ADVERTISEMENT

ചേർപ്പ് ∙ ഇതിൽപ്പരമൊരു മറുപടിയില്ല. താൻ മൂലം സ്കൂളിനു നഷ്ടപ്പെട്ട 100 ശതമാനം വിജയം തിരികെ നൽകി ഇന്നലെ അജുൽ ചേർപ്പ് സിഎൻഎൻ ബോയ്സ് സ്കൂളിന്റെ പടികയറി. അധ്യാപകർ കേക്ക് മുറിച്ച് അവനെ സ്വീകരിച്ചു. അവനെ സ്കൂൾ ചേർത്തുപിടിച്ചു, അവൻ അധ്യാപകരെയും കൂട്ടുകാരെയും. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, തളർന്നു പോയേനെ അജുൽ.

പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ 293 വിദ്യാർഥികളിൽ പടിഞ്ഞാറേപ്പുരയ്ക്കൽ രാജുവിന്റെയും അമ്പിളിയുടെയും മകൻ അജുൽ രാജു മാത്രമാണു തോറ്റത്. സ്കൂളിന് 100% നഷ്ടമായെങ്കിലും അധികൃതർ അവനെ കുറ്റപ്പെടുത്തിയില്ല, പകരം ചേർത്തുപിടിച്ചു. ആ ദിവസങ്ങളിൽ സ്കൂളിൽനിന്ന് അധ്യാപകരും കൂട്ടുകാരും ഏറ്റവും കൂടുതൽ വിളിച്ചത് അവനെയാണ്. ഇംഗ്ലിഷാണ് അജുലിനെ ചതിച്ചത്. എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും അവൻ കഠിനമായ സംഘർഷത്തിലൂടെയാണു കടന്നു പോയത്. അധികമാരോടും മിണ്ടാതെയായി. വീട്ടിൽത്തന്നെ ഇരിപ്പായി. അമ്മ അമ്പിളി മകന്റെ അടുത്തുനിന്നു മാറാതെ നിന്നു.

അവനു കൂട്ടാകാൻ അമ്മയുടെ സഹോദരിയുടെ മകൻ അതുലിനെ വീട്ടിൽ കൊണ്ടു വന്ന് താമസിപ്പിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ എ.ആർ. പ്രവീൺകുമാർ അടക്കം സ്കൂളിലെ അധ്യാപകർ അജുലിനെ കാണാനെത്തുകയും ചെയ്തു. മോഡൽ പരീക്ഷയ്ക്ക് അജുലിന് ഇംഗ്ലിഷിനു 37 മാർക്ക് ഉണ്ടായിരുന്നു. തോൽക്കില്ല എന്ന് അജുലും ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാൻ സ്കൂൾ തീരുമാനിച്ചു. ഒപ്പം സേ പരീക്ഷയ്ക്കു തയാറെടുപ്പിച്ചു.

ഇതിനിടെയാണ് പുനർമൂല്യനിർണയത്തിന്റെ ഫലം വന്നത്. അജുലും സ്കൂളും വിജയിച്ചു. അതുൽ പത്താം ക്ലാസും സ്കൂൾ 100 ശതമാനവും പാസായി. അജുലും അമ്മയും അടക്കി നിർത്തിയ സങ്കടം കരച്ചിലായി അണപൊട്ടിയൊഴുകി. അമ്പിളി മകനെയും കൊണ്ട് ഓടിയെത്തിയത് സ്കൂളിലേക്കാണ്. അധ്യാപകർ കേക്ക് മുറിച്ച് നൽകിയും കെട്ടിപ്പിടിച്ചും സന്തോഷിച്ചപ്പോൾ അജുലിന്റെ വിജയത്തിന് കണ്ണീർ തിളക്കമുള്ള നൂറുമേനിത്തിളക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com