രാജ്ഞി യാത്രയായി; ലോക്കറിൽ നിന്നിറങ്ങി ബ്രിട്ടിഷ് യുദ്ധമെഡൽ, ആ ധീരസൈനികൻ ആരായിരുന്നു?

Mail This Article
20 വർഷമായി മെഡൽ ലോക്കറിൽ സൂക്ഷിക്കുന്നത് ഏങ്ങണ്ടിയൂർ സ്വദേശി; മെഡൽ ജേതാവ് ആരെന്നത് അജ്ഞാതം
തൃശൂർ ∙ ലണ്ടനിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ ഏങ്ങണ്ടിയൂരിലെ വീട്ടിൽ നിന്നു ബാങ്കിലേക്കുള്ള യാത്രയിലായിരുന്നു ജോയ് പി. ജേക്കബ്. 20 വർഷമായി നിധിപോലെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന ബ്രിട്ടിഷ് യുദ്ധമെഡൽ ജോയ് പുറത്തെടുത്തു. ആ മെഡൽ നേടിയ ധീരസൈനികൻ ആരായിരുന്നു എന്ന ഉത്തരമില്ലാത്ത ചോദ്യം വീണ്ടും സ്വയം ചോദിച്ചു. തന്റെ അമ്മാ മ്മയിൽ നിന്നു ലഭിച്ച മെഡൽ വീണ്ടും ലോക്കറിന്റെ സുരക്ഷിതത്വത്തിലാക്കിയ ശേഷം ആ ചോദ്യത്തിന് ഉത്തരം കാത്തിരിക്കു കയാണ് ജോയ്.
ഏങ്ങണ്ടിയൂർ കുണ്ടലിയൂർ പുത്തൂരിൽ ജോയ് പി. ജോസിന്റെ കയ്യിലേക്ക് ഈ ബ്രിട്ടിഷ് യുദ്ധമെഡൽ എത്തിയതു രണ്ടു പതിറ്റാണ്ടു മുൻപാണ്. നാണയങ്ങൾ ശേഖരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ജോയിക്ക് അമ്മാമ്മ പ്ലമേനയാണ് തന്റെ പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മെഡൽ സമ്മാനിച്ചത്. അതു ബ്രിട്ടിഷ് യുദ്ധമെഡലാണെന്ന് പ്ലമേന അറിഞ്ഞിരുന്നില്ല. പ്ലമേനയുടെ ബന്ധുക്കളിലാരോ സമ്മാനിച്ചതാണെന്ന ല്ലാതെ ഈ മെഡൽ നേടിയത് ആരാണെന്നോ അതെങ്ങനെ കൈമാറി പ്ലമേനയിലെത്തിയെന്നോ ജോയിക്ക് നിശ്ചയമില്ല.
1939, 1945 എന്ന ലിഖിതവും സിംഹരൂപവും പിൻവശത്ത് ജോർജ് ആറാമൻ രാജാവിന്റെ ചിത്രവും കണ്ടതോടെ ഈ സൂചനകൾക്കു പിന്നാലെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് യുദ്ധമെഡലാണെന്നു വ്യക്തമായത്. രണ്ടാംലോക യുദ്ധത്തിൽ ബ്രിട്ടിഷ് സൈന്യത്തിൽ മുഴുനീള സേവനം നടത്തിയ സൈനികർക്ക് നൽകിയ മെഡലാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മെഡൽ ജേതാവിന്റെ പേരു സൂചിപ്പിക്കുന്ന ഏതാനും അക്ഷരങ്ങൾ വശങ്ങളിൽ കൊത്തിയിട്ടുണ്ടെങ്കിലും ഇതു വ്യക്തമല്ല. ബന്ധുക്കളിലാ രെങ്കിലുമാണോ മെഡൽ നേടിയതെന്ന കാര്യത്തിലും ജോയിയുടെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ചരിത്ര മൂല്യമുള്ളതിനാൽ മെഡൽ ലോക്കറിൽ തന്നെ തുടർന്നും സൂക്ഷിക്കാനാണ് ജോയിയുടെ തീരുമാനം.