ADVERTISEMENT

അന്നമനട ∙ ചാലക്കുടി പുഴയുടെ തീരങ്ങളിൽ ഇന്നലെ പുലർച്ചെ അഞ്ചേകാലോടെ ഉണ്ടായ മിന്നൽ ചുഴലി 15 മിനിറ്റോളം താണ്ഡവമാടി മടങ്ങിയപ്പോൾ പാലിശേരി, എരയാംകുടി മേഖലയിലെ കർഷകർക്ക് നഷ്ടമായത് പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം. കാറ്റിൽ ഒട്ടേറെ മരങ്ങളാണ് കടപുഴകിയും ഒടിഞ്ഞും വീണത്. വൈദ്യുത കമ്പികളിൽ മരം വീണ് മണിക്കൂറുകൾ വിതരണം തടസ്സപ്പെട്ടു. ചില വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി പറന്നുപോയിട്ടുണ്ട്.

പുലർച്ചെ നടക്കാനിറങ്ങിയവരിൽ ചിലർ കാറ്റിന്റെ ശബ്ദം കേട്ട് ഭയന്ന് വീടുകളിലേക്ക് മടങ്ങിപ്പോയതായി പ്രദേശവാസികൾ പറഞ്ഞു. എരയാംകുടി മേഖലയിലാണ് കൂടുതലായും ജാതികൃഷിക്കാരെ കാറ്റ് ബാധിച്ചിട്ടുള്ളത്. 5 മുതൽ 6 പതിറ്റാണ്ടുകൾ വരെ പഴക്കമുള്ള,മികച്ച വിളവു നൽകിയിരുന്ന അൻപതിലധികം ജാതിമരങ്ങൾ വീണു. ബേബി വർഗീസ് പാത്താടൻ (20 ജാതി), ജോസ് കുരിയൻ പാത്താടൻ (25) ജോസ് പാത്താടൻ (5), പിയൂസ് പാത്താടൻ (3) തുടങ്ങിയവരുടെ ജാതിമരങ്ങൾ കടപുഴകി വീണു.

പോൾസൻ പാത്താടന്റെ വീടിനുമുകളിലേക്ക് മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. പാലിശേരിയിൽ വലിയ തേക്കുമരം കടപുഴകി ലൈനിൽ വീണതോടെ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അശോകൻ ചെമ്മാമ്പിള്ളിയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി പറന്നുപോയിട്ടുണ്ട്. സുഭദ്ര ചെമ്മാമ്പിള്ളിയുടെ വീടിന്റെ ഷീറ്റ് പറന്നു പോയിട്ടുണ്ട്. കൂടാതെ 6 ജാതിമരങ്ങൾ വീണിട്ടുമുണ്ട്.

പാലിശേരി മേഖലയിൽ മുപ്പതിലധികം ജാതിമരങ്ങൾ ഒടിഞ്ഞുവീണിട്ടുണ്ട്. അൻപതോളം വാഴകളും നശിച്ചിട്ടുണ്ട്. ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, വില്ലേജ് ഓഫിസർ ജോബി, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി. ഏകദേശം അര കോടിയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com