ADVERTISEMENT

തൃശൂർ∙ കേരളത്തിലെ  വൈദ്യുതി ഉപഭോക്താക്കളെ ലക്ഷ്യമിട്ടും ഓൺലൈൻ തട്ടിപ്പ്. വൈദ്യുതി ബില്ലടച്ചില്ല എന്നും കട്ട് ചെയ്യും മുൻപ് ഓൺലൈനായി അടയ്ക്കാനും സന്ദേശമയച്ചാണ് ഇരകളെ കണ്ടെത്തുക. ഒട്ടേറെപ്പേർ ഇരകളായ ഈ തട്ടിപ്പിനു പിന്നിലും ഉത്തരേന്ത്യൻ സംഘമാണെന്നാണു സൂചന. കണക്‌ഷൻ കട്ട് ചെയ്യുമെന്നുള്ള എസ്എംഎസ് സന്ദേശമാണ് ആദ്യം കിട്ടുക. തിരിച്ച് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുമുണ്ടാകും.

ഇതിൽ ബന്ധപ്പെടുന്നതോടെ ബില്ല് അടയ്ക്കാൻ സഹായിക്കുന്നുവെന്ന വ്യാജേന നിർദേശങ്ങൾ നൽകും. ആദ്യം ‘ടീം വ്യൂവർ’ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇതു ഡൗൺലോഡ് ചെയ്യുന്നതോടെ നമ്മുടെ സ്ക്രീനിൽ നമ്മൾ അടിക്കുന്ന അക്കൗണ്ട് നമ്പറും പാസ്‌വേഡുമെല്ലാം ലോകത്ത് എവിടെയിരുന്നും തട്ടിപ്പുകാരനു കാണാം. ബിൽ അടയ്ക്കൽ വേഗമാക്കാൻ 20 രൂപയ്ക്ക് സ്വന്തം ഫോൺ റിചാർജ് ചെയ്യാൻ ആവശ്യപ്പെടും.

മടിച്ചാൽ നിങ്ങളുടെ സ്വന്തം ഫോണിലേക്കല്ലേ റീചാർജ് പിന്നെന്തിനു പേടിയെന്നു ചോദിക്കും. റീചാർജ് ചെയ്യാനായി അക്കൗണ്ട് നമ്പറും പിൻ ‍നമ്പറും അടിക്കുന്നതോടെ നമ്മുടെ അക്കൗണ്ട് തട്ടിപ്പുകാരൻ കൈകാര്യം ചെയ്തു തുടങ്ങും. ഒന്നോ രണ്ടോ സെക്കൻഡിൽ അക്കൗണ്ട് കാലിയാക്കും. പണം പോയതിന്റെ സന്ദേശം നമുക്കു വരുമ്പോഴേക്കും മറുതലയ്ക്കൽ ഫോൺ കട്ടാക്കി തട്ടിപ്പുകാരൻ സ്ഥലം വിടും. 

ആപ്പ് ഡൗൺലോഡ് ചെയ്യരുത്; ആപ്പിലാകും

തൃശൂർ∙ പണം അടയ്ക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ടീം വ്യൂവർ, എനിഡെസ്ക് തുടങ്ങി ഒട്ടേറെ ആപ്പുകൾ നമ്മെക്കൊണ്ടു ഡൗൺലോഡ് ചെയ്യിപ്പിക്കുന്നതു തന്നെ നമ്മൾ സ്ക്രീനിൽ ഏതൊക്കെ പിൻനമ്പർ ഞെക്കുന്നുവെന്ന് മറ്റൊരിടത്തു നിന്നു കാണാൻ വേണ്ടിയാണ്. ഗൂഗിൾ പേ വഴി അയയ്ക്കാൻ പറഞ്ഞും പണം തട്ടുന്നവരുണ്ട്.

അവർ നൽകുന്ന ഗൂഗിൾ പേ നമ്പറിന്റെ ഡിപി പടം കെഎസ്ഇബിയുടെ എംബ്ലം ആയിരിക്കും. അതിനാൽ നമ്മൾ വിശ്വസിക്കുകയും ചെയ്യും. പണം പോയി ‘ഷോക്ക്’ അടിക്കുമ്പോഴാണ് ഒറിജിനൽ കെഎസ്ഇബിയിലല്ല നമ്മൾ തൊട്ടതെന്നു മനസ്സിലാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com