ഒടുവിൽ രാജി പ്രഖ്യാപനം; 24 മണിക്കൂർ അനുവദിച്ച് നേതൃത്വം, 144 മണിക്കൂർ നേടിയെടുത്ത് പൈലപ്പന്‍

ചാലക്കുടി നഗരസഭാധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കുന്ന വി.ഒ. പൈലപ്പന്‍(നടുവിൽ ) പൈലപ്പനു ശേഷം നഗരസഭാധ്യക്ഷരാകേണ്ട എബി ജോര്‍ജും ഷിബു വാലപ്പനും സമീപം.
ചാലക്കുടി നഗരസഭാധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കുന്ന വി.ഒ. പൈലപ്പന്‍(നടുവിൽ ) പൈലപ്പനു ശേഷം നഗരസഭാധ്യക്ഷരാകേണ്ട എബി ജോര്‍ജും ഷിബു വാലപ്പനും സമീപം.
SHARE

ചാലക്കുടി ∙ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ 8നു രാജി സമർപ്പിക്കുമെന്നു പ്രഖ്യാപിച്ചു. അടുത്ത ഊഴത്തിൽ നഗരസഭാധ്യക്ഷരാകേണ്ട കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ രാജി വയ്ക്കുന്ന വിവരം മാധ്യമ പ്രവർത്തകരെ   അറിയിച്ചത്. പാർട്ടിയിലെ മുൻ ധാരണ പ്രകാരം കഴിഞ്ഞ മാസം 28 വരെയായിരുന്നു പൈലപ്പനു നഗരസഭാധ്യക്ഷ പദവി അനുവദിച്ചിരുന്നത്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും അനിശ്ചിതത്വവും വിവാദം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴത്തെ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിലുണ്ടാക്കിയ കരാർ പ്രകാരമാണു നഗരസഭാധ്യക്ഷ സ്ഥാനത്തിനു കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ കാലാവധി പൂർത്തിയാക്കിയ പൈലപ്പൻ രാജി സമർപ്പിക്കാൻ സാവകാശം തേടി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. സാവകാശം അനുവദിക്കാനാകില്ലെന്നു നേതൃത്വം കടുത്ത സ്വരത്തിൽ അറിയിച്ചതോടെയാണു പൈലപ്പൻ ഒടുവിൽ രാജിക്ക് ഒരുങ്ങിയത്. എന്നാൽ ഏതാനും ദിവസങ്ങൾ കൂടി പദവിയിൽ തുടരാൻ പ്രാദേശികമായി ധാരണയുണ്ടാക്കുകയും ചെയ്തു.

8നു രാജി നഗരസഭ സെക്രട്ടറിക്കു കൈമാറിയാൽ ഒരു മാസത്തിനകം പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കും. എബി ജോർജായിരിക്കും അടുത്ത അധ്യക്ഷനെന്നും അവസാന ഒരു വർഷം ഷിബു വാലപ്പൻ അധ്യക്ഷ പദം വഹിക്കുമെന്നും പൈലപ്പൻ മാധ്യമ പ്രവർത്തകരെ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അധികാരത്തെ ചൊല്ലി തർക്കങ്ങളില്ലെന്നും ഈ മാസം അവസാനം നടക്കുന്ന നഗരസഭ ജൂബിലി ആഘോഷം വരെ തുടരാൻ അനുമതി തേടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എഴുതി തയാറാക്കിയ കരാർ ലംഘിക്കാനാകില്ലെന്നു നേതൃത്വം ബോധ്യപ്പെടുത്തിയതോടെ  മടി കൂടാതെ സ്ഥാനമൊഴിയാൻ തയാറാകുകയായിരുന്നു. തന്റെ കാലഘട്ടത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ ശേഷമായിരുന്നു രാജി പ്രഖ്യാപനം. ജൂലൈ അവസാനം നഗരസഭയുടെ സുവർണ ജൂബിലി ആഘോഷ സമാപനവും താൻ ജനപ്രതിനിധിയായതിന്റെ രജത ജൂബിലി ആഘോഷവും നടത്തുമെന്നും അറിയിച്ചു. അദ്ദേഹത്തിനു കൂടുതൽ സമയം അനുവദിക്കാൻ വിമുഖത ഉണ്ടായിരുന്നില്ലെന്നും നേതൃത്വം ഇടപെട്ടുണ്ടാക്കിയ കരാർ വ്യവസ്ഥകൾ പാലിക്കുക മാത്രമാണു ചെയ്തതെന്നു എബി ജോർജ് പറഞ്ഞു.

3 വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പദവി ഉടൻ ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നര വർഷത്തിനു ശേഷം രാജി വയ്ക്കുമെന്ന് അറിയിച്ചിരുന്ന നഗരസഭ ഉപാധ്യക്ഷ സിന്ധു ലോജു, പുതിയ നഗരസഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും രാജി സമർപ്പിക്കുക. 8നു പൈലപ്പൻ രാജി വയ്ക്കുന്നതോടെ അധ്യക്ഷന്റെ പദവി ഉപാധ്യക്ഷയ്ക്കാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടായേക്കാമെന്നു നേതാക്കൾ സൂചിപ്പിച്ചു. ഇക്കാര്യവും പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കുമെന്നു  അവർ പറഞ്ഞു. 

24 മണിക്കൂർ അനുവദിച്ച് നേതൃത്വം; 144 മണിക്കൂർ നേടിയെടുത്ത് പൈലപ്പന്‍

ചാലക്കുടി ∙ നഗരസഭാധ്യക്ഷ സ്ഥാനമൊഴിയാൻ കെപിസിസി, ഡിസിസി നേതൃത്വം വി.ഒ. പൈലപ്പനു കഴിഞ്ഞ 2ന് അനുവദിച്ചത് 24 മണിക്കൂർ സമയം. തിങ്കളാഴ്ച മാധ്യമ പ്രവർത്തകരെ കാണുമെന്ന് അറിയിച്ചതോടെ രാജി പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. എന്നാൽ 8ന് രാജി കത്ത് കൈമാറുമെന്ന്  144 മണിക്കൂറിനു ശേഷം മാത്രം രാജി വയ്ക്കുമെന്നു വ്യക്തമായി. ഏതാനും ദിവസങ്ങൾ കൂടുതൽ ലഭിച്ചാൽ എന്താണു ഗുണമെന്നു വ്യക്തമാക്കാതിരുന്ന പൈലപ്പൻ നേതൃത്വം അനുവദിച്ചതിലേറെ സമയം കസേര വിടാതെ തന്റെ പിണക്കം അറിയിക്കുകയായിരുന്നെന്നു വ്യക്തം.

രാജി കാര്യത്തിൽ ഒരാഴ്ചയായി ചർച്ചകളും തർക്കങ്ങളും അഭ്യൂഹങ്ങളും നടന്നിരുന്നു. ഇന്നലെ നഗരസഭാധ്യക്ഷൻ മാധ്യമപ്രവർത്തകരെ കാണുമെന്നു അറിയിച്ചതോടെ നിജസ്ഥിതി അറിയാനായി കാത്തിരിക്കുകയായിരുന്നു ജനം. അവസാന നിമിഷം അദ്ദേഹം രാജിയില്‍ നിന്നു പിന്‍മാറുമോയെന്നും ചിലർക്ക് ആശങ്കയുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS