മണ്ണെണ്ണയ്ക്ക് ലീറ്ററിന് 102 രൂപ, വിതരണം നിർത്താൻ റേഷൻ കടക്കാർ; പ്രതിസന്ധി

Kerosene
SHARE

തൃശൂർ ∙ റേഷൻ കടകളിൽ ഇനി മണ്ണെണ്ണ സ്റ്റോക്ക് എടുക്കേണ്ടെന്ന കൂട്ടായ തീരുമാനത്തിലേക്കു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ഒരു ലീറ്ററിനു 2.20 രൂപയെന്ന കമ്മിഷൻ നിരക്കു നാമമാത്രമാണെന്നതും മണ്ണെണ്ണ വില 88 രൂപയിൽ നിന്നു 102 ആയതോടെ വാങ്ങാൻ ആളു കുറഞ്ഞെന്നും  ചൂണ്ടിക്കാട്ടിയാണു റേഷൻ വ്യാപാരികളുടെ തീരുമാനം. റേഷൻ വ്യാപാര സംഘടനകൾ ഒത്തുചേർന്നു വിവരം സർക്കാരിനെ അറിയിക്കും.

കഴിഞ്ഞ രണ്ടര വർഷത്തിനിടെയാണു ലീറ്ററിനു 18 രൂപയിൽ നിന്നു 102 രൂപയിലേക്കു മണ്ണെണ്ണയുടെ വില ഉയർന്നത്. 84 രൂപയുടെ വർധന. എല്ലാ കാർഡുടമകൾക്കും 3 മാസം തോറും അര ലീറ്റർ മണ്ണെണ്ണയെന്ന തോതിലാണു വിതരണം.  ഒട്ടുമിക്ക റേഷൻ കടകളിലും കുറഞ്ഞതു 100 ലീറ്ററോളം മണ്ണെണ്ണ നീക്കിയിരിപ്പുണ്ട്. 3 മാസത്തിനിടെ ശരാശരി 300 ലീറ്റർ മണ്ണെണ്ണയുടെ വിൽപനയാണു റേഷൻകടകളിൽ നടക്കുക.

ലീറ്ററിനു 2.20 രൂപ കമ്മിഷൻ പ്രകാരം വ്യാപാരിക്കു ശരാശരി ലഭിക്കുക 660 രൂപ. അരിയും ഗോതമ്പുമടക്കം മറ്റെല്ലാ റേഷൻ സാധനങ്ങളും കടകളുടെ വാതിൽപ്പടിയിൽ സപ്ലൈകോ വിതരണം ചെയ്യുന്നുണ്ടെങ്കിലും മണ്ണെണ്ണയുടെ കാര്യം അങ്ങനെയല്ല. വ്യാപാരികൾ മണ്ണെണ്ണ ഡിപ്പോയിലെത്തി ബാരൽ കണക്കിനു നേരിട്ടു വാങ്ങണം. ഇതിനുള്ള വണ്ടിക്കൂലിയും കയറ്റിറക്കു കൂലിയും പരിഗണിക്കുമ്പോൾ കമ്മിഷൻ നാമമാത്രമാണെന്നാണു വ്യാപാരികൾ പറയുന്നത്. ഇതോടെയാണ് ഇനി സ്റ്റോക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. വീടുകളിൽ വൈദ്യുത കണക്‌ഷൻ ഇല്ലാത്തവർക്ക് 6 ലീറ്റർ മണ്ണെണ്ണ നിലവിൽ വിതരണം ചെയ്യുന്നുണ്ട്. ഇതടക്കം മണ്ണെണ്ണ വിതരണം സമ്പൂർണമായി പ്രതിസന്ധിയിലാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS