ADVERTISEMENT

ഇരിങ്ങാലക്കുട ∙ 40 വർഷം മുംബൈയിൽ ജോലിചെയ്തു ദേവസി സമ്പാദിച്ചു ബാങ്കിലിട്ട 30 ലക്ഷം രൂപയിൽ ചില്ലിക്കാശുപോലും ഭാര്യ ഫിലോമിനയുടെ ജീവൻ രക്ഷിക്കാനായി കരുവന്നൂർ സഹകരണ ബാങ്ക് തിരികെ നൽകിയില്ല. പക്ഷേ, ഇന്നലെ മരണശേഷം 2 ലക്ഷം രൂപ ബാങ്ക് വീട്ടിലെത്തിച്ചു കൊടുത്തു. കാറളം തെയ്ക്കാനത്ത് വീട്ടിൽ ഫിലോമിന (70)  മരിച്ചതു വിദഗ്ധ ചികിത്സയ്ക്കു പണം തികയാതെയാണ്. ദിനംപ്രതി 40,000 രൂപയുടെ മരുന്ന് ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. കുറച്ചു പണമെങ്കിലും  തിരികെ കിട്ടാനായി ദേവസി പലതവണ ബാങ്കിൽ കയറിയിറങ്ങി. 

ഫിലോമിനയുടെ മൃതദേഹം ബാങ്കിനു മുന്നിൽ കൊണ്ടുവച്ചപ്പോൾ നെഞ്ചുപൊട്ടി ദേവസി പറഞ്ഞു: ‘‘40 വർഷം മുംബൈയിൽ ജോലി ചെയ്ത് കഷ്ടപ്പെട്ട് സമ്പാദിച്ച 30 ലക്ഷമാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോൾ പട്ടിയെപ്പോലെ അവർ ആട്ടിയോടിച്ചു. ഒരു പൈസ പോലും അനുവദിച്ചില്ല. അവൾ മരിച്ചതു നല്ല ചികിത്സ കിട്ടാതെയാണ്.’’ 30 ലക്ഷം ബാങ്കിൽ കിടക്കുമ്പോൾ  ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുകയാണ് എൺപതുകാരനായ ദേവസി.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി 300 കോടിയോളം തിരിമറി നടത്തിയതിനെ തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായെന്നാണ് ആരോപണം. മുംബൈയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ദേവസിയും സർക്കാർ സർവീസിൽനിന്നു നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച ഫിലോമിനയും പണം നിക്ഷേപിച്ചിരുന്നത് ഇവിടെയാണ്. നിക്ഷേപം തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട മൂന്നാമത്തെ മരണമാണിത്.

ഫിലോമിനയുടെ മൃതദേഹവുമായി ദേവസിയും മകൻ ഡിനോയും മറ്റും ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണു 2 ലക്ഷം കൊടുത്തത്. റോ‍ഡ് ഉപരോധിച്ചതിനും മൃതദേഹത്തോട് അനാദരം കാണിച്ചെന്ന പേരിലും ദേവസിക്കും കോൺഗ്രസ്, ബിജെപി നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. സംസ്കാരം ഇന്ന് 11ന് മാപ്രാണം ഹോളിക്രോസ് പള്ളിയിൽ. മകൻ: ഡിനോ. മരുമകൾ: സോണിയ.

റിപ്പോർട്ട് നൽകി; പ്രതികരിക്കാനാകില്ല: ഇൻ ചാർജ്

സംഭവത്തിന്റെ റിപ്പോർട്ട് സഹകരണ വകുപ്പിനു നൽകിയെന്നും മറ്റൊന്നും പറയാൻ കഴിയില്ലെന്നും ബാങ്ക് ഇൻ ചാർജ് പ്രതികരിച്ചു. തട്ടിപ്പു പുറത്തു വന്ന ശേഷം ബാങ്കിൽനിന്നു പലതവണയായി ദേവസിക്കു പണം കൊടുത്തിട്ടുണ്ടെന്നും മറ്റ് ഇടപാടുകാർക്കും പണം നൽകേണ്ടി വന്നതിനാൽ കഴിഞ്ഞ മാസം പണം കൊടുക്കാനായില്ലെന്നും ബാങ്കുമായി ബന്ധപ്പെട്ട ഒരാൾ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com