ADVERTISEMENT

തൃശൂർ∙ എതിരാളികളെ കൈക്കരുത്തുകൊണ്ടു മലർത്തിയടിക്കാം. എന്നാൽ ഒരു അക്ഷരത്തെറ്റിനെ തോൽപിക്കാനുള്ള നെട്ടോട്ടത്തിലാണ് മനക്കൊടി പാമ്പുള്ളി കരിമാലയ്ക്കൽ ആന്റണിയുടെയും ജൂലിയുടെയും മകൾ ആൻമരിയ. ഹൈദരാബാദിൽ ജൂണിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ‍മെഡൽ നേടിയാണ് ആൻ മരിയ തുർക്കിയിലെ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയത്.

പാസ്പോർട്ടിന് അപേക്ഷിച്ചു കിട്ടിയെങ്കിലും ആധാർ കാർഡിലെ വിലാസത്തിൽ വീട്ടുപേരിലുണ്ടായിരുന്ന ഒരു ചെറിയ അക്ഷരത്തെറ്റു പുലിവാലായി. വീട്ടുപേരിലെ പാമ്പുള്ളിയിൽ ‘ബി’യ്ക്കു പകരം ‘പി’ എന്നു തെറ്റായി വന്നു. ആധാറിലെ തെറ്റ് പാസ്പോർട്ടിലും അതേപടി ഇടം പിടിക്കുകയായിരുന്നു. 

മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ രണ്ടരലക്ഷം രൂപയോളം ചെലവാകും. ഇതു സംഘടിപ്പിക്കാനുള്ള തത്രപ്പാടിനിടെയാണ് പാസ്പോർട്ടിൽ പേരു തിരുത്താനായും ഓടേണ്ടി വന്നിരിക്കുന്നത്.20 നു മുൻപ് അഡ്രസ് തിരുത്തി പുതിയ പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ വീസ കിട്ടില്ല. ഒരു രാജ്യാന്തര മത്സരം ആൻ മരിയയ്ക്കു നഷ്ടമാകും. ഉടൻ പാസ്പോർട്ട് തിരുത്തി അപേക്ഷ വയ്ക്കാനാണ് ഇന്ത്യൻ ആം റെസ്‌ലിങ് ഫെഡറേഷൻ ഭാരവാഹികൾ നൽകിയ നിർദേശം.

ഇന്നലെ കൊച്ചിയിൽ പാസ്പോർട്ട് ഓഫിസിൽ നേരിട്ടെത്തി സഹായം തേടിയിട്ടുണ്ട്. യൂത്ത് ഗേൾസ് 60 കിലോ വിഭാഗത്തിലാണ് ആൻ മരിയ മത്സരിക്കുന്നത്. ഇടംകൈയ്ക്കും വലം കൈക്കും ദേശീയതലത്തിൽ വെള്ളിമെഡൽ  നേടിയ ആൻ മരിയ തൃശൂർ സെന്റ് മേരീസ് കോളജ് ബിരുദവിദ്യാർഥിനിയാണ്. കണ്ടശാംകടവിലെ എജ്യുഫിറ്റ് അക്കാദമിയിൽ അഞ്ചുവർഷമായി പരിശീലനം നേടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com