ADVERTISEMENT

ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയരുന്നതു കാണാൻ 22 കിലോമീറ്റർ കാൽനടയായി തൃശൂരിലെത്തിയ പതിമൂന്നുകാരൻ തീരുമാനിച്ചു: എനിക്ക് രാജ്യത്തെ സേവിക്കണം. ആ ബാലൻ പിന്നീട് കരസേനയിൽ അംഗമായി, 3 യുദ്ധങ്ങളിൽ പങ്കെടുത്തു. ആരുടെയും ജീവനെടുക്കാനല്ല, ജീവനുകൾ കാക്കാൻ..

തൃശൂർ ∙ ഇന്ത്യയുടെ ചരിത്രം വഴിമാറിയ 1947 ഓഗസ്റ്റ് 15നാണ് പത്മനാഭൻ സ്വന്തം തലവരയും മാറ്റിയെഴുതിയത്. ആദ്യ സ്വാതന്ത്ര്യദിനത്തിൽ തേക്കിൻകാട് മൈതാനത്തു ദേശീയപതാക ഉയരുന്ന അസുലഭ കാഴ്ചയ്ക്കു സാക്ഷിയാകാൻ കിഴുപ്പിള്ളിക്കരയിൽ നിന്നു പത്മനാഭൻ 22 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു തൃശൂരിലെത്തിയത് അന്നായിരുന്നു. 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ വെങ്കിലും രാജ്യത്തെ സേവിക്കണമെന്ന മോഹം മനസ്സ‍ിലുറപ്പിച്ചാണു പത്മനാഭൻ അന്നു വീട്ടിലേക്കു മടങ്ങിയത്.

3 വർഷം കഴിഞ്ഞപ്പോൾ ആ കൗമാരക്കാരൻ കരസേനയിൽ അംഗമായി. 3 യുദ്ധങ്ങളിൽ പങ്കെടുത്തു. ശത്രുക്കളെ വകവരുത്തലായിരുന്നില്ല പത്മനാഭന്റെ ദൗത്യം, സഹസൈനികരുടെ ജീവൻ കാക്കുന്ന ആതുരശുശ്രൂഷയായിരുന്നു. പാലയ്ക്കൽ പാലിശേരി പണിക്കവ‍ീട‍ിന്റെ ഉമ്മറത്തിരുന്നു ദേശീയപതാക കമ്പിൽ കെട്ടിക്കൊണ്ടു റിട്ട. നായിബ് സുബേദാർ പി.കെ. പത്മനാഭൻ (89) തന്റെ ജീവിതം പറയുന്നു.

സ്വാതന്ത്ര്യം, ദേശസ്നേഹം

സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്തു ജനിച്ചതിനാൽ ദേശസ്നേഹം പത്മനാഭനു കൂടപ്പിറപ്പാണ്. രാജ്യം സ്വതന്ത്രമായെന്നും തേക്കിൻകാട് മൈതാനത്തു ദേശീയ പതാക ഉയർത്തുന്നുണ്ടെന്നും അറിഞ്ഞാണു സ്കൂൾ മുറ്റത്തു നിന്നു തൃശൂരിലേക്കു നടന്നുപോയത്.

രാജ്യസേവനമെന്ന മോഹമുറച്ചതോടെ പത്താംക്ലാസ് കഴിഞ്ഞയുടൻ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ റ‍ിക്രൂട്മെന്റ് റാലിയിൽ പങ്കെടുത്തു സൈന്യത്തിൽ ചേർന്നു. 1955ൽ ശിപായി ആയിട്ടായിരുന്നു ആദ്യ നിയമനം. നഴ്സിങ് യോഗ്യത പാസായതോടെ നഴ്സിങ് ടെക്നീഷ്യനായി മെഡിക്കൽ വിഭാഗത്തിലെത്തി. അസമിൽ ജോലിചെയ്തുകൊണ്ടിരിക്കെ 1962ലെ ഇന്തോ–ചൈന യുദ്ധത്തിലാണ് ആദ്യം പങ്കെടുത്തത്.

സിലിഗുരി ദൗത്യകാലം

ഇന്തോ–ചൈന യുദ്ധം നടക്കുമ്പോൾ സിലിഗുരി ഇടനാഴിയിലെ യുദ്ധമുഖത്തായിരുന്നു പത്മനാഭന്റെ യൂണിറ്റിനെ നിയോഗിച്ചത്. 2 മണിക്കൂറിനുള്ളിൽ 25 കിടക്കകളുള്ള ആശുപത്രി തയാറാക്കി പ്രവർത്തനം തുടങ്ങി. ആയിരക്കണക്കിനു സൈനികരുൾപ്പെട്ട ഒരു ബ്രിഗേഡിനെ നോക്ക‍ാൻ ചുമതലപ്പെട്ട ആശുപത്രിയിൽ ഒറ്റ മെഡിക്കൽ ഓഫിസറും ഏതാനും സ്റ്റാഫുകളും മാത്രമായിരുന്നു ലഭ്യമായത്.

താപനില പൂജ്യത്തിനു താഴെയും. പരിമിതികൾ വകവയ്ക്കാതെ സഹസൈനികർക്കു വേണ്ടി അഹോരാത്രം ജോലിചെയ്തു. കനത്ത മഞ്ഞുവീഴ്ച മൂലം വഴികളടഞ്ഞതോടെ ഏതാനും ദിവസം ഭക്ഷണസാധനങ്ങൾ ലഭിച്ചില്ല. കാട്ടിലെ പഴങ്ങളും മറ്റുമായിരുന്നു ഭക്ഷണമെന്നു പത്മനാഭൻ ഓർക്കുന്നു. യുദ്ധം അവസാനിച്ചപ്പോൾ ചൈനീസ് അതിർത്തിക്കുള്ളിൽ പെട്ടുപോയ സഹസൈനികരെ മോചിപ്പിച്ചു കൊണ്ടുവരാൻ റെഡ്ക്രോസ് സംഘത്തിനൊപ്പം പോകേണ്ടിവന്നതും പത്മനാഭൻ ഓർത്തെടുക്കുന്നു.

വീണ്ടും യുദ്ധമുഖത്ത്

1965ലെ ഇന്തോ–പാക് യുദ്ധകാലത്തു ഝാൻസിയിലായിരുന്നു പത്മനാഭൻ ജോലി ചെയ്തിരുന്നത്. അവധിയെടുത്തു വ്യക്തിപരമായ ചില യാത്രകൾ കഴിഞ്ഞു ക്യാംപിൽ മടങ്ങിയെത്തുമ്പോൾ കണ്ടത് യുദ്ധമുഖത്തേക്കു പുറപ്പെടാനുള്ള ഉത്തരവാണ്. പ്രത്യേക ട്രെയിനിൽ കയറി പത്താൻകോട്ടിലെ യുദ്ധമുന്നണിയിലെത്തി. പ്രഥമശുശ്രൂഷയും മറ്റുമായി യുദ്ധമുഖത്തു തന്നെ ജീവിതം.

യുദ്ധം വിജയിച്ചതിനു പിന്നാലെ ഡൽഹിയിലും പുണെയിലുമായി ഏതാനും മാസം പരിശീലനത്തിനു പോയി. ഇതിനിടെ ശിപായി റാങ്കിൽ നിന്നു ലാൻസ് നായിക് ആയും നായിക് ആയും ഹവിൽദാറായും ഉയർന്നു. ജൂനിയർ കമ്മിഷൻഡ് റാങ്കായ നായിബ് സുബേദാർ ആയത് 1966ൽ.

 71ലെ അതിർത്തിക്കാലം

അവധിയെടുത്തു നാട്ടിലെത്തിയ കാലത്താണ് 1971ലെ ഇന്തോ – പാക് യുദ്ധം തുടങ്ങിയതെന്നു പത്മനാഭൻ ഓർക്കുന്നു. തിരിച്ചെത്താൻ ഉത്തരവു ലഭിച്ചതോടെ അതിവേഗം പുറപ്പെട്ടു. യുദ്ധമുന്നണിയിലെ പ്രഥമശുശ്രൂഷയ്ക്കു പകരം ആർമി ബേസ് ഹോസ്പിറ്റലിലേക്കാണു നിയോഗിച്ചത്. യുദ്ധം തീരുംവരെ അവിടെ സേവനം തുടർന്നു. 1979ൽ, 46–ാം വയസ്സിലാണു സൈനികസേവനത്തിൽ നിന്നു വിരമിച്ചത്.

പിന്നീടുള്ള ജീവിതം ഭാര്യ സരോജിനിക്കും മക്കളായ ജ്യോതിക്കും ജോഷിക്കുമൊപ്പം. പ്രായം ഇത്രയുമായെങ്കിലും പത്മനാഭന്റെ ദേശസ്നേഹത്തിന് അന്നുമിന്നും കുറവില്ല. ഓരോ സ്വാതന്ത്ര്യദിനത്തിലും തൃശൂരിലെത്തി ആഘോഷങ്ങൾക്കു സാക്ഷിയാകും, ആദ്യ സ്വാതന്ത്ര്യദിനാഘോഷം കണ്ട ബാലന്റെ അതേ ആവേശത്തോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com