ADVERTISEMENT

ഗുരുവായൂർ ∙ ഉണ്ണിക്കണ്ണന്റെ  പിറന്നാൾ ദിനമായ ഇന്ന് ഭക്തരെ വരവേൽക്കാൻ കൃഷ്ണനഗരി ഒരുങ്ങി. ക്ഷേത്രവും പരിസരവും  വൈദ്യുത ദീപ പ്രഭയിലായി. ഭക്തജന പ്രവാഹം ഇന്നലെ ആരംഭിച്ചു. 

പുലർച്ചെ 3ന് നിർമാല്യത്തോടെ ദർശനം ആരംഭിക്കും. രാവിലെ 7ന് കാഴ്ചശീവേലി. പെരുവനം കുട്ടൻമാരാരുടെ മേളം. ഉച്ചകഴിഞ്ഞ് 3ന്  ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യം,  കാഴ്ച ശീവേലി. . രാത്രി 11ന് ശേഷം പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ്. രാത്രി 12.30യോടെ സമാപിക്കും.  ഉച്ചയ്ക്ക് 2.30യോടെ  നടയടച്ചാൽ 3ന്  വീണ്ടും തുറക്കും. രാത്രി 11 വരെ ദർശനം. മുതിർന്ന പൗരന്മാർക്കും തദ്ദേശീയർക്കും ദർശനം രാവിലെ 4 മുതൽ 5 വരെ മാത്രം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രദക്ഷിണം, ശയനപ്രദക്ഷിണം അനുവദിക്കില്ല.  വിഭവസമൃദ്ധമായ പിറന്നാൾ സദ്യ  രാവിലെ 9ന്  ആരംഭിക്കും. തെക്കേനട പ്രത്യേക പന്തലിലും അന്നലക്ഷ്മി ഹാളിലുമായി 30,000 പേർക്ക് സദ്യ നൽകും.  പ്രസാഊട്ടിന്റെ ക്യൂ ഉച്ചയ്ക്ക് 2ന് അവസാനിപ്പിക്കും. 

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പം (നെയ്യപ്പം) 6,63,522 രൂപയ്ക്ക് വഴിപാടു ചെയ്യും.  പുലർച്ചെ അപ്പക്കൂട്ട് തയാറാക്കി രാവിലെ മുതൽ കീഴ്ശാന്തിമാർ ക്ഷേത്രത്തിനകത്ത്  അപ്പം തയാറാക്കും. അടുപ്പുകളിൽ  തെങ്ങിന്റെ കൊതുമ്പ് മാത്രം കത്തിച്ച് അപ്പക്കാരയിൽ 41,470 അപ്പം തയാറാക്കി അത്താഴപ്പൂജയ്ക്ക് നിവേദിക്കും. 7.43 ലക്ഷം രൂപയുടെ  4040 ലീറ്റർ  പാൽപായസം, 1,53,000 രൂപയുടെ നെയ് പായസം വഴിപാടുകളുണ്ടാകും. 

മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് രാത്രി 10.30ന് കൃഷ്ണനാട്ടം അവതാരം കളി ആരംഭിക്കും. രാത്രി 12ന് വിശ്വരൂപം ദർശനം.  രാവിലെ 8ന് ഭജന, 10ന് ഭക്തി പ്രഭാഷണം, 2ന് ഓട്ടൻതുള്ളൽ, 4ന് കൃഷ്ണഗാഥ നൃത്താവിഷ്കാരം, 7ന് പഞ്ചമദ്ദളകേളി, 8.30ന് ചാക്യാർ കൂത്ത്. വൈകിട്ട് 6ന്  സാംസ്കാരിക സമ്മേളനം. കലാമണ്ഡലം നാരായണൻ നമ്പീശന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും.   രാവിലത്തെ കാഴ്ചശീവേലിക്ക്  മോഴ ആന ബാലകൃഷ്ണന് കൃത്രിമ  കൊമ്പു വച്ചാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്. ഉച്ച കഴിഞ്ഞ് കൊമ്പൻ ഗോകുലും രാത്രി ജൂനിയർ മാധവൻ കുട്ടിയും കോലം എഴുന്നള്ളിക്കും. 

ശ്രീകൃഷ്ണ ജയന്തി  ഘോഷയാത്രകൾ

ഗുരുവായൂർ ∙ മമ്മിയൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന്  നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഉറിയടി ഘോഷയാത്ര രാവിലെ 9ന് ആരംഭിച്ച് കിഴക്കേ  നടപ്പുരയിൽ സമാപിക്കും.  രാത്രി ജീവത,  താലപ്പൊലി,   കെട്ടുകാഴ്ചകളോടെ നഗരപ്രദക്ഷിണം.പെരുന്തട്ട ക്ഷേത്രത്തിൽ നിന്ന് ശിവകൃഷ്ണ ഭക്ത സേവ സംഘത്തിന്റെ ഘോഷയാത്ര രാവിലെ 8ന്.   ബാലഗോകുലത്തിന്റെ മഹാശോഭായാത്ര  തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 3.30ന് ആരംഭിച്ച് ഗുരുവായൂരിൽ എത്തും. നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്ന് രാവിലെ 9ന് ഘോഷയാത്ര ആരംഭിച്ച് ഗുരുവായൂരിൽ എത്തും.

ജില്ലയിൽ  20,000 കൃഷ്ണ–ഗോപികമാർ 

തൃശൂർ ∙ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നു 3.30 മുതൽ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നടക്കും. 20,000 കൃഷ്ണ–ഗോപികാ വേഷധാരികൾക്കൊപ്പം നിശ്ചലദൃശ്യങ്ങളും നൃത്തവും ഉറിയടിയും അകമ്പടിയാകും. നഗരത്തിൽ 22 കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രകൾ പാറമേക്കാവു പരിസരത്തു സംഗമിച്ച് മഹാ ശോഭായാത്രയായി നഗരംചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിക്കും.  നഗരത്തിൽ 3000ലേറെ  കൃഷ്ണ–ഗോപികാ വേഷധാരികൾ പങ്കെടുക്കും. ഗുരുവായൂരിൽ വെങ്കിടാചലപതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം നാരായണാലയത്തിൽ സമാപിക്കും. ബാലഗോകുലം തൃശൂർ മേഖലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന 900 ശോഭായാത്രകൾ 200 കേന്ദ്രങ്ങളിൽ സമാപിക്കുമെന്നും റവന്യൂ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ ഗോപൂജയും നടക്കുമെന്നും ബാലഗോകുലം തൃശൂർ മേഖലാ ഭാരവാഹികളായ  പി.കെ.ശിവദാസ്, വി.എൻ.ഹരി, പ്രീത ചന്ദ്രൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com