ADVERTISEMENT

ഇരിങ്ങാലക്കുട ∙ മാപ്രാണത്ത് 90 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും  മാല കവരുകയും ചെയ്ത കേസിലെ  പ്രതി പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ വിജയകുമാറിനെ(സൈക്കോ ബിജു–36) റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ, ഡിവൈഎസ്പി ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 3ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. 

വീട്ടിൽ വയോധിക മാത്രമുള്ളപ്പോൾ അതുവഴി വന്ന വിജയകുമാർ ബൈക്ക് ഇടവഴിയിൽ  വച്ച് വാതിൽ തള്ളി തുറന്ന് അകത്ത് കടന്നു, ഭക്ഷണം കഴിക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടു.  പ്രത്യേക അന്വേഷണ സംഘം 2 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടി.    പ്രതി പല തവണ മൊഴി മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ  ചോദ്യം ചെയ്യലിൽ  കുറ്റം സമ്മതിച്ചു.

മോഷ്ടിച്ച മാല വടക്കഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി പ്രതി മെ‍ാഴി നൽകി. 2 വർഷമായി   ഹോട്ടൽ തൊഴിലാളിയായി തൊട്ടിപ്പാളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. സംഭവദിവസം 5 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ചവരുടെ ദൃശ്യങ്ങൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ  ഉൾപ്പെട്ടവരുടെയും  അന്യസ്ഥലങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ  തിരിച്ചറിഞ്ഞത്.

രാത്രിയിൽ തെ‍ാട്ടിപ്പാൾ പാടശേഖരത്തിന് സമീപം കഴുത്തറ്റം വെള്ളത്തിലൂടെ നടന്നാണ് അന്വേഷണ സംഘം ഇയാൾ താമസിക്കുന്ന വീട് വളഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിക്കെതിരെ തിരിഞ്ഞതോടെ തെളിവെടുപ്പ് നടത്താതെ തിരിച്ചു കൊണ്ടുപോയി. ഇന്നലെ രാവിലെ ആറരയോടെ വീണ്ടും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ബിജുവെന്ന കള്ള പേരിലാണ് പലയിടത്തും ഇയാൾ  താമസിച്ചിരുന്നത്. 

വീട്ടിൽ അതിക്രമിച്ചു കയറി എഴുപത്തിനാലുകാരിയെ ആക്രമിച്ചതിന്   കൊടകര സ്റ്റേഷനിലും യുവാവിനെ സ്ത്രീയുമായി ചേർത്ത് നിർത്തി നഗ്‌ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയതിന് ചാലക്കുടി സ്റ്റേഷനിലും പെൺവാണിഭത്തിന് ചാവക്കാട് സ്റ്റേഷനിലും അടക്കം സംസ്ഥാനത്തെ 9 സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ  കേസുകളുണ്ട്.

എസ്ഐ‌മാരായ എം.എസ്.ഷാജൻ, വി.ജി.സ്‌റ്റീഫൻ, എ.ജോർജ്, സി.എം.ക്ലീറ്റസ്, എഎസ്ഐമാരായ പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, ജസ്റ്റിൻ, സീനിയർ സിപിഒമാരായ ഇ.എസ്.ജീവൻ, സോണി സേവ്യർ, രാഹുൽ. വി.വി.നിധിൻ, മെഹുറുന്നീസ, സജു, വി.വി.വിമൽ, സച്ചിൻ അമ്പാടൻ, ഷെഫീർ ബാബു ,സൈബർ വിദഗ്ധരായ പി.വി.രജീഷ്, വിപിൻ, എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com