കാണുന്നുണ്ടോ? ഊരുകളുടെ സങ്കടങ്ങൾ; അധികൃതരേ ചെവികൊടുക്കണേ...

HIGHLIGHTS
  • അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ആദിവാസി ഊരുകൾ
ആനക്കയം ആദിവാസി ഊര്
SHARE

നമുക്കിടയിൽ ചില മനുഷ്യരുണ്ട്.ആദിവാസി എന്ന പേരിൽ  എങ്ങനെയൊക്കെയോ നമ്മൾ മാറ്റി നിർത്തിയ ചില മനുഷ്യർ .സാംസ്കാരികമായും  സാമൂഹികമായും സാമ്പത്തികമായുമെല്ലാം വലിയ ഉന്നമനം ആവശ്യമുള്ളവർ  .പക്ഷേ നമ്മളവരെ കണ്ടഭാവം നടിക്കാറില്ല.അടിസ്ഥാന സൗകര്യമില്ലായ്മയിൽ അവർ വലയുന്നത് കണ്ടിട്ടും വേണ്ടവിധം ഗൗനിക്കാറില്ല. എന്തുകൊണ്ടാണിങ്ങനെ? പരിഹാരമുണ്ടാകേണ്ട ഒട്ടേറെ പ്രശ്നങ്ങളിൽ വലയുകയാണ് അവരിൽ പലരും.

അവർക്ക് വേണ്ടിയുള്ള  പല പദ്ധതികളുടെയും പേരുകൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്.  അനുവദിച്ച തുകകളുടെ കണക്കുകൾ കേൾക്കാറുണ്ട്. എന്നിട്ടും അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പോലും പരിഹാരമായില്ല. പല വിധത്തിലുള്ള മാറ്റി നിർത്തലുകളാണ് ഇതിനു കാരണമെന്നും ആദിവാസികളിൽ ചിലർ ആരോപിക്കുന്നു. അടിയന്തര പരിഹാരമുണ്ടാകേണ്ട  ചില പ്രശ്നങ്ങൾ, ഉപജീവനത്തിന് പോലും വെല്ലുവിളി നേരിടുന്ന അവസ്ഥകൾ. പരാതികൾ,  ആവശ്യങ്ങൾ എന്നിവ മനോരമ അന്വേഷിക്കുകയാണ്. 

അധികൃതരേ ചെവികൊടുക്കണേ.... ആശങ്കയൊഴിയാതെ ആനക്കയം 

2018 ലെ പ്രളയത്തെ തുടർന്ന് കിടപ്പാടങ്ങളും ചോരനീരാക്കി പണിയെടുത്ത കൃഷിയിടങ്ങളും നഷ്ടപ്പെട്ട ആനക്കയം ആദിവാസി ഊരുനിവാസികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല.25 കുടുംബങ്ങളിലെ 55 ൽ അധികം മുതിർന്നവരും മുപ്പതോളം വരുന്ന കുട്ടികളും ഇപ്പോഴും കഴിയുന്നത് കാട്ടാനകളുടെ വിഹാര കേന്ദ്രമായ പോത്തുപാറയിലാണ്  പാറപ്പുറത്തും പുഴയോരങ്ങളിലും പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയ കുടിലുകളിലാണ് 3 വർഷം കഴിഞ്ഞത്.

ജില്ലാ ഭരണകൂടം,വനം വകുപ്പ്,പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് തുടങ്ങിയവർക്ക് പുനരധിവാസം പരിഗണിക്കണമെന്ന ആവശ്യപ്പെട്ട് കത്തുകൾ നൽകിയെങ്കിലും അധികൃതരിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായില്ല.ഇതേ തുടർന്ന് 2021 മാർച്ചിൽ  ഇവർ വാഴച്ചാൽ വനം ഡിവിഷനിലെ പോത്തുപാറ വനമേഖലയിലേക്കു കുടിയേറി പാർക്കുകയായിരുന്നു. കാട്ടാന,പുലി,കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ മേഖലയിൽ അടച്ചുറപ്പില്ലാത്ത കുടിലുകളിലാണ് ഇവർ കഴിയുന്നത്.

സുരക്ഷിതമായ ഒരു വീടു വയ്ക്കണമെങ്കിൽ സർക്കാർ അനുമതി ലഭിക്കണം. വന്യജീവി ആക്രമണം പെരുകിയതോടെ ഊരിനു ചുറ്റിലും വൈദ്യുതി സുരക്ഷാ വേലി സ്ഥാപിച്ചെങ്കിലും ഒരു മാസം തികച്ച് പ്രവർത്തിച്ചില്ലെന്ന് പറയുന്നു.കുടിവെള്ള ക്ഷാമമാണ് മറ്റൊരു പ്രശ്നം.അടിസ്ഥാന സൗകര്യങ്ങളില്ലായ്മയിൽ വീർപ്പുമുട്ടുകയാണ് ഇവിടത്തുകാർ . പകർച്ചാ വ്യാധിയും പോഷകക്കുറവും നേരിടുന്ന ഒരു വലിയ വിഭാഗവും ഇവിടെയുണ്ട്.ക്ഷയ രോഗബാധിതർ വേറെ.  ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഊരിലെത്തുന്നതാണ് ആകെയുള്ള ആശ്വാസം. 

കള്ളിച്ചിത്രക്കാർ ചോദിക്കുന്നു; വാക്കു പറഞ്ഞ ഭൂമിയെവിടെ? 

ചിമ്മിനി ഡാമിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര ആദിവാസി കോളനി നിവാസികൾക്ക് 20 വർഷത്തിനു ശേഷവും വാഗ്ദാനം നൽകിയ മുഴുവൻ ഭൂമിയും ലഭിച്ചില്ല. 20 ഏക്കർ ഭൂമിയിൽ 12.5 ഏക്കർ മാത്രമാണ് പുനരധിവസിപ്പിക്കപ്പെട്ട നടാംപാടത്ത് നൽകിയത്. ബാക്കി ഭൂമി ലഭിക്കാതായതോടെ ഇവർ കോടതിയിൽ പോയി. കോടതി ഭൂമി ഉടൻ നൽകണമെന്നു ഉത്തരവിടുകയും പലതവണ അധികൃതർ ഇതു സമ്മതിക്കുകയും ചെയ്തെങ്കിലും ഇതുവരെയും  ഭൂമി  നൽകിയില്ല.

ഇവർക്ക് നൽകേണ്ട ഭൂമി മുപ്ലിയം വില്ലേജിൽ കണ്ടെത്തിയിരുന്നു. 2 ആഴ്ചയ്ക്കകം ഭൂമി കൈമാറണമെന്ന് മൂന്നര വർഷം മുൻപ് കോടതി ഉത്തരവിടുകയും ചെയ്തു. ഇപ്പോഴും ഭൂമി കൈമാറ്റം നടപ്പായിട്ടില്ല. സ്വാധീനിക്കാൻ കഴിവില്ലാത്തതിനാലാണ് ആദിവാസികളുടെ ആവശ്യങ്ങൾക്ക് സർക്കാർ വില കൽപിക്കാത്തതെന്നും ഇവർ ആരോപിക്കുന്നു. ആദിവാസികളിൽ നിന്നു വനവിഭവങ്ങൾ  ശേഖരിക്കുന്ന വനസംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലപ്പെടുത്തണമെന്ന ആവശ്യവും ഇവർ  മുന്നോട്ടുവെക്കുന്നു.

പട്ടികവർഗ സൊസൈറ്റികൾ സജീവമായിരുന്ന സമയത്ത്  വർഷം മുഴുവനും വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കാനാിയരുന്നു. വന സംരക്ഷണ സമിതി സംവിധാനം കൊണ്ടുവന്നതോടെ വനത്തിൽ നിന്നും ശേഖരിക്കുന്ന ചില വിഭവങ്ങൾ മാത്രം വിൽക്കേണ്ട അവസ്ഥയിലായി. സൊസൈറ്റി സമ്പ്രദായം സജീവമായിരുന്നപ്പോൾ കാട്ടിൽ നിന്നും ശേഖരിക്കുന്ന  മരുന്നുകൾ ഉൾപ്പെടെയുള്ളവക്ക് വിപണിയും പണവും ലഭിച്ചിരുന്നതായും ഇവർ പറയുന്നു.

വന്യമൃഗം: ഭയന്നു കഴിയുന്നു മണിയൻകിണർ 

പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ആദിവാസി കോളനിയിൽ കഴിയുന്ന 82 കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം  വന്യമൃഗശല്യമാണ്. ആന, പുലി, കാട്ടുപന്നി എന്നിവയുടെ ആക്രമണം ഭയന്നാണ്  ഇവിടത്തുകാർ കഴിയുന്നത്.. കോളനിയുടെ ചേർന്ന് ഉണ്ടായിരുന്ന വൈദ്യുതി ഫെൻസിങ് തകർന്ന നിലയിലാണ്. ഫെൻസിങ്ങിന്റെ തകർച്ച പരിഹരിക്കുന്നതിനു വനംവകുപ്പ് ഇതുവരെയാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു  ഊരുമൂപ്പൻ എം.എ.കുട്ടൻ പറഞ്ഞു.1980 കാലഘട്ടങ്ങളിൽ നിർമിച്ച വീടുകളാണ് ഇവിടെ കൂടുതലും ഈ വീടുകളിൽ പലതും താമസയോഗ്യമല്ലാതായിരിക്കുന്നു. ലൈഫ് പദ്ധതിയിൽ വീടുകൾക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.

കാട്ടാനപ്പേടിയിൽ കാക്കിനിക്കാട് 

കാട്ടാനയെ ഭയന്ന് ഊരിനു പുറത്തിറങ്ങാനോ ഉപജീവനത്തിനു കാട്ടിൽ പോകാനോ കഴിയാത്ത നിലയിലാണ് വാഴാനി കാക്കിനിക്കാട് ആദിവാസി കോളനി നിവാസികൾ .കഴിഞ്ഞ 4 മാസത്തിലേറെയായി മേഖലയിൽ കാട്ടാനഭീഷണിയുണ്ട്.രാത്രിയിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കും. ഇവ തൊട്ടടുത്ത വനത്തിൽ തമ്പടിച്ചിരിക്കാം  എന്ന ഭയമുള്ളതിനാൽ തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിക്കാൻ പോകാൻ സാധിക്കാതെയായി. 13 വീടുകളാണ് കാക്കിനിക്കാട് ആദിവാസി ഊരിലുള്ളത്. അവയിൽ 4 വീടുകൾ ഏതു നിമിഷവും തകർന്നു വീഴാറായ അവസ്ഥയിലാണ്.

വീടുകളുടെ പുനർ നിർമാണത്തിനോ അറ്റകുറ്റ പണികൾക്കോ അധികൃതരിൽ നിന്നു സഹായമൊന്നും ലഭിക്കാറില്ലെന്നും ഇവിടത്തുകാർ പറയുന്നു.  മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 60 പേരാണ് ഊരിലുള്ളത്. വാഴാനി ഡാമിൽ നിന്നുള്ള മീൻ പിടിത്തമായിരുന്നു ഇവിടത്തുകാരുടെ മറ്റൊരു ജീവിതോപാധി. കഴിഞ്ഞ കുറേ വർഷങ്ങളായി വനം അധികൃതർ അതിന് അനുമതി നൽകുന്നില്ല. ഡാം തുറക്കുമ്പോൾ മീനുകൾ ഒഴുകിപ്പോകാതിരിക്കാതെ തടഞ്ഞു നിർത്താൻ സ്ഥാപിച്ചിരുന്ന ഇരുമ്പുവലയും ഇപ്പോഴില്ല. ഒരുനിലയ്ക്കും മീൻ പിടിത്തം സാധ്യമല്ലാത്ത സ്ഥിതിയും ഇവരുടെ ഉപജീവനത്തെ ബാധിച്ചിട്ടുണ്ട്. 

മണ്ണിടിച്ചിലിനെ പേടിച്ച് ആരേക്കാപ്പ് 

മലക്കപ്പാറയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിൽ ആരേക്കാപ്പ് ആദിവാസി ഊരിലെ 19 ആദിവാസി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലാണ്.കാലവർഷം ശക്തമാകുന്നതോടെ ഇവർ .മലക്കപ്പാറയിലെ കമ്യൂണിറ്റി ഹാൾ,ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്ക് മാറണം.ആളൊഴിയുന്നതോടെ വീടുകൾ വന്യജീവികളുടെ താവളമായി മാറും.ഊരിലേക്കു വഴിയെന്നത് ഇക്കൂട്ടരുടെ കാലങ്ങളായുള്ള സ്വപ്‌നമാണ്.ചെങ്കുത്തായ മലയിറങ്ങിയും കയറിയും വേണം ഊരിലെത്താൻ.

റോഡില്ലാത്തതിനാൽ അവശത അനുഭവിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ പോലും ബുദ്ധിമുട്ടാണ് .താമസം ദുഷ്‌ക്കരമായതോടെ സമീപ പ്രദേശത്തുള്ള ഊരിൽ നിന്നും അടുത്തിയിടെ 15 കുടുംബങ്ങൾ ഇടമലയാർ ഡാമിന്റെ കരയിലേക്കു കൂട്ടത്തോടെ പലായനം ചെയ്തു.ഊരിലേക്ക് റോഡ് നിർമിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ  ആരംഭിച്ചെന്ന വാർത്തയിൽ പ്രതീക്ഷയർ്പ്പിച്ചിരിക്കുകയാണ് ഇവിടത്തുകാർ . 

കോളനികളുടെ വിസ്തൃതി കൂട്ടണം 

പുത്തൂർ പഞ്ചായത്തിനു കീഴിലെ വല്ലൂർ, പഴവള്ളം, മരോട്ടിച്ചാൽ  ആദിവാസി കോളനികൾ  ഭൂ വിസ്തൃതി കുറവയതാണ് ഇവർ നേരിടുന്ന വെല്ലുവിളി. ആദിവാസി ഭൂമികൾ നിശ്ചിത പ്രദേശത്തിനിടയിലെ ആദിവാസികൾക്കിടയിൽ മാത്രമേ വിൽപന സാധിക്കൂ. ഈ കോളനികളുടെ വിസ്തൃതി കുറവായതിനാൽ കുടുംബാഗങ്ങൾക്ക് മാറിത്താമാസിക്കാൻ സാധിക്കുന്നില്ല.പുത്തൂർ പഞ്ചായത്തിൽ പൊതു ശ്മശാനം ഇല്ലാത്തതും  ഇവരെ വലക്കുന്നു. 

നടത്തറ, വരന്തരപ്പിള്ളി, വടൂക്കര എന്നിവിടങ്ങളിലെ ശ്മശാനങ്ങളിലേക്ക് എത്തിച്ചേരാൻ  ഇവർ ഏറെ ദൂരം യാത്ര ചെയ്യണം.  ലൈഫ് പദ്ധതിയിൽ കോളനികളെ തീരെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ പദ്ധതിയിൽ നിന്നും കോളനികളെ ഒഴിവാക്കി പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ തന്നെ പദ്ധതികൾ വേണമെന്നും കോളനി നിവാസികൾ പറയുന്നു. . ഇവിടത്തെ ഒട്ടേറെ വീടുകൾ തകർന്ന നിലയിലാണ്. 

അടിസ്ഥാന സൗകര്യങ്ങളില്ല

പഴയന്നൂരിൽ വെള്ളാർക്കുളം,ചെമ്പാങ്കുളമ്പ്,എളനാട്,തിരുമണി,മാട്ടിൻമുകൾ , ചേലക്കര പഞ്ചായത്തിലെ കളപ്പാറയിലുമാണ് ആ ദിവാസി കോളനികളുള്ളത്.അടച്ചുറപ്പില്ലാത്ത വീടുകളും,ശുചമുറികളുമടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്ഥിതിയിലാണ് ഇവർ കഴിയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA