ADVERTISEMENT

അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന്റെ അൻപതാം വാർഷിക റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തൃശൂർ ∙ സവർക്കറുടെ ചിത്രം രാഹുൽ ഗാന്ധിയുടെ പദയാത്രയുടെ പ്രചാരണത്തിനുപയോഗിച്ചത് ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രചാരണം കോൺഗ്രസും ഏറ്റെടുത്തതിന്റെ തെളിവാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന്റെ അൻപതാം വാർഷിക റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൻഡമാൻ ജയിലിൽ നിന്ന് മാപ്പെഴുതിക്കൊടുത്തു പുറത്തുവന്ന സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വഞ്ചിക്കുകയാണു ചെയ്തത്.

സവർക്കറെ ധീര ദേശാഭിമാനിയെന്ന് ഏറെക്കാലമായി ആർഎസ്എസ് പറയുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പദയാത്രയ്ക്കു സവർക്കറുടെ പടം വച്ചത് ആ പ്രചാരണം കോൺഗ്രസ് മനസ്സുകളെയും സ്വാധീനിച്ചതു കൊണ്ടാണ്. കേരളത്തിൽനിന്നു ജയിച്ച കോൺഗ്രസ് എംപിമാർ ബിജെപിയെ പ്രതിരോധിക്കുന്നില്ല. മാത്രമല്ല, ബിജെപിയെ പ്രതിരോധിക്കുന്ന സർക്കാരിന്റെ നയങ്ങളെ തുണയ്ക്കുന്നുമില്ല. കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.

കേരള വികസനം ഒരിഞ്ചു മുന്നോട്ടു പോകരുതെന്ന ബിജെപി, ആർഎസ്എസ് നയം തന്നെയാണു കോ‍ൺഗ്രസിനുമെന്ന് അദ്ദേഹം ആരോപിച്ചു. അഴീക്കോടൻ രാഘവനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർ അതു പിന്നീടു വന്ന കമ്യൂണിസ്റ്റു നേതാക്കൾക്ക് എതിരെയും തുടരുകയാണ്. അഴീക്കോടനെ അഴിമതിക്കോടൻ എന്നുവരെ വിളിച്ചു വ്യക്തിഹത്യ നടത്തി. എന്നാൽ അഴീക്കോടന്റ ശവമഞ്ചം കണ്ണൂരിലെത്തിയപ്പോഴാണു താമസിക്കാൻ സ്വന്തമായി വീടില്ലാത്ത ആളാണെന്നു പലരും മനസ്സിലാക്കിയത്– പിണറായി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, നേതാക്കളായ എം.കെ.കണ്ണൻ, മന്ത്രി കെ. രാധാകൃഷ്ണൻ, പി.കെ. ബിജു, മന്ത്രി ആർ. ബിന്ദു, എൻ.ആർ. ബാലൻ, എ.സി. മൊയ്തീ‍ൻ എംഎൽഎ, കെ.കെ. രാമചന്ദ്രൻ എംഎൽഎ, പി.കെ. ഡേവിസ്, കെ.വി. അബ്ദുൽ ഖാദർ, യു.പി. ജോസഫ്, സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com