ADVERTISEMENT

ഗുരുവായൂർ ∙ നാളെ കണ്ണന്റെ പിറന്നാൾ ആയ അഷ്ടമിരോഹിണി ദിനത്തിൽ 30,000 പേർക്ക് ദേവസ്വം നാലുകറി, പായസം, അടങ്ങിയ വിഭവങ്ങളോടെ രാവിലെ 9 മുതൽ സദ്യ നൽകും. അന്നലക്ഷ്മി ഹാളിലും പന്തലിലും തെക്കേനട ഹാളിലുമായി ഒരേ സമയം 2,000 പേർക്ക് ഊണ് കഴിക്കാം. വരി നിൽക്കാൻ പ്രത്യേക പന്തലുകൾ തയാറായി. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ അപ്പം ശീട്ടാക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് പ്രത്യേക കൗണ്ടർ തുറക്കും. നാളെ രാവിലെ മുതൽ 41,470 അപ്പം തയാറാക്കി രാത്രി നിവേദിക്കും. 

7.43 ലക്ഷം രൂപയുടെ പാൽപായസവുമുണ്ട്. ക്ഷേത്രത്തിലെ 130 കീഴ്ശാന്തി നമ്പൂതിരിമാരാണ് അപ്പവും പാൽപായസവും തയാറാക്കുന്നത്. ദർശനത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കിഴക്കേനടയിൽ ദീപസ്തംഭം സ്ഥാപിച്ചതിന്റെ 113–ാം വാർഷിക ദിനമായ ഇന്ന് പുലർച്ചെ 3ന് നിർമാല്യത്തിനും ദീപാരാധന സമയത്തും ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ദീപസ്തംഭം തെളിയിക്കും.

വിവാഹത്തിരക്ക്: നടപടിയെടുക്കണം

കൊച്ചി∙ ചിങ്ങമാസത്തിൽ വിവാഹത്തിന് ഏറെ മുഹൂർത്തമുള്ള 21ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ എത്തുന്നവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിയും ഗുരുവായൂർ നഗരസഭയും നടപടിയെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രത്തിൽ 21നു വിവാഹങ്ങളുടെ വൻതിരക്കാണെന്നും ബുക്ക് ചെയ്തവരുടെ എണ്ണം 200 ആയതോടെ ബുക്കിങ് നിർത്തിയെന്നുമുള്ള മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ ഇടപെട്ടിരുന്നു. 

ബുക്കിങ് പുനരാരംഭിച്ചെന്നും തിരക്കു നിയന്ത്രിക്കാൻ നിലവിലുള്ള 3 കല്യാണ മണ്ഡപങ്ങൾക്കു പുറമേ 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി ഒരുക്കാൻ തീരുമാനിച്ചെന്നും ദേവസ്വം ഭരണസമിതി വിശദീകരിച്ചു. വിവാഹങ്ങൾ റജിസ്റ്റർ ചെയ്യാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും വേണ്ടി വന്നാൽ കൂടുതൽ പേരെ നിയോഗിക്കുമെന്നും നഗരസഭയും അറിയിച്ചു. ഇരുകൂട്ടരുടെയും വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജിയിൽ നടപടി അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com