ADVERTISEMENT

കൊടുങ്ങല്ലൂർ ∙ താലൂക്കിന്റെ തീരത്തു 4 പതിറ്റാണ്ടുകൾ മുൻപു സ്ഥാപിച്ച കടൽ ഭിത്തി തകർന്നിട്ടു വർഷങ്ങളായി. അഴീക്കോട് മുതൽ ചാമക്കാല വരെയുള്ള കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടൽ തീരത്ത് ടെട്രാപോഡുകൾ ഉപയോഗിച്ചു ഭിത്തി നിർമിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തീരദേശം. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളുടെ തീരത്തു കടൽ ഭിത്തി പലയിടത്തും തകർന്ന നിലയിലാണ്.

കടൽ ഭിത്തിക്കു പകരം കഴിഞ്ഞ 3വർഷങ്ങളിൽ‍ ജിയോ ബാഗിൽ മണൽ നിറച്ചു തടയണ സ്ഥാപിച്ചെങ്കിലും ഒരിടത്തും തടയണ ശാശ്വത പരിഹാരമായില്ല. കടലേറ്റത്തിൽ പലയിടത്തും ജിയോ ബാഗ് തകർന്നു.കാലവർഷം ശക്തമായി എത്തുമെന്ന മുന്നറിയിപ്പ് ഇക്കുറി തീരദേശവാസികളെ ദുരിതത്തിലാക്കുമെന്ന ഭീതിയാണുള്ളത്.പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച കടൽ ഭിത്തിക്ക് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വർഷങ്ങളായി തുടരുന്ന കടൽ ക്ഷോഭത്തിൽ  ഭിത്തി തകർത്തു കടൽ കരയിലേക്കു കയറി. ആദ്യം തീരത്തെ തെങ്ങുകൾ കടപുഴക്കി. പിന്നെ തീരം കവർന്നു. റോഡും വീടുകളും തിരമാലകൾ കവരുന്നു.

2 പതിറ്റാണ്ടുകൾക്ക് മുൻപ് പടിഞ്ഞാറേ വെമ്പല്ലൂർ, ശ്രീ കൃഷ്ണമുഖം കടപ്പുറം, വേക്കോട് കടപ്പുറം എന്നിവിടങ്ങളിലായിരുന്നു കടലേറ്റം. സൂനാമി പദ്ധതി പ്രകാരം ഇൗ പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമിച്ചപ്പോൾ ഏറെ നാളുകൾ കടലേറ്റത്തിനു ശമനമുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം ഇൗ പ്രദേശങ്ങളിൽ വീണ്ടും കടലേറ്റം രൂക്ഷമായി. ഇൗ വർഷവും കടൽ ഭിത്തിയുടെ മുകളിലൂടെ കടൽ കരയിലേക്കു അടിച്ചു കയറുകയാണ്.എറിയാട് മണപ്പാട്ടുചാൽ, ലൈറ്റ് ഹൗസ്, പേബസാർ ആറാട്ടുവഴി, എടവിലങ്ങ് കാര വാകടപ്പുറം എന്നിവിടങ്ങളിൽ ഭാഗികമായി ജിയോ ബാഗ് തടയണയാണ് നിർമിച്ചത്. കരിങ്കല്ല് ലഭിക്കുന്നില്ലെന്നതായിരുന്നു കാരണം. 

അഴീക്കോട് ലൈറ്റ് ഹൗസ് ബീച്ച് റോഡ് തകർന്ന നിലയിൽ.
അഴീക്കോട് ലൈറ്റ് ഹൗസ് ബീച്ച് റോഡ് തകർന്ന നിലയിൽ.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എറിയാട് അറപ്പ കടവിനു തെക്കു ഭാഗത്തു അൻപത്, 70 മീറ്റർ കടൽ ഭിത്തി നിർമിച്ചിരുന്നു. ഇൗ പ്രദേശത്ത് ഇനിയും ഭിത്തി നിർമിക്കാനുണ്ട്. എടവിലങ്ങ് കാര വാ കടപ്പുറം മുതൽ പുതിയറോഡ് വരെ കടൽഭിത്തി നിർമാണത്തിനായി ഇ.ടി. ടൈസൺ എംഎൽഎ ഉൾപ്പടെ ജനപ്രതിനിധികൾ ഏറെ പരിശ്രമിച്ചതാണ്. കരിങ്കല്ല് ലഭ്യമല്ലാത്തതിനാൽ പദ്ധതി യാഥാർഥ്യമായില്ല.അഴീക്കോട് മുനയ്ക്കൽ സൂനാമി കോളനിയുടെ പ‍ടിഞ്ഞാറ് ഭാഗം മുതൽ ലൈറ്റ് ഹൗസ് ബീച്ച് മുഹ്‌യുദ്ദീൻ പള്ളി പരിസരം വരെ കടൽ ഭിത്തി ഭദ്രമായിരുന്നു.

ഇപ്പോൾ ഇതും ‌തകർന്നു. പരുത്തിക്കാവ്, പേബസാർ പടിഞ്ഞാറ് എന്നിവിടങ്ങളിലും കടൽഭിത്തി അടിയന്തര ആവശ്യമാണ്. മുനയ്ക്കലിൽ 130 മീറ്റർ പുലിമുട്ട് ഇൗയിടെ നിർമിച്ചിട്ടുണ്ട്. പുലിമുട്ട് കടലിലേക്ക് നീട്ടിയതോടെ സമീപ പ്രദേശങ്ങളിൽ കടൽ കരയിലേക്കു കയറുകയാണെന്നു കടലോര വാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനു ശാശ്വത പരിഹാരം കാണാൻ പുലിമുട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ചൂണ്ടിക്കാട്ടുന്നു.കയ്പമംഗലം മണ്ഡലത്തിൽ 4 ഇടങ്ങളിൽ കടൽ ഭിത്തി നിർമിക്കുന്നതിന് അനുമതി ലഭിച്ചതായി ഇറിഗേഷൻ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ കല്ലുകൾ ലഭ്യമാകുന്നില്ലെന്നതാണ് പ്രശ്നം. താലൂക്കിൽ തീരസുരക്ഷയ്ക്കു പ്രത്യേകം പദ്ധതി തയാറാക്കണമെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com