ADVERTISEMENT

ചാലക്കുടി ∙ കൊന്നക്കുഴിയിലെയും പരിയാരത്തെയും ദുരിതാശ്വാസ ക്യാംപുകളിൽ മന്ത്രി കെ. രാധാകൃഷ്ണൻ എത്തുമ്പോൾ രാത്രിയായി. ആ സമയത്തും അഭയാർഥികൾ കാത്തു നിന്നു പരാതികൾ പറഞ്ഞു. ‘സാറേ, 5 വർഷമായി ഞങ്ങൾ ഉള്ളതെല്ലാം വാരിക്കെട്ടി ഓട്ടത്തിലാണ്. ഇതിനെന്നാ ഒരവസാനം?’. ചോദിച്ചതു പരിയാരം കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിലെ നിവാസികൾ. കൊന്നക്കുഴി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ഇവരുടെ താമസമിപ്പോൾ.

2018 മുതൽ ഓരോ വർഷവും മൂന്നു മുതൽ 5 വരെ തവണ വീടുകളൊഴിഞ്ഞ് ക്യാംപുകളിൽ കഴിയേണ്ട സ്ഥിതിയാണെന്ന് ഇവർ അറിയിച്ചതോടെ മന്ത്രിയുടെ ഉറപ്പ് ഇങ്ങനെ: മാറി താമസിക്കാൻ അനുയോജ്യമായ ചെറിയ സ്ഥലം കണ്ടെത്തിയാൽ സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും സ്ഥലം സ്വന്തമായാൽ വീട് നിർമിക്കാൻ 4 ലക്ഷം രൂപയും അനുവദിക്കാം. ഇതിന് ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജുവിനെ ചുമതലപ്പെടുത്തുന്നതായും മന്ത്രി തത്സമയം ഉറപ്പു നൽകി.

മലയിടിച്ചിൽ ഭീഷണി കാരണമാണ് കോളനി വാസികൾ മാറിത്താമസിക്കേണ്ടി വരുന്നത്. ജീവനു സുരക്ഷ ഇല്ലാത്ത ഇടത്തിനു പകരം സ്വന്തമായി സുരക്ഷിതമായ സ്ഥലത്തിനും ഉറപ്പുള്ള വീടിനും സാഹചര്യമൊരുക്കാമെന്ന മന്ത്രിയുടെ വാക്കുകൾ ദുരിതങ്ങൾക്കിടയിലും അവർക്ക് ആശ്വാസമായി. സനീഷ്കുമാർ ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ,

പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ്, തഹസിൽദാർ ഇ.എൻ. രാജു, വില്ലേജ് ഓഫിസർ ഷൈജു ചെമ്മണ്ണൂർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പരിയാരം മംഗലൻ കോളനി നിവാസികൾ താമസിക്കുന്ന പരിയാരം സെന്റ് ജോർജ് ഹൈസ്കൂളിലും മന്ത്രി സന്ദർശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com