ADVERTISEMENT

നീന്തലും സൈക്ലിങ്ങും മാരത്തൺ ഓട്ടവും ഒന്നിച്ച ലോക ‘അയൺമാൻ’ മത്സരം പുഷ്പം പോലെ വിജയിച്ച് പ്രദീപ് നായർ. ഈ നേട്ടം കൈവരിച്ച ആദ്യ തൃശൂർ സ്വദേശി.

തൃശൂർ ∙ പ്രദീപ് നായരുടെ ശരീരഭാരം 96 കിലോ എന്ന സർവകാല റെക്കോർഡിൽ എത്തിയത് 6 വർഷം മുൻപാണ്. രക്തസമ്മർദം വച്ചടി വച്ചടി കയറി ഹൃദയത്തിനു നേരെ ‘ചെക്ക്’ പറയുകയും ചെയ്തപ്പോൾ പ്രദീപിനു ഡോക്ടർ അന്ത്യശാസനം നൽകി: ‘വർക്കൗട്ടും ഡയറ്റും തുടങ്ങിയില്ലെങ്കിൽ ഇനി പിടിച്ചാൽ കിട്ടില്ല.’ അന്നത്തെ ഡോക്ടർ ഇപ്പോൾ പ്രദീപിനെ കാണാനിടയായാൽ കുഴഞ്ഞുവ‍ീഴാനിടയുണ്ട്!

thrissur news

അമിതവണ്ണവും രക്തസമ്മർദവും അലട്ടിയിരുന്നയാളിതാ പിടിച്ചാൽ കിട്ടാത്ത ലെവലിലാണ്. തുടർച്ചയായി കടലിൽ 4 കിലോമീറ്റർ നീന്തലും റോഡിൽ 180 കിലോമ‍ീറ്റർ സൈക്ലിങ്ങും 42.2 കിലോമീറ്റർ മാരത്തൺ ഓട്ടവും ഒത്തുചേർന്ന കടുകട്ടി കായിക മത്സരമായ ലോക ‘അയൺമാൻ’ ട്രയാത്ത്‍ലൺ ചാംപ്യൻഷിപ് പ്രദീപ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തൃശൂർക്കാരൻ.

ഫ്ലവർ അല്ല, ഫയർ!

രാമവർമപുരം കുറ്റുമുക്ക് കടവത്ത് വേലായുധൻ നായരുടെയും ശോഭയുടെയും മകനായ പ്രദീപ് (44) പതിനേഴു വർഷമായി ദുബായിൽ ഐടി ബിസിനസുകാരനാണ്. ജീവിതശൈലി സമ്മാനിച്ചതായിരുന്നു അമിതവണ്ണവും രക്തസമ്മർദവും. വർക്കൗട്ട് ചെയ്യാതെ പറ്റില്ലെന്നായപ്പോൾ ജിമ്മിലാണ് ആദ്യം പോയത്. പക്ഷേ, താൽപര്യം തോന്നിയില്ല. പണ്ടു തൊട്ടേ നീന്തലിൽ താൽപര്യമുണ്ടായിരുന്നതിനാൽ ആ വഴിക്കായി നോട്ടം. സ്വിമ്മിങ് പൂളിന്റെ ഇട്ടാവട്ടത്തിൽ നിന്നു കടലിലേക്കു നീന്തൽ വളർന്നു.

പത്തര മണിക്കൂർ കൊണ്ട് 21 കിലോമീറ്റർ കടലിൽ നീന്തിക്കയറി. യുഎഇയിലെ കേരള റൈഡേഴ്സ് കൂട്ടായ്മയിൽ നിന്നാണ് അയൺമാൻ മത്സരത്തെക്കുറിച്ചു കേട്ടറിഞ്ഞത്. നീന്തലിനു പുറമേ ദീർഘദൂര ഓട്ടവും സൈക്ലിങ് കൂടി ഉൾപ്പെട്ടതാണു ട്രയാത്ത്‍ലൺ എന്നു മനസ്സിലാക്കിയതോടെ 2020 നവംബറിൽ പ്രദീപ് ഒരു സൈക്കിൾ വാങ്ങാൻ തീരുമാനിച്ചു.

5 ലക്ഷത്തിന്റെ സൈക്കിൾ

ചെറുപ്പത്തിൽ വീട്ടിലും പരിസരത്തും സൈക്കിൾ ചവിട്ടിയിട്ടുണ്ടെന്നല്ലാതെ പ്രദീപിനു സൈക്ലിങ്ങുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. 5 ലക്ഷം രൂപ വിലയുള്ള സൈക്കിൾ വാങ്ങി ചവിട്ടാൻ പരിശീലിച്ച് 3 മാസത്തിനുള്ളിൽ ഹാഫ് അയൺമാൻ മത്സരത്തിൽ പങ്കെടുത്തു. 1.8 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്,

21.1 കിലോമീറ്റർ ദീർഘദൂര ഓട്ടം എന്നിവ തുടർച്ചയായി പൂർത്തിയാക്കുകയായിരുന്നു ഹാഫ് അയൺമാൻ മത്സരം. 8 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കേണ്ട മത്സരം 6 മണിക്കൂർ 20 മിനിറ്റിൽ പ്രദീപ് പൂർത്തിയാക്കി. ഇതോടെ ലോക അയൺമാൻ മത്സരത്തിൽ പങ്കെടുക്കാൻ ആത്മവിശ്വാസമായി.

ഒടുവിൽ അയൺമാൻ

വേൾഡ് ട്രയാത്ത്‍ലൺ കോർപറേഷൻ കസഖ്സ്ഥാനിലെ നൂർ സുൽത്താനിൽ അയൺമാൻ ചാലഞ്ച് സംഘടിപ്പിച്ചത് 5 ദിവസം മുൻപാണ്. 4 കിലോമീറ്റർ നീന്തൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടു പ്രദീപ് പൂർത്തിയാക്കി. 180 കിലോമീറ്റർ സൈക്ലിങ് 7 മണിക്കൂർ 6 മിനിറ്റിനുള്ളിലും മാരത്തൺ 6 മണിക്കൂർ 19 മിനിറ്റിലും പൂർത്തിയാക്കി.

മത്സരങ്ങൾക്കിടയിൽ ഇടവേളയോ വിശ്രമമോ ഇല്ലെങ്കിലും 15 മണിക്കൂർ 38 മിനിറ്റിൽ പ്രദീപ് ലക്ഷ്യം നേടി. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമം എന്ന നിലയിൽ തുടങ്ങിയ കായിക പരിശീലനത്തിലൂടെ പ്രദീപ് ‘സൂപ്പർഹീറോ’ തലത്തിലേക്കുയർന്നതിന്റെ സന്തോഷത്തിലാണു ഭാര്യ സന്ധ്യയും മക്കളായ സൂരജും സുരഭിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com