ADVERTISEMENT

തൃശൂർ ∙ നാടെങ്ങും മൂടിനിന്ന വിഷാദത്തിന്റെ കാർമുകിൽ മാഞ്ഞു. ഓടക്കുഴലേന്തിയ ബാലഗോപാലന്മാരും പീലിക്കണ്ണെഴുതിയ ഗോപികമാരും വീഥികളിൽ നിറഞ്ഞപ്പോൾ നാടെങ്ങും പ്രത്യാശയുടെ ശോഭ വിടർന്നു. ശ്രീകൃഷ്ണാവതാര ലക്ഷ്യവും ഐതിഹ്യ കഥകളും വിളിച്ചോതിയ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ശോഭായാത്രകൾ ശ്രീകൃഷ്ണ ജയന്തിയുടെ മാറ്റുകൂട്ടി. ചക്രക്കസേരയിൽ പിച്ചവച്ച പിഞ്ചുകണ്ണൻ മുതൽ ഉറിയടിയോടെ മുന്നേറിയ ഗോപികമാർ വരെ തൃശൂരിലെ ശോഭായാത്രയിൽ സംഗമിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സ്വർണക്കോലത്തോടെ നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്
ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സ്വർണക്കോലത്തോടെ നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്

പ്രളയവും പിന്നാലെയെത്തിയ കോവിഡും മൂലം 3 വർഷമായി മുടങ്ങിയ ഘോഷയാത്രകൾ പതിവിലേറെ ശോഭയോടെ അവതരിച്ചപ്പോൾ ജില്ലയിലെ വീഥികൾ വൃന്ദാവനമായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 22 കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ സംഗമിച്ചു. മഹാശോഭായാത്രയായി നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ തേക്കിൻകാട് മൈതാനം ചുറ്റി.

രാധാസമേതനായി നടന്നു നീങ്ങിയ കണ്ണന്മാരും കൃഷ്ണനാമം ജപിച്ച് അനുഗമിച്ച കുചേലന്മാരും മഹാശോഭായാത്രയെ വർണാഭമാക്കി. തൃശൂരിൽ ബാലഗോകുലം സംസ്ഥാന ഭഗിനിപ്രമുഖ ആർ. സുധാകുമാരി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, വി. ശ്രീനിവാസൻ,

ബാലഗോകുലം ഭാരവാഹികളായ പി.കെ. ശിവദാസ്, വി.എൻ. ഹരി, പ്രീത ചന്ദ്രൻ, പി.ജി. ഷമ്മി, കെ.എസ്. ന‍ാരായണൻ, കൗൺസിലർ മാരായ എ. പ്രസാദ്, പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ 200 കേന്ദ്രങ്ങളിലായി 900 ശോഭായാത്രകൾ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണ ജയന്തി ചടങ്ങുകൾ നടത്തി. തിരുവമ്പാടി ക്ഷേത്രത്തിൽ 5 ആനകളുടെ അകമ്പടിയോടെ പ്രത്യേക ശീവേലി നടത്തി. മേളത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം വഹിച്ചു.  

ഭക്തജന സാഗരമായി ഗുരുവായൂർ

ഗുരുവായൂർ ∙ കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങൾ ദർശനത്തിനെത്തി. നിർമാല്യം മുതൽ രാത്രി വിളക്കെഴുന്നള്ളിപ്പു വരെ തിരക്കു തുടർന്നു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. പെരുവനം കുട്ടൻ മാരാരുടെ മേളം, ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യം, ഗുരുവായൂർ ശശി മാരാരുടെ തായമ്പക എന്നിവയുണ്ടായി. 11.63 ലക്ഷം രൂപയുടെ പാൽപായസം വഴിപാടു നടന്നു. അത്താഴപൂജയ്ക്ക് പ്രധാന വഴിപാടായി 6,63,522 രൂപയുടെ 41,470 അപ്പം നേദിച്ചു.

പിറന്നാൾ സദ്യയിൽ 35,000ത്തോളം പേർ പങ്കെടുത്തു. ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഉണ്ണിക്കണ്ണനും ഗോപികമാരുമായി നൂറുകണക്കിനു കുട്ടികൾ നിരന്നു. നായർ സമാജം ആഘോഷ കമ്മിറ്റിയുടെ ഉറിയടി ഘോഷയാത്രയിൽ ഗോപികാനൃത്തം, ജീവത എഴുന്നള്ളത്ത്, നന്ദികേശ്വരൻ, താലപ്പൊലി എന്നിവയും രാത്രി കെട്ടു കാഴ്ചയുമുണ്ടായി.

പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാ സംഘം ഉറിയടി ഘോഷയാത്ര നടത്തി. നെന്മിനി ബലരാമ ക്ഷേത്രത്തിന്റെ സഹോദര സംഗമ എഴുന്നള്ളിപ്പിനെ കിഴക്കേ നടപ്പുരയിൽ നിറപറ വച്ചു സ്വീകരിച്ചു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com