ADVERTISEMENT

ചാലക്കുടി ∙ നഗരസഭയെയും മാള പഞ്ചായത്തിനെയും ബന്ധിപ്പിച്ചു പറയൻ തോട്ടിൽ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ മരവിച്ചു. അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്തതാണു പ്രശ്നം. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചെങ്കിലും സ്ഥലം വിട്ടു നൽകാൻ ചിലർ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണ് പ്രശ്ന പരിഹാരത്തിനു തടസ്സം.

നേരത്തെ 5 മീറ്റർ വീതിയുണ്ടായിരുന്നത് ഇരട്ടിയായി വികസിപ്പിക്കാനാണു തീരുമാനം. ഇതു കാരണം ചിലർക്ക് 13 സെന്റ് വരെ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഭൂമി വിട്ടു നൽകുന്ന കാര്യത്തിൽ ചില സ്ഥാപനങ്ങളും മുഖം തിരിച്ചു നിൽക്കുകയാണെന്നും പരാതിയുണ്ട്. പാലം  നിർമാണത്തിന് കിഫ്ബിയുടെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നേരത്തെ ലഭിച്ചിരുന്നു. 4.5 കി.മി നീളത്തിലാണു അപ്രോച്ച് റോഡ് നിർമിക്കുന്നത്. നിർമാണത്തിനു കിഫ്ബിയിൽ നിന്നു 35.15 കോടിയുടെ അനുമതിയാണു ലഭിച്ചത്.

ചാലക്കുടി കെഎസ്ആർടിസി റോഡിന്റെ തുടർച്ചയായി റെയിൽവേ അടിപ്പാത, തോട്ടവീഥി, പാറക്കൂട്ടം, ഗുരുതിപ്പാല പഞ്ചായത്ത് വഴി വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരമാണു ബിഎം ആൻഡ് ബിസി ടാറിങ് നടത്തി നവീകരിക്കാൻ പദ്ധതിയിട്ടത്.  2010 ൽ പാലം പുതുക്കി പണിയുന്നതിന് 5 കോടി അനുവദിച്ചിരുന്നെങ്കിലും നിർമാണം ആരംഭിച്ചില്ല. നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള തുകയും നിലവിലുള്ള അനുമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിന്റെ സർവേ അടക്കമുള്ളവ നേരത്തെ പൂർത്തിയായിരുന്നു. റോഡ് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർവേ കല്ലുകൾ സ്ഥാപിച്ചു തുടങ്ങിയതോടെയാണ് ഭൂ ഉടമകൾ തർക്കവുമായി രംഗത്തെത്തിയത്. പാലം നിർമാണ സ്ഥലത്തും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. മാർച്ചിൽ അക്വിസിഷൻ  പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടതെങ്കിലും 5 മാസം പിന്നിട്ടിട്ടും നടപടികൾ മുന്നോട്ടു പോയിട്ടില്ല.

നേരത്തെ സ്ഥലമുടമകളെ കലക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് നഷ്ടപരിഹാരം സംബന്ധിച്ചു ചർച്ച നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനം നീളുകയാണ്. ഇതിനിടെ ഭൂമി നഷ്ടപ്പെടുന്ന ചിലർ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടു തന്നെ ഈ വർഷം പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com