ADVERTISEMENT

ഇരിങ്ങാലക്കുട∙ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫിസിലും പ്രധാനപ്പെട്ട പ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയ്ക്ക് എത്തിയത് പൊലീസ് പോലും അറിയാതെ. രാവിലെ എട്ടുമണിക്കു മുന്നേ കരുവന്നൂർ ബാങ്ക് കേന്ദ്ര ഓഫിസിന്റെ മുന്നിൽ സംഘമെത്തി. ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടു സെക്രട്ടറിയേയും മറ്റു ജീവനക്കാരെയും വിളിച്ചു വരുത്തി ബാങ്ക് തുറപ്പിച്ചു. ഈ സമയം കൊണ്ടു തന്നെ സിആർപിഎഫ് ബാങ്കും പരിസരവും നിയന്ത്രണത്തിലാക്കി. വനിതാ സേനാംഗം അടക്കമുള്ള ആറംഗ സായുധ സേനയാണ് വീടുകൾക്കു ചുറ്റുമായി നിലയുറപ്പിച്ചത്. ആരെയും അകത്തേക്കു കടത്തിവിട്ടില്ല.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതേസമയം തന്നെ അഞ്ചു പ്രതികളുടെ വീടുകളിൽ സംഘമെത്തിയിരുന്നു. റെയ്ഡിന്റെ വിവരം പരസ്പരം കൈമാറാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവർ ജയിലിലാണ് ഇവരുടെ വീടുകളിൽ ബന്ധുക്കളിൽ നിന്നു വിവരം ശേഖരിക്കുകയും രേഖകൾ എടുപ്പിക്കുകയുമായിരുന്നു. ബിജു കരീമിന്റെ വീട്ടിൽ സംഘമെത്തുമ്പോൾ ആരുമുണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ബന്ധുവിനെ ആദ്യം വിളിച്ചു വരുത്തി. പിന്നീട് ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വന്നു. 

ഭാര്യയുടെ ഫോണിൽ തുടരെത്തുടരെ വിളികൾ എത്തിയതോടെ ഉദ്യോഗസ്ഥർ ഇതു കസ്റ്റഡിയിലെടുത്തു. ഏഴാം പ്രതിയായ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരന്റെ വീട്ടിലെ പരിശോധന ഉച്ചയ്ക്കു രണ്ടോടെ അവസാനിപ്പിച്ചു. രേഖകൾ കോപ്പിയെടുത്ത് സംഘം മടങ്ങി. എന്നാൽ മറ്റിടങ്ങളിലൊക്കെ രാത്രി വൈകിയും പരിശോധന തുടർന്നു. ഉദ്യോഗസ്ഥർ വാങ്ങി വച്ചു. 7-ാം പ്രതിയായ ബാങ്ക് പ്രസിഡന്റ് കെ.കെ.ദിവാകരന്റെ വീട്ടിലെ പരിശോധന ഉച്ചയ്ക്ക് രണ്ടോടെ അവസാനിപ്പിച്ച് സംഘം മടങ്ങി. 

ആഡംബര വസതിയിൽ അമ്പരപ്പോടെ 

ഇരിങ്ങാലക്കുട∙ പ്രതികളിലൊരാളായ കമ്മിഷൻ ഏജന്റ് ബിയോയിയുടെ വീടും സൗകര്യങ്ങളും കണ്ട് അമ്പരന്ന് ഇ.ഡി ഉദ്യോഗസ്ഥർ. റബ്കോയുടെ ഏജൻസി എടുത്തിരുന്ന ബാങ്ക് ഈ ഇടപാടിൽ കമ്മിഷൻ ഏജന്റായി വച്ചിരുന്നത് ബിജോയിയേയാണ്. 12 % കമ്മിഷനിൽ 4% ബിജോയിക്ക് വ്യക്തിഗത കമ്മിഷൻ കിട്ടുന്ന വിധത്തിൽ ഭരണസമിതിയുടെ അറിവോടെ ഇടപാട് നടത്തുകയായിരുന്നുവെന്നു മുൻപ് ആക്ഷേപമുണ്ടായിരുന്നു. ചെറിയ സാമ്പത്തിക സ്ഥിതിയിലായിരുന്ന ബിജോയിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നുവെന്നു ബാങ്കിലെ ഇടപാടുകാർ പറയുന്നു. കൂറ്റൻ വീടും പുറത്തു നിന്നു കാണാനാവാത്തവിധമുള്ള മതിൽക്കെട്ടും ആഡംബരകാറുമെല്ലാമുള്ള വീട്ടിൽ നടത്തിയ റെയ്ഡ് രാത്രി വൈകിയും നീണ്ടു. 

ഓട്ടം ഫോട്ടോ കോപ്പിക്ക് 

ഇരിങ്ങാലക്കുട∙ ഒരേ സമയം ആറിടത്ത് റെയ്ഡ് നടത്തിയ ഇഡിയിലെ ഉദ്യോഗസ്ഥർ വലഞ്ഞത് ഫോട്ടോകോപ്പിയെടുക്കാൻ. എല്ലാ സ്ഥലത്തു നിന്നുമായി ആയിരത്തോളം പേജ് കോപ്പിയെടുക്കേണ്ടി വന്നു. പലയിടത്തും റെയ്ഡ് നടത്തിയ സംഘങ്ങൾ ഒരേ ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയതും തമാശയായി. ഇരുനൂറിലേറെ പേജ് എടുക്കേണ്ടതിനാലും അതിവേഗം കോപ്പിയെടുക്കുന്ന സംവിധാനം കിട്ടാത്തതിനാലും ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. കൂടുതൽ സൗകര്യമുള്ള ഫോട്ടോസ്റ്റാറ്റ് കടകൾ അന്വേഷിച്ച് ഇഡി ഉദ്യോഗസ്ഥർ പരക്കം പാഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com