ADVERTISEMENT

ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കിരൺ ആനന്ദ് നമ്പൂതിരി ആയുർവേദ ഡോക്ടർ മാത്രമല്ല, ഒന്നാന്തരം സഞ്ചാരിയും വ്ലോഗറും കൂടിയാണ്..

ഗുരുവായൂർ ∙ ആയുർവേദ ഡോക്ടർ, ഗായകൻ, മൃദംഗ വാദകൻ, വേദജ്ഞൻ, സഞ്ചാരി, വ്ലോഗർ.. ഇതെല്ലാം കൂടിച്ചേർന്നാൽ ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരിയായി! ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി നിയോഗിക്കപ്പെട്ട കിരൺ ആനന്ദ്, റഷ്യയിലെ മോസ്കോയിലെ കാഴ്ചകൾ പരിചയപ്പെടുത്തി ചെയ്ത ജനപ്രിയ വ്ലോഗുകൾക്ക് സമൂഹമാധ്യ മങ്ങളിൽ ആയിരക്കണക്കിനാണ് ആരാധകർ. സർവകലാവല്ലഭ നെന്ന വിശേഷണം എന്തുകൊണ്ടും കിരൺ ആനന്ദിന് യോജിക്കുമെന്ന് അദ്ദേഹത്തിന്റെ ജീവിതം കാട്ടിത്തരും.

ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യമായി പൂജകൾ നിർവഹിക്കാൻ അവകാശമുള്ള ഓതിക്കൻ കുടുംബമായ കക്കാട് ഇല്ലത്തെ ആനന്ദൻ നമ്പൂതിരിയുടെ മകനാണ് കിരൺ ആനന്ദ് (34). ചെറുപ്പത്തിൽ തന്നെ പൂജകളും വേദങ്ങളും ശാസ്ത്രീയ സംഗീതവും മൃദംഗവും പഠിച്ചു. 18ാം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ തുടങ്ങി. ആയുർവേദ ഡോക്ടറായതിനു ശേഷം 2015ൽ മോസ്കോയിൽ മലയാളികൾ നടത്തുന്ന ആയുർവേദ സ്ഥാപനത്തിൽ സ്പെഷലിസ്റ്റായി ജോലിക്കു ചേർന്നു. മ്യൂസിക് തെറപ്പിയിലും മികവ് തെളിയിച്ചു. ഗായികയും ഡോക്ടറുമായ ഭാര്യ മാനസിയും ഇവിടെ ജോലി ചെയ്തു.

6 വർഷത്തെ മോസ്കോ ജീവിതത്തിനിടെ കിരൺ ആനന്ദും മാനസിയും ചേർന്നു നടത്തിയ യാത്രകളാണു വ്ലോഗുകളായി സമൂഹമാധ്യ മങ്ങളിൽ തരംഗമായത്. റഷ്യൻ വിശേഷങ്ങളുടെ അഞ്ഞൂറിലേറെ വിഡിയോകൾ ഇവർ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ‘HARTT DUOS’ എന്ന പേരിലുള്ള ചാനലിന് 20,000–ൽ ഏറെ വരിക്കാരുണ്ട്. ഹെൽത്ത്, ആർട്, ട്രാവൽ, ടെക് എന്നതിന്റെ ചുരുക്കപ്പേരാണു ചാനലിന്റെ പേര്. കർണാടക സംഗീതത്തിലെ രാഗങ്ങളെ പരിചയപ്പെടുത്താൻ സിനിമാഗാനങ്ങൾ ഉൾക്കൊള്ളിച്ച് ‘രാഗ ജേർണി’ എന്നൊരു വിഡിയോ പംക്തി കൂടി ഇവർ ചെയ്യുന്നുണ്ട്.

‘HAPPY FIZZ’ എന്ന പേരിൽ മറ്റൊരു യൂട്യൂബ് ചാനൽ കൂടി ഇവർക്കുണ്ട്. സമൂഹമാധ്യമങ്ങളിലെ പുതിയ തരംഗമായ കവർ സോങ്ങുകൾ ആണ് ഇതിലൂടെ പോസ്റ്റ് ചെയ്യുന്നത്. മോസ്കോ ജീവിതത്തിനൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവർ മടങ്ങിയെത്തിയത്. ഈ മാസം 30ന് രാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി കിരൺ ആനന്ദ് ചുമതലയേൽക്കും. അടുത്ത 6 മാസം പുറപ്പെടാ ശാന്തിയായി ഗുരുവായൂരപ്പന്റെ പൂജാരിയായി കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com