ADVERTISEMENT

തൃശൂർ ∙ അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിൽ നിന്നു നൂറോളം പാണ്ടൻ വേഴാമ്പലുകളുടെ (Malabar Pied Hornbill) കൂട്ടം അപ്രത്യക്ഷരായി. സമീപത്തെ പ്ലാന്റേഷൻ മേഖലയിൽ നിന്നു വനംവകുപ്പ് മരങ്ങൾ മുറിച്ചുനീക്കിയതോടെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണു പാണ്ടൻ വേഴാമ്പലുകളെ കൂടൊഴിയാൻ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇതേക്കുറിച്ചു ശാസ്ത്രീയ പരിശോധനയാവശ്യപ്പെട്ടു പരിസ്ഥിതി പ്രവർത്തകർ വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രീയ പഠനത്തിനു ശേഷമേ നിഗമനത്തിലെത്താൻ കഴിയൂവെന്നും വനഗവേഷണ കേന്ദ്രം (കെഎഫ്ആർഐ) അധികൃതർ അറിയിച്ചു. വാഴച്ചാൽ വനം ഡിവിഷനിലെ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, കൊല്ലത്തിരുമേട് റേഞ്ചുകൾക്കു കീഴ‍ിലെ പ്ലാന്റേഷൻ മേഖലകളിലായി തേക്കുമരങ്ങൾ 2 വർഷമായി വനംവകുപ്പ് മുറിച്ചുനീക്കുന്നുണ്ട്. ഇതിൽ അതിരപ്പിള്ളിയിൽ 26 ഹെക്ടറിലായി വളർച്ചയെത്തിയ മരങ്ങൾ പൂർണമായി മുറിച്ചുനീക്കിയിരുന്നു.

തേക്കിനു പുറമെ ആഞ്ഞിലി, ചടച്ചി, ഇരുൾ, കുന്നിവാക, മണിമരുത്, മഞ്ഞക്കടമ്പ്, മരുത്, മയിലെള്ള്, മുള്ളുവേങ്ങ, പൂവ്വം, പുളിവാക, തമ്പകം, അമ്പഴം, ചീനി, ഇലവ്, ഏഴിലംപാല, കാഞ്ഞിരം, താന്നി തുടങ്ങി 538 വന്മരങ്ങളും മുറിച്ചുനീക്കി. സ്വാഭാവിക വനാന്തരീക്ഷം നിലനിന്നിരുന്ന ഈ ഭാഗത്താണു നൂറോളം പാണ്ടൻ വേഴാമ്പലുകളുടെ കൂട്ടത്തെ പ്രദേശവാസികൾ സ്ഥിരമായി കണ്ടിരുന്നത്.

മണ്ണുമാന്തിയന്ത്രങ്ങളും ലോറികളും യന്ത്രവാളുകളും സഹിതം തൊഴിലാളികളുടെ വൻസംഘം സ്ഥിരമായി തമ്പടിച്ചാണ് മരംമുറിച്ചത്. ഇതോടെ പാണ്ടൻ വേഴാമ്പലുകള‍ുടെ കൂട്ടം മറ്റെവിടേക്കോ കൂടൊഴിഞ്ഞുപോയെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ അനുമാനം. എവിടേക്കാണെന്ന കാര്യം വ്യക്തമല്ല. ഇവ കൂടുവച്ചിരുന്ന മരങ്ങളും മുറിച്ചു നീക്കപ്പെട്ട കൂട്ടത്തിലുണ്ടെന്നു സംശയിക്കുന്നു.

അപൂർവം, പാണ്ടൻ വേഴാമ്പൽ

നാലിനം വേഴാമ്പലുകളാണു കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. മലമുഴക്കി വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ എന്നിവയാണിവ. മലമുഴക്കിയാണു കൂട്ടത്തിൽ വലുപ്പമേറിയവ. അപൂർവതയും മനോഹാരിതയും വലുപ്പവും പാണ്ടൻ വേഴാമ്പലിനെ മറ്റു പക്ഷികളിൽ നിന്നു വേറിട്ടു നിർത്തുന്നു, കറുപ്പും വെളുപ്പും കലർന്ന നിറമാണു ശരീരത്തിന്.

വെളുത്ത വയർ, തൊണ്ടയിലെ പാട് എന്നീ സവിശേഷതകളുമുണ്ട്. കൊക്കിനു മുകളിലെ കിരീടം പോലുള്ള ഭാഗമാണു പ്രധാന പ്രത്യേകത. പശ്ചിമഘട്ടത്തിനു പുറമെ കിഴക്കേ ഇന്ത്യയിലെ ചില കാടുകളും ശ്രീലങ്കയിലും ഇവയെ കാണാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com