ADVERTISEMENT

തൃശൂർ∙ പ്രതിഫലക്കാര്യത്തിൽ സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനം ശരികേടെന്നു നടി അപർണ ബാലമുരളി. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിലാണു ദേശീയ പുരസ്കാര ജേതാവ് അപർണ ബാലമുരളിയുടെ പ്രതികരണം. മറ്റു തൊഴിൽമേഖലകളിലുള്ളതു പോലെ ലിംഗവിവേചനം സിനിമയിലുമുണ്ട്. അനുഭവ സമ്പത്തും തൊഴിൽമികവുമൊക്കെ ഒരുപോലെയുള്ള ആർട്ടിസ്റ്റുകൾക്കു പോലും പ്രതിഫലം പല തരത്തിലാണെന്നത് അനീതിയാണ്. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്.

താരമൂല്യം എന്നതിനപ്പുറം ആർട്ടിസ്റ്റുകളുടെ അനുഭവസമ്പത്തിനും മികവിനുമാകണം പ്രതിഫലം നൽകേണ്ടതെന്നും അപർണ പറഞ്ഞു. ‘എന്റെ സമാന ശ്രേണിയിലുള്ള മറ്റൊരു ആർട്ടിസ്റ്റിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു കേട്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. സിനിമാ മേഖലയിൽ പലതരം വിവേചനം നിലനിൽക്കുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത്തരം അനുഭവങ്ങളൊന്നും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നവരുണ്ട് എന്നറിയുമ്പോൾ വിഷമമുണ്ട്.

ദേശീയ പുരസ്കാരം ലഭിച്ചതോടെ ഗൗരവമേറിയ റോളുകളിലേക്കു മാത്രം മാറുമോ എന്നു ചോദിക്കുന്നവരുണ്ട്. ചെയ്ത ജോലിക്ക് ലഭിച്ച അംഗീകാരം എന്ന തരത്തിൽ മാത്രമാണു പുരസ്കാരത്തെ കാണുന്നത്. പുരസ്കാരം ലഭിച്ചെന്നു കരുതി ഞാൻ എന്നയാൾ മാറുന്നില്ലല്ലോ. സൂരറൈ പോട്രിലൂടെ ലഭിച്ച പുരസ്കാരത്തിന് ഏറ്റവും നന്ദിയുള്ളതു സംവിധായക സുധ കൊങ്കര പ്രസാദിനോടാണ്. സുധ മേഡം എന്നിലർപ്പിച്ച വിശ്വാസമാണ് ഈ പുരസ്കാര നേട്ടത്തിലേക്കു നയിച്ചത്.

പുരസ്കാരനേട്ടമറിഞ്ഞു മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ വരൊക്കെ വിളിച്ചു. ഓരോ വിളിയും അതിശയത്തോടെയാണു ഞാൻ സ്വീകരിച്ചത്. സുധ മേഡത്തിന്റെ വിളിയാണു കൂട്ടത്തിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിച്ചത്. നഞ്ചിയമ്മയ്ക്കുള്ള ദേശീയ പുരസ്കാ രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ശരിയാണെന്നു തോന്നുന്നില്ല. മൗലികതയാണ് നഞ്ചിയമ്മയുടെ പാട്ടിന്റെ പ്രത്യേകത’ യെന്നും അപർണ ബാലമുരളി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com