ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രം പ്രസാദ കൗണ്ടറിനടുത്തും സത്രം ഗേറ്റിനു സമീപത്തും കിഴക്കേ നടപ്പുരയിലും 8 പേർക്ക് തെരുവു നായയുടെ കടിയേറ്റു. 7 പേർക്ക് ദേവസ്വം മെഡിക്കൽ സെന്ററിലും ഒരാൾക്ക്  ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകി. ഇവർ പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പോണ്ടിച്ചേരി തിലാസ്പേട്ട് കാർ സ്ട്രീറ്റിൽ മഹേഷ് (42), മകൻ റിതിഷ് (7) എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു.

കൊയിലാണ്ടി മാവുള്ളിപുറത്തോട് അഭിഷേക് (25), പാലക്കാട് ചെങ്ങറക്കാട്ടിൽ രമാദേവി (50), ചെന്നൈ ബജാജ് അപ്പാർട്മെന്റ്സ് നന്ദനം വെങ്കട്ട് (18), ചെങ്ങന്നൂർ കള്ളിശേരി ഭാസ്കര വിലാസത്തിൽ ചന്ദ്ര മോഹനൻ പിള്ള (57), മലപ്പുറം പുളിക്കൽ പങ്ങാട്ടുപുറത്ത് സിതാര (39), നിലമ്പൂർ സ്വദേശി ബൈജു (46) എന്നിവർക്കാണ് കടിയേറ്റത്.

ദേവസ്വം അസിസ്റ്റന്റ് മാനേജർ സുശീലയ്ക്കു നേരെവന്ന നായ സാരിയിൽ കടിച്ചതോടെ ആളുകൾ ബഹളം വച്ചു. ഒരേ നായ തന്നെ രാവിലെ 10.15നും ഉച്ചയ്ക്ക് 2.00നും ഇടയിലാണ് എല്ലാവരെയും കടിച്ചത്. പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കാൻ നായയുടെ ജഡം നഗരസഭ അധികൃതർ മണ്ണുത്തി വെറ്ററനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. പരിശോധന ഫലം ഇന്നു ലഭിക്കും. 

അധികാരികൾ നിസ്സഹായർ

ഗുരുവായൂർ ∙ ക്ഷേത്രത്തിന്റെ 4 നടകളിലും തെരുവുനായ്ക്കളുടെ കൂട്ടത്തെ കാണാം. ഇടയ്ക്കിടെ പരസ്പരം കടികൂടി ഭക്തരുടെ കൂട്ടത്തിലേക്കു നായ്ക്കൾ പാഞ്ഞുകയറും. തെക്കേനടയിൽ പുതിയ ഓഡിറ്റോറിയം ഒട്ടേറെ പേർ ഇരിക്കാനും കിടക്കാനും വിശ്രമിക്കാനുമായി ഉപയോഗിക്കുന്നുണ്ട്. ഇവർക്കൊന്നും ഒരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു കുടുംബശ്രീ മിഷനെ ഏൽപിച്ചതു കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com