ADVERTISEMENT

തൃശൂർ ∙ വ്യാജരേഖ ചമച്ചു വായ്പ തട്ടുന്നതു മുതൽ കള്ളലേലം വരെയുള്ള ഭീമൻ തട്ടിപ്പുകൾ സഹകരണ മേഖലയെ ഉലയ്ക്കുന്നതു കണക്കിലെടുത്തു കർശന നടപടികൾക്കു സർക്കാർ നിർദേശം. ക്രിമിനൽ സ്വഭാവമുള്ള എല്ലാ തട്ടിപ്പുകളും പൊലീസിനു റിപ്പോർട്ട് ചെയ്യണമെന്നും വകുപ്പുതല അന്വേഷണമെന്ന പേരിൽ പൂഴ്ത്തിവയ്ക്കാൻ പാടില്ലെന്നും സഹകരണ വകുപ്പിനു സർക്കാർ നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണനിയമപ്രകാരമുള്ള അന്വേഷണം മാത്രം നടത്തി ശുപാർശകൾ മുക്കുന്ന ഏർപ്പാട് ഇനി എളുപ്പമാകില്ലെന്നാണു സൂചന. 

കരുവന്നൂരിലേതടക്കം അടുത്തിടെ പുറത്തുവന്ന സഹകരണ ബാങ്ക് ക്രമക്കേടുകളിലേറെയും ക്രിമിനൽ സ്വഭാവത്തിലുള്ളവയാണെന്നു വ്യക്തമായിരുന്നു. വ്യാജ നിക്ഷേപരേഖ ചമച്ചു വായ്പകൾ പാസാക്കൽ, നിയമനത്തട്ടിപ്പ്, വ്യാജ ഈടു രേഖകൾ ചമച്ചു വായ്പ നൽകൽ, സഹകരണ വ്യാപാര കേന്ദ്രങ്ങളിലെ സ്റ്റോക്ക് റജിസ്റ്റർ തിരുത്തി പണം തട്ടൽ, നിയമം ലംഘിച്ചു ലേലം നടത്തൽ, സോഫ്റ്റ്‍വെയറിൽ തട്ടിപ്പു കാണിച്ചു പണം മോഷ്ടിക്കൽ, ഉപഭോക്താവിൽ നിന്നു പണം വാങ്ങി വായ്പ ഇളവുചെയ്തു നൽകൽ തുടങ്ങിയ തട്ടിപ്പുകൾ നടക്കുന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഇവയെല്ലാം ക്രിമിനൽ സ്വഭാവമുള്ളവയാണ്. ഇത്തരം കേസുകളിൽ സഹകരണ നിയമത്തിലെ 65,66 വകുപ്പുകൾ പ്രകാരമ‍ുള്ള അന്വേഷണമാണു പതിവ്. എന്നാൽ, പൊലീസിനു റിപ്പോർട്ട് നൽകാത്തതുമൂലം ഇവ ക്രിമിനൽ കേസുകളായി മാറാറില്ല. സഹകരണ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിലെ ശുപാർശകൾ പൂഴ്ത്തിച്ചു തട്ടിപ്പുകാർ രക്ഷപ്പെടുകയും ചെയ്യും. 

ഇനിയിതു ചെയ്യരുതെന്നാണു കർശന നിർദേശം. 68എ വകുപ്പുപ്രകാരം സഹകരണ വിജിലൻസ് അന്വേഷിക്കണമെന്നും പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്. പൊലീസ് കേസെടുക്കുയും ക്രിമിനൽ നടപടിക്രമങ്ങളനുസരിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com