ADVERTISEMENT

കൊരട്ടി ∙ കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്ത് 20 ടൺ പ്ലാസ്റ്റിക് ശേഖരിച്ചതായി കണക്ക്. അലക്ഷ്യമായി വലിച്ചെറിയുന്നതും വീടുകളിൽ നിന്നും പഞ്ചായത്ത് വിവിധ കവലകളിൽ സ്ഥാപിച്ച ബോട്ടിൽ ബിന്നുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണിത്.പഞ്ചായത്ത് വിഭാവനം ചെയ്ത ക്ലീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയിലുൾപ്പെടുത്തിയാണ് പ്ലാസ്റ്റിക് മാലിന്യ നീക്കം തുടരുന്നത്. ക്ലീൻ കേരള, എംആർഎം സൊലൂഷ്യൻ എന്നിവയാണ് ഇവിടെ നിന്നുള്ള പ്ലാസ്റ്റിക് ഏറ്റെടുത്തത്. ഹരിതകർമസേന, കുടുംബശ്രീ എന്നിവ വഴിയാണ് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്നത്. 

ദേശീയപാതയോരത്ത് പെരുമ്പിയിൽ സ്ഥാപിച്ച അത്യാധുനിക സംസ്കരണ കേന്ദ്രത്തിലാണ് ഇവ തരംതിരിക്കുന്നത്. ഇവയിൽ ടാറിങ്ങിനായി ആവശ്യമുള്ള പെല്ലറ്റുകൾ ആക്കി ക്ലീൻ കേരളയടക്കമുള്ള സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് നൽകുന്നുണ്ട്. ഇതിനു ശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക്കാണ് പഞ്ചായത്തിൽ നിന്ന് ഇവർ ഏറ്റെടുക്കുന്നത്. ഇതിനു പുറമേ 10 ടൺ ചില്ലു കുപ്പികളും പഞ്ചായത്ത് അയച്ചിട്ടുണ്ട്. വൻനഷ്ടം സഹിച്ചാണ് പഞ്ചായത്ത് മാലിന്യ നീക്കം കാര്യക്ഷമമായി നടപ്പാക്കുന്നത്.  കുപ്പി നീക്കം ചെയ്യുന്നതിനു വരെ കിലോ 50 പൈസ നിരക്കാണ് പഞ്ചായത്ത് നൽകുന്നത്.

മാലിന്യ നീക്കം ചെയ്യുന്ന പദ്ധതിയോട് പഞ്ചായത്തിലെ മുഴുവൻ വീടുകളും സഹകരിച്ചാലേ പദ്ധതി കൂടുതൽ ഫലപ്രദമാകൂ എന്നാണ് പഞ്ചായത്തിന്റെ നിലപാട്. നിലവിൽ 35% കുടുംബങ്ങൾ മാത്രമാണ് പദ്ധതിയോടു സഹകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു പറയുന്നു. പ്ലാസ്റ്റിക് ഏറ്റെടുക്കുന്ന ഹരിതകർമ സേനയ്ക്ക് യൂസർഫീ കൂടാതെ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നുള്ള തുകയും നൽകേണ്ടിവരുന്നുണ്ട്. 

പ്ലാസ്റ്റിക്, ചില്ല് എന്നിവ ഏറ്റെടുക്കുന്നവർക്കു നൽകേണ്ട തുകയ്ക്കു പുറമെയാണിത്. സാരി തരൂ സഞ്ചി തരാം പദ്ധതി കൂടുതൽ വീടുകളിലേക്കെത്തിക്കുന്നതോടെ ഇതിനു മാറ്റമാകുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com