS