ADVERTISEMENT

ഗുരുവായൂർ ∙ തമ്പുരാൻപടി ‘അശ്വതി’യിൽ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് മേയ് 12ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ അവസാനത്തെ പ്രതി തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി അരുൺരാജിനെ (നാഗരാജ്–30) തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ചണ്ഡിഗഡിൽ നിന്നു മേയ് 30ന് അറസ്റ്റിലായ ധർമരാജിന്റെ (രാജു) ജ്യേഷ്ഠനാണു നാഗരാജ്.

മോഷ്ടിച്ച സ്വർണത്തിൽ ഏറിയ പങ്കും പണവും പൊലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ നാഗരാജിന്റെ ബാഗിൽ നിന്ന് 7.50 ലക്ഷം രൂപ ലഭിച്ചു. സ്വർണം വിൽക്കുന്നതിനു നേതൃത്വം നൽകിയ നാഗരാജ് വിഹിതമായി ലഭിച്ച 28 ലക്ഷം രൂപയും ഒരു കഷണം സ്വർണവുമായി നാടു വിട്ടു. ധർമരാജ് അറസ്റ്റിലായി എന്ന് അറിഞ്ഞതോടെ ഒളിവിൽപോയി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ്.

പല കോടതികളിലും അറസ്റ്റ് വാറണ്ട് ഉണ്ട്.സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, ഗുരുവായൂർ എസിപി കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുവായൂർ സിഐ പി.കെ. മനോജ്കുമാർ, ഷാഡോ പൊലീസ് എസ്ഐമാരായ പി. രാഗേഷ്, കെ.എൻ. സുകുമാരൻ, എഎസ്ഐ എ.ആർ. സജീവൻ, സീനിയർ സിപിഒ ടി.വി. ജീവൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി സ്വർണവും പണവും കണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു.

ഒളിവു കാലത്ത് ആർഭാട ജീവിതം

നാഗരാജ് ഒളിവു കാലത്ത് നയിച്ചത് ആർഭാട ജീവിതം. തമിഴിലെ പ്രശസ്ത സിനിമ നടന്മാർ താമസിച്ച ഹോട്ടൽ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തി അതേ മുറിയിൽ താമസിക്കുന്നതാണ് ഹോബി. ഇതിനു ലക്ഷങ്ങൾ ചെലവഴിച്ചു. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഉള്ള മസാജിങ് പാർലറുകളിലെ പതിവ് സന്ദർശകനായി. പതിനായിരങ്ങളാണ് ഇവിടെ ടിപ് നൽകിയിരുന്നത്. തമിഴ്നാട്ടിലെ ഇയാളുടെ വീടിനടുത്ത് ശ്മശാനം കേന്ദ്രീകരിച്ച് ഗുണ്ടാ സംഘത്തെ മദ്യവും ലഹരിയും നൽകി പരിപാലിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും സഞ്ചരിക്കുന്നതിനു ലക്ഷങ്ങൾ വിലയുള്ള 3 ആഡംബര ബൈക്കുകളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com