ADVERTISEMENT

ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ വെട്ടിവീഴ്ത്തപ്പെടാൻ നിയോഗിക്കപ്പെട്ട ചെമ്പകമരം അത്ഭുതകരമായി രക്ഷപ്പെട്ട കഥ..

തൃശൂർ ∙ കോടാലി വീഴുന്നതിനു മണിക്കൂറുകൾ മുൻപാണു വിഷ്ണുവും ഗായത്രി മിത്രയും ചെമ്പകത്തോടു ചോദിച്ചത്, കൂടെപ്പോരുന്നോ എന്ന്. പോരുന്നൂ എന്നമട്ടിൽ ചെമ്പകം ഇലകളാട്ടിയതോടെ മരം വേരോടെ പിഴുതെടുത്തു 12 കിലോമീറ്റർ ദൂരേക്ക് ഇവർ ലോറിയിൽ കൊണ്ടുപോയി. ഇവരുടെ ഓഫിസിന്റെ മുറ്റത്തു വേരുപിടിക്കാൻ തുടങ്ങുകയാണ് ആ ചെമ്പകം. തളിക്കുളത്ത് ദേശീയപാത വികസനത്തിനു വേണ്ടി വഴിയോരത്തെ നൂറുകണക്കിനു മരങ്ങളാണു മുറിച്ചു നീക്കുന്നത്.

അതുവഴി സഞ്ചരിക്കുന്നതിനിടെയാണു വിഷ്ണു കെ.മുരളിയും ഭാര്യ ഗായത്രി മിത്രയും റോഡരികിൽ പൂത്തു നിൽക്കുന്ന മരം കണ്ടത്.ചെമ്പകം, കുങ്കുമം, ടെംപിൾ ട്രീ, നാട്ടുപാല എന്നുമെല്ലാം വിളിക്കപ്പെടുന്ന മരമായിരുന്നു അത്. ശാസ്ത്രീയ നാമം പ്ലുമേറിയ. വിഷ്ണുവും ഗായത്രിയും മരങ്ങളുടെയും ചെടികളുടെയും കൂടെയാണു ജീവിക്കുന്നത്. ലാൻഡ്സ്കേപിങ് ആണു ജോലി. ചാഴൂർ വേലുമ്മാൻ പടിയിൽ ജുമാ മസ്ജിദിന് എതിർവശത്തുള്ള സ്ഥിതി ഗ്രീ‍ൻ സ്കേപ് എന്ന സ്ഥാപനം നടത്തുകയാണിവർ. വീടിനകത്തും മുറ്റത്തുമെല്ലാം പൂന്തോട്ടവും മരങ്ങളും നട്ടു പിടിപ്പിക്കുന്നതാണു ജോലിയും സന്തോഷവും.

ഇക്കണ്ടവാരിയർ റോഡിൽ ലാൻഡ് സ്കേപിങ് കൊണ്ടു ശ്രദ്ധേയമായ തോംസൺ കാസ ഹോട്ടലിലെ മരങ്ങളും ചെടികളുമെല്ലാം നട്ടതും ആസൂത്രണം ചെയ്തതും ഇവരാണ്. ഇവിടെ വള്ളികൾ കൊണ്ടു വലിയ മതിലും നിർമിച്ചിട്ടുണ്ട്. തളിക്കുളത്ത് ചെമ്പകം മുറിക്കാൻ പണിക്കാർ ഒരുങ്ങുമ്പോഴാണ് ഇരുവരും ചാടിവീണത്. കരാറുകാരനുമായി സംസാരിച്ച് അവർ മരം ഏറ്റെടുത്തു. മുറിച്ചു കൊണ്ടുപോയാൽ വിറകിനു പോലും ഉപകാരപ്പെടാത്ത മരമായതിനാൽ ആരും എതിർത്തില്ല.

വീട്ടുമുറ്റത്തു വർഷങ്ങളോളം മുടങ്ങാതെ പൂ തരുമെന്നതായിരുന്നു വിഷ്ണുവും ഗായത്രിയും കണ്ടത്. ദേശീയപാതയ്ക്കായി മുറിച്ചു കൊണ്ടുപോകുന്ന എത്രയോ മരങ്ങൾ ഇതുപോലെ മാറ്റിനടാവുന്നതാണെന്നു വിഷ്ണു പറയുന്നു. ചെമ്പകം പിഴുതെടുത്തു ലോറിയിൽ കയറ്റി 12 കിലോമീറ്റർ ദൂരേക്കു കൊണ്ടുപോകുക എന്നതു ശ്രമകരമായ ദൗത്യമായിരുന്നു. ഒരു ദിവസം മുഴുവൻ പണിയെടുക്കേണ്ടി വന്നെങ്കിലും ഓഫിസ് മുറ്റത്തെത്തിച്ചു നട‍ാനായി. ഒരു പൂമരത്തെ രക്ഷിച്ച സന്തോഷത്തിലാണ് ഓഫിസിലെ ജീവനക്കാരും സഹായികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com