ADVERTISEMENT

തൃശൂർ∙ കൊട്ടാരവളപ്പ്, രാജാവ് നൽകിയ പതിനെട്ടര ഏക്കർ ഭൂമി, പഠിച്ചിറങ്ങിയവരിൽ മന്ത്രിമാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക നേതാക്കളുടെയും നിര. കേരളവർമയെന്ന ക്യാംപസ് രാജാ ഇതാ വജ്രത്തിളക്കത്തിൽ അതിന്റെ ആഘോഷം തുടങ്ങുന്നു. ഇന്നുമുതൽ നാലുനാൾ ആഘോഷം. ഇന്നു 10ന് മന്ത്രി കെ.രാധാകൃഷ്ണൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അധ്യക്ഷത വഹിക്കും.

കേരള വർമ കോളജ് നൽകുന്ന വജ്രമുദ്ര പുരസ്കാരം, എൻഡോവ്മെന്റുകളുടെ വിതരണം ഇവയും നടക്കും.  ഉച്ചയ്ക്ക് ഒന്നിന് ‘ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. പൂർവ അധ്യാപക-അനധ്യാപക സംഗമം, വിവിധ സെമിനാറുകൾ, കവിയരങ്ങ്, നേതൃസംഗമം, ഭിന്നശേഷി പൂർവവിദ്യാർഥി സംഗമം ഇവയൊക്കെ വരും ദിവസങ്ങളിൽ നടക്കും. 

കാനാട്ടുകരയിലെ മെറി ലോഡ്ജ്  കൊട്ടാരമാണ് കേരളവർമ കോളജ് ആയി മാറിയത്. രാജാവിന്റെ പേരുതന്നെ കോളജിനു നൽകുകയും ചെയ്തു. 1947 ഓഗസ്റ്റ് 11ന്, സ്വാതന്ത്യത്തിനു 4 നാൾ മുൻപാണു കേരളവർമ കോളജ് പിറന്നത്. കവിതിലകൻ പ്രഫ.പി.ശങ്കരൻ നമ്പ്യാരായിരുന്നു ആദ്യ പ്രിൻസിപ്പൽ. രാവിലെ ഗണപതി ഹോമം, തുടർന്നു പ്രവേശനം. ആദ്യവർഷം 150 വിദ്യാർഥികൾ, 12 അധ്യാപകർ. കൊട്ടാരം മാത്രമല്ല, കുതിരാലയം വരെ ക്ലാസ് മുറികളായി ഉപയോഗിച്ചു.

ഏറെക്കാലം, ഈ ഭാഗം ലായം ബ്ലോക്ക് എന്നറിയപ്പെട്ടു. ഊട്ടിയെന്നു പേരുള്ള ഉൾക്കാടും വിദ്യാർഥികൾ മനസ്സുതുറന്നെഴുതിയ ചുമരെഴുത്തുകളുമൊക്കെ ക്യാംപസിന്റെ ചരിത്രക്കരുത്ത്.2022ലെത്തിയപ്പോൾ  2803 വിദ്യാർഥികളുണ്ട്. അധ്യാപകരുടെ എണ്ണം 12ൽനിന്നു 110 ആയി ഉയർന്നു. 17 ബിരുദ കോഴ്‌സുകളും 11 ബിരുദാനന്തര കോഴ്‌സുകളും 70000 പുസ്തകങ്ങളുള്ള ലൈബ്രറിയുമുണ്ട്. 

നെഹ്‌റു ഓർമകളിൽ തേറമ്പിൽ  

തൃശൂർ∙ കേരള വർമ കോളജ് 75-ാം വാർഷികം ആഘോഷിക്കുമ്പോൾ നെഹ്‌റുവിനെ കാണാൻ പോയ ഓർമകളാണ് അന്നത്തെ യൂണിയൻ ജനറൽ സെക്രട്ടറിയും പിന്നീട്  നിയമസഭാ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണന്റെ മനസ്സിൽ. 1959ലാണ് കിഴക്കുവീട്ടിൽ സുകുമാരൻ ചെയർമാനും തേറമ്പിൽ രാമകൃഷ്ണൻ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെടുന്നത്.

കേന്ദ്ര സർക്കാരിന്റെ ദേശീയ പഠന പര്യടനത്തിനു തിരഞ്ഞെടുക്കപ്പെട്ട സംഘം ‍ഡൽഹിയിൽ രാഷ്ട്രപിതാവിന്റെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ച ശേഷം തീൻമൂർത്തി ഭവനിൽ ജവാഹർലാൽ നെഹ്‌റുവിനെ കണ്ടു ഹാരാർപ്പണം നടത്തി. കോളജിന്റെ ചരിത്രത്തെക്കുറിച്ച് നെഹ്റു വളരെ താൽപര്യത്തോടെ ചോദിച്ചറിഞ്ഞതും തേറമ്പിൽ ഓർക്കുന്നു.

മാലതി

മാലതി, ചരിത്രം കുറിച്ചവൾ

ആദ്യബാച്ചിന്റെ  ഉദ്ഘാടനം തന്നെ ഒരു വൻ കാൽവയ്പായിരുന്നു. ഒരു പെൺകുട്ടിക്ക് കോളജിൽ പ്രവേശനം നൽകിയായിരുന്നു തുടക്കം. വി.കെ. മാലതി. പഠിച്ചിറങ്ങി ഇതേ കോളജിൽത്തന്നെ ഇംഗ്ലിഷ് അധ്യാപികയായി (1954–1980)  മാലതി വീണ്ടും ചരിത്രമെഴുതി. ജീവിച്ചിരിപ്പില്ലെങ്കിലും ആദ്യ ബാച്ചിലെ 6 പെൺകുട്ടികളുടെ തിളക്കമായി മാലതി ഇപ്പോഴുമുണ്ട് ക്യാംപസിന്റെ ഓർമികളിൽ.   കേരളത്തിൽ ആദ്യമായി സംഗീതത്തിൽ ഡിഗ്രി കോഴ്സ് ആരംഭിച്ചതും ഇവിടെയാണ്.

മന്ത്രിമാരുടെ രാജാവ്

സംസ്ഥാന മന്ത്രിസഭയിൽ നിലവിലെ 3 മന്ത്രിമാർ കേരളവർമക്കാർ. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ രാജനും ഇവിടെ പൂർവ വിദ്യാർഥികൾ. ഇവിടെ രാഷ്ട്രീയം അഭ്യസിച്ചു വളർന്നവർ. കോളജ് ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു കേരളവർമയിലെ പൂർവ അധ്യാപിക. കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, പി. ശങ്കരൻ, ബി. വെല്ലിങ്ടൺ തുടങ്ങി മുൻമന്ത്രിമാരുടെയും കോളജാണ് കേരളവർമ. മന്ത്രിമാർ മാത്രമല്ല 2 മുൻ സ്പീക്കർമാരുടെയും കോളജാണിത്: തേറമ്പിൽ രാമകൃഷ്ണന്റേയും കെ. രാധാകൃഷ്ണന്റേയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com