ADVERTISEMENT

കരുവന്നൂരിൽ 12 ലക്ഷം നിക്ഷേപം, ജോസഫിന് ചികിത്സയ്ക്ക് പണമില്ല

മാപ്രാണം ∙ കരുവന്നൂർ സഹകരണ ബാങ്കിൽ ജോസഫിന്റെ അക്കൗണ്ടിൽ 12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 35 വർഷം ഗൾഫിൽ ചോരനീരാക്കി ജോലി ചെയ്തുണ്ടാക്കിയ പണമാണത്. പക്ഷേ, ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുകയാണ് വൃക്കരോഗിയായ ജോസഫും ഭിന്നശേഷിക്കാരായ മക്കളും. മാപ്രാണം തെങ്ങോലപ്പറമ്പിൽ ജോസഫിനും (67) കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. അക്കൗണ്ടിലെ 12 ലക്ഷം രൂപ പിൻവലിക്കാൻ ജോസഫ് നാളുകളോളം ബാങ്കിന്റെ പടികയറിയിറങ്ങിയെങ്കിലും ഒരു വർഷത്തിനിടെ ആകെ ലഭിച്ചത് 20,000 രൂപ മാത്രം.

ജോസഫിന്റെയും മക്കളുടെയും ചികിത്സയ്ക്ക് ഓരോ മാസവും ആവശ്യമുള്ളത് 23,000 രൂപയാണ്. ജോസഫിന്റെ 3 മക്കളിൽ 2 പേർ ഭിന്നശേഷിക്കാരാണ്. 17 വയസ്സു വരെ ഇരുവരും കിടപ്പുരോഗികളായിരുന്നു. തന്റെ ആയുഷ്കാല സമ്പാദ്യം ചെലവഴിച്ചാണു ജോസഫ് മക്കളെ ചികിത്സിച്ചത്. ഇവരുടെ തുടർചികിത്സയ്ക്കും കുടുംബ ചെലവുകൾക്കും വേണ്ടിയുള്ള തുകയാണു കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്കിലെ തട്ടിപ്പു പുറത്തുവന്ന ശേഷം ഈ കുടുംബത്തിന്റെ കാര്യം കഷ്ടത്തിലായി.

മക്കളുടെ ചികിത്സ സ്വകാര്യ ആശുപത്രികളിൽ നിന്നു സർക്കാർ ആശുപത്രികളിലേക്കു മാറ്റേണ്ടിവന്നു. സുഖമില്ലാത്ത കുട്ടികളെയും കൂട്ടി മണിക്കൂറുകളോളം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ വരിനിൽക്കേണ്ട ഗതിയിലാണ് അമ്മ റാണി.അടുത്ത മാസം 10,000 രൂപ കൂടി നൽകാമെന്ന് അധികൃതർ പറയുന്നുണ്ട്. വിദേശപഠനത്തിനു പോയ മൂന്നാമത്തെ മകൻ പാർട് ടൈം ജോലി ചെയ്തു സമ്പാദിക്കുന്ന ചെറിയ തുകയാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്.

‘ദേവസി അന്നേ പറഞ്ഞു, എന്റെ ഓട്ടം ചികിത്സയ്ക്ക് പണം കണ്ടെത്താനാണ്..’

തൃശൂർ ∙ ‘24 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കിലും ദേവസ്സിക്ക് 78–ാം വയസ്സിലും വിശ്രമം അകലെ’ എന്നായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. കഴിഞ്ഞ ഡിസംബർ 27നു മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ദേവസ്സി പറഞ്ഞു; ‘ഈ പ്രായത്തിലും ഞാൻ പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്നതു ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനും വീട്ടുചെലവുകൾ നടത്താനും വേണ്ടിയാണ്.’

പക്ഷേ, പറ്റാവുന്നത്ര ഓടിയിട്ടും ഭാര്യ ഫിലോമിനയ്ക്കു വേണ്ട വിദഗ്ധ ചികിത്സയ്ക്കാവശ്യമായ പണമുണ്ടാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഫിലോമിന മരണത്തിനു കീഴടങ്ങിയപ്പോൾ ദേവസ്സിയുടെ ഓട്ടം വെറുതെയായി. ബാങ്കിലെ അക്കൗണ്ടിൽ 30 ലക്ഷം രൂപയോളം നിക്ഷേപമായി ഉള്ളപ്പോഴാണു ഫിലോമിനയുടെ ദുർവിധി.

ഫിലോമിന ആശുപത്രിയിലായ ശേഷം ഒരു രൂപ പോലും ലഭിച്ചില്ലെന്ന് മകൻ

ഇരിങ്ങാലക്കുട ∙ ഫിലോമിന ആശുപത്രിയിലായ ശേഷം ഒരു രൂപ പോലും കരുവന്നൂർ ബാങ്കിൽ നിന്നു ലഭിച്ചിട്ടില്ലെന്നു മകൻ ഡിനോ ദേവസി. മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമുള്ള പണം ബാങ്കിൽ നിന്നു നൽകിയിരുന്നുവെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മകൻ. ഡിനോയുടെ വാക്കുകൾ ഇങ്ങനെ: ‘എന്റെ കാലിന്റെ ശസ്ത്രക്ര‍ിയയ്ക്കായി കഴിഞ്ഞ മാസം 3 ലക്ഷം രൂപ ആവശ്യമായി വന്നു. എന്നാൽ, ദിവസങ്ങളോളം നടന്നിട്ടും ഒരു ലക്ഷം രൂപയാണു ബാങ്കിൽ നിന്നു പിൻവലിക്കാനായത്.

പിന്നീട് 50,000 രൂപ കൂടി തന്നു. എന്നാൽ, അമ്മയ‍െ ആശുപത്ര‍ിയിൽ പ്രവേശിപ്പിച്ച ശേഷം ഒരു രൂപ പോലും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് മെഡിക്കൽ കോളജ് ആശുപത്ര‍ിയിൽ ലഭിച്ചെന്ന‌ു മന്ത്രി പറഞ്ഞ വിദഗ്ധ ചികിത്സ പലപ്പോഴും ഏറെ വൈകിയാണു ലഭിച്ചിരുന്നത്. രോഗികളുടെ തിരക്കുമൂലം അമ്മയുടെ രോഗം കൃത്യമായി യഥാസമയം നിർണയിക്കാൻ പോലും കഴിഞ്ഞില്ല. ഗുരുതരാവസ്ഥ എന്നു ഡോക്ടർ പ്രത്യേകം എഴുതിയിട്ടും 27നു റജിസ്റ്റർ ചെയ്ത സിടി സ്കാനിന് തീയതി ലഭിച്ചത് 5 ദിവസം കഴിഞ്ഞാണ്.

പരിശോധനാഫലം ലഭിച്ചതു പിന്നെയും 3 ദിവസം കഴിഞ്ഞാണ്. എംആർഐ ചെയ്യാനും വൈകി. ഇത്തരത്തിൽ ചികിത്സ സ്ഥിരമായി വൈകിയപ്പോഴാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാനൊരുങ്ങിയത്. ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കാൻ അപ്പൻ ഓടിയതും ഇതിനു വേണ്ടിയാണ്. ഞങ്ങളുടെ കഷ്ടപ്പാട് പറ‍യാൻ സഹകരണ അസി. റജിസ്ട്രാറുടെ ഓഫിസ് വരെ അപ്പൻ ഓടി.

പാർട്ടി നേതാക്കളുടെ പിന്നാലെയും ഓടി. 4.60 ലക്ഷം രൂപ അമ്മയുടെ ചികിത്സയ്ക്കു തന്നെന്നാണ് അധികൃതർ ഇപ്പോഴും പറയുന്നത്. അമ്മയുടെ മൃതദേഹം ബാങ്കിനു മുന്നിൽവച്ചതു ഞങ്ങളുടെ പ്രതിഷേധം അറിയിക്കാൻ വേണ്ടി മാത്രമാണ്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. ആരെയും വിളിച്ചു വരുത്തിയിട്ടുമില്ല’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com