ADVERTISEMENT

ചാലക്കുടി ∙ മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ മോതിരക്കണ്ണി സ്വദേശി ഗോപകുമാറിന്റ ദാനം ചെയ്ത അവയവങ്ങളിൽ കരൾ ലഭിച്ചത് എറണാകുളം ഗോതുരത്ത് സ്വദേശി സാനിയയ്ക്കായിരുന്നു. ഈ കാരുണ്യത്തിനു മറുപടിയായി സാനിയയുടെ ചികിത്സാ സഹായമായി സ്വരൂപിച്ചതിൽ നിന്ന് 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകിയത് വേറിട്ട മാതൃകയായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനി സാനിയയ്ക്കു മഞ്ഞപിത്തത്തെ ത്തുടർന്നു കരളിന്റെ പ്രവർത്തനം തകരാറാകുകയായിരുന്നു.

കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിതാവ് ഷൈലൻ കരൾ പകുത്ത് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ അതു മുടങ്ങുകയും സാനിയയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാകുകയും ചെയ്തു. ഈ സമയത്താണ് ഗോപകുമാറിന്റ മസ്തിഷ്ക മരണം.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവയവ ദാനത്തിനു സന്നദ്ധത അറിയിച്ചതോടെ കരൾ സാനിയയ്ക്കു വച്ചു പിടിപ്പിച്ചെങ്കിലും 2 ദിവസത്തിനകം സാനിയ മരണത്തിനു കീഴടങ്ങി. സാനിയയുടെ ചികിത്സയ്ക്കായി നാട്ടുകാർ ഗോതുരുത്ത് ഇടവക വികാരിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചിരുന്നു. അതിൽ നിന്നു 10 ലക്ഷം രൂപ  ഗോപകുമാറിന്റെ കുടുംബത്തിനു നൽകാൻ സഹായനിധി ഭാരവാഹികൾ പിന്നീട് തീരുമാനിക്കുകയായിരുന്നു.

സാനിയയുടെ കുടുംബവും ഇതിനു സമ്മതം അറിയിച്ചു. ഗോപകുമാറിന്റ കുടുംബത്തിനു ഇന്നലെ ഗോതുരുത്തിൽ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഗോപകുമാറിന്റ മകൻ ഗ്യാൻ ദർശിന്റ പേരിലുള്ള ചെക്ക് കൈമാറി. പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് യു.ജി. വേലായുധന്റെ മകനാണ് ഗോപകുമാർ. ജൂലൈ 13 നു നടന്ന വാഹനാപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com