ADVERTISEMENT

മഴ ഒന്നൊതുങ്ങിയ മട്ടാണ്. പക്ഷേ, ഡാമുകളിൽ നിന്ന് ഒഴുകുന്ന വെള്ളം പുഴകളിൽ ഭീതിയുടെ നിരപ്പേറ്റുന്നു. ചാലക്കുടിപ്പുഴയിൽ ഇന്നലെ ജലനിരപ്പ് താഴ്ന്നപ്പോൾ ഭാരതപ്പുഴയിൽ ആശങ്കയുടെ നിരപ്പ് ഏറിവരുന്നു..

ചാലക്കുടി ∙ ദിവസങ്ങൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ കാർമേഘങ്ങൾ നീങ്ങി ആകാശം തെളിഞ്ഞതോടെ ചാലക്കുടിക്കാർക്ക് ആശ്വാസം. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാൾ താഴ്ന്നു. പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ നിന്നു തുറന്നുവിടുന്ന വെള്ളം ചാലക്കുടിപ്പുഴയിൽ എത്തുന്നുണ്ടെങ്കിലും പുഴയിലെ നീരൊഴുക്ക് വർധിച്ചിട്ടില്ല. ജാഗ്രത കൈവിടരുതെന്നും മഴ ശക്തമായാൽ പുഴ അപകടകാരിയ‍ായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

പുഴയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും തീരത്തെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽ നിന്നു വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ട ആശുപത്രിക്കടവ്, വെളിയത്ത് കടവ് എന്നിവിടങ്ങളിൽ വെള്ളം പിൻവാങ്ങി. ചാലക്കുടി – അതിരപ്പിള്ളി റോഡിൽ കാഞ്ഞിരപ്പിള്ളിയിലെ വെള്ളക്കെട്ടും ഒഴിഞ്ഞു. ഗതാഗത നിയന്ത്രണവും നീക്കി.

ഇന്നലെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 7.1 മീറ്ററാണ്. കഴിഞ്ഞ ദിവസം ജലനിരപ്പ് 7.27 മീറ്റർ വരെ ഉയർന്നിരുന്നു. ചാലക്കുടിയെ മുക്കിയ 2018ലെ പ്രളയത്തിൽ 10.58 മീറ്റർ ആയിരുന്നു ജലനിരപ്പ്. അതേസമയം, പുഴയോരത്തെ നൂറുകണക്കിനു കുടുംബങ്ങൾ ഇനിയും വീടുകളിലേക്കു മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാംപുകളിൽ തുടരുകയാണ്.

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനു പിന്നാലെ ജലനിരപ്പ് ഉയരുന്ന ഭാരതപ്പുഴ. ചെറുതുരുത്തിയിൽ നിന്നുള്ള കാഴ്ച. 2018ലെ പ്രളയത്തിൽ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തിയ ബോർഡ് കാണാം. പുഴ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാനെത്തുന്നവരേറെ.
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനു പിന്നാലെ ജലനിരപ്പ് ഉയരുന്ന ഭാരതപ്പുഴ. ചെറുതുരുത്തിയിൽ നിന്നുള്ള കാഴ്ച. 2018ലെ പ്രളയത്തിൽ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തിയ ബോർഡ് കാണാം. പുഴ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാനെത്തുന്നവരേറെ.

ചെറുതുരുത്തി ∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറന്നതോടെ തീരവാസികളുടെ ആശങ്കയേറ്റി ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു. ഇന്നലെ ഉച്ചയ്ക്ക് 3ന് ഡാം തുറന്നതിനു പിന്നാലെ വൈകിട്ട് 5 മണിക്കു ശേഷം ഷൊർണൂർ തീരത്തെ പുൽക്കാടുകൾ മുങ്ങിത്തുടങ്ങി. കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിൽ ശക്തമായ ഒഴുക്കുമുണ്ട്. പുഴയുടെ തീരപ്രദേശത്തെ ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയേറെ.

ചാലക്കുടിപ്പുഴയിലും പെരിയാറ്റിലുമൊക്കെ ജലനിരപ്പ് കുത്തനെ ഉയരുകയും പ്രളയഭീതി ഉടലെടുക്കുകയും ചെയ്തപ്പോഴും ഭാരതപ്പുഴയുടെ തീരത്തു കാര്യമായ ആശങ്കകൾ ഉണ്ടായിരുന്നില്ല. പുഴ നിറഞ്ഞൊഴു കുന്നതല്ലാതെ മറ്റു ഭീഷണികൾ ഉയർന്നതുമില്ല. മഴയുടെ ശക്തി കുറഞ്ഞതിനാൽ പുഴയോര മേഖലയിൽ നിന്ന് ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യവുമുണ്ടായില്ല.

എന്നാൽ, മലമ്പുഴ ഡാമിന്റെ ഷട്ടർ തുറന്നതോടെ ജലനിരപ്പ് കാര്യമായി ഉയർന്നു. പുഴ കുത്തിയൊലിച്ച് ഒഴുകുന്ന കാഴ്ച കാണാൻ ചെറുതുരുത്തി കൊച്ചിൻ പാലത്തിലും സമീപത്തെ തകർന്നുകിടക്കുന്ന പാലത്തിലും ഒട്ടേറെപ്പേരെത്തി. ഇവരെയെല്ലാം പൊലീസ് മടക്കിവിട്ടു. രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത നേരിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com