ADVERTISEMENT

കൊടകര, പുതുക്കാട് ∙ സുരക്ഷയുടെ പേരിൽ വടംകെട്ടി മാറ്റിനി‍ർത്തിയവർക്കിടയിൽ നിന്നുയർന്ന ‘രാഹുൽജി’ വിളികൾ കേട്ടില്ലെന്നു നടിക്കാൻ അദ്ദേഹത്തിന് ആയില്ല. പറ്റാവുന്നിടത്തെല്ലാം അവരെ അടുത്തേക്കു വിളിച്ച് ചേർത്തു നിർത്തി. ഒന്നിച്ചൊരു ഫോട്ടോ എടുക്കാ‍ൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് അതിനും അനുവാദം നൽകി.ഇന്നലെ ചാലക്കുടി പേരാമ്പ്രയിൽ നിന്ന് രാവിലെ 6.35ന് ആരംഭിച്ച ഭാരത് ജോ‍ഡോ പദയാത്രയിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, കെ. മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ് കുമാർ ജോസഫ് എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ എന്നിവരും കൂടെ ഉണ്ടായിരുന്നു.

   നീരജ് കെ. നിത്യാനന്ദനെ രാഹുൽ ഗാന്ധി കൈ പിടിച്ച് പദയാത്രയിൽ കൂടെക്കൂട്ടിയപ്പോൾ
നീരജ് കെ. നിത്യാനന്ദനെ രാഹുൽ ഗാന്ധി കൈ പിടിച്ച് പദയാത്രയിൽ കൂടെക്കൂട്ടിയപ്പോൾ

രാവിലെ 7ന് തുടങ്ങുമെന്ന് അറിയിച്ച യാത്ര അതിനും മുന്നേ തുടങ്ങിയെങ്കിലും പ്രവർത്തകരുടെ തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നല്ല.യാത്ര തുടങ്ങിയപ്പോൾ തന്നെ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.യു. നിത്യാനന്ദന്റെ മകൻ നീരജിനെ രാഹുൽഗാന്ധി അടുത്തേക്കു വിളിച്ചു. കഴിഞ്ഞ ജൂണിൽ പറപ്പൂക്കര പോങ്കോത്രയിൽ കുളത്തിൽ വീണ കുട്ടിയെ രക്ഷിച്ച നീരജിനെ അദ്ദേഹം അഭിനന്ദിച്ചു.ദേശീയപാതയിൽ തൃശൂരിലേക്കുള്ള ട്രാക്കിലൂടെ യാത്ര നീങ്ങുമ്പോൾ മറു ട്രാക്കിൽ കിടക്കുകയായിരുന്ന വാഹനങ്ങളിലെ യാത്രക്കാ‍ർ കൈവീശി അഭിവാദ്യം ചെയ്തു.

ബസുകളിലുണ്ടായിരുന്ന കുട്ടികൾ ആർത്തുവിളിച്ചു. നടത്തത്തിനു വേഗം കുറയ്ക്കാതെ തന്നെ അദ്ദേഹം കൈവീശി. അപ്പോൾ റോഡിന്റെ മറുവശത്തു നിന്ന് രാഹുൽജി വിളികൾ ഉയർന്നു. അവർക്കും കൈ വീശി പ്രത്യഭിവാദ്യം.കൊടകരയിൽ നിന്ന് ഉമ്മൻചാണ്ടി യാത്രയിൽ പങ്കാളിയായി. അൽപനേരം നടന്നപ്പോൾ അദ്ദേഹത്തിന്റെ ക്ഷീണം കണ്ട രാഹുൽ അദ്ദേഹത്തെ നിർബന്ധപൂർവം വാഹനത്തിൽ തിരിച്ചു കയറ്റി.എഐസിസി ഡേറ്റ അനലിസ്റ്റ് സെൽ സെക്രട്ടറി പ്രവീൺ ചക്രവർത്തിയുമായുള്ള സംസാരത്തിലായിരുന്നു അദ്ദേഹം യാത്രയിൽ ഏറെ നേരവും. 8.45ന് കുറുമാലിയിൽ യാത്രയ്ക്ക് ഒരിടവേള. രാഹുൽ ഗാന്ധി ഭക്ഷണത്തിനായി കയറി. 

യാത്ര പുതുക്കാട് എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ വടത്തിനിടയിലൂടെ കയറിയ വിദ്യാർഥിനിയെ അടുത്തേക്ക് വിടാൻ രാഹുൽ നിർദേശിച്ചു. ഭാരത് ജോ‍ഡോ പദയാത്രയുടെ മനോരമ പത്രത്തിൽ വന്ന ചിത്രങ്ങൾ ശേഖരിച്ച് ഒട്ടിച്ചത് സമ്മാനിക്കാൻ എത്തിയ ആയിഷ അനസ് ആയിരുന്നു അത്. തന്റെ മകളാണെന്ന് കയ്പമംഗലം ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് അബൂബക്കർ പരിചയപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തിരക്കു കൂട്ടുമ്പോഴും രാഹുൽ ആയിഷയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. 

പുതുക്കാട് ജംക്‌ഷനിൽ കോൺഗ്രസിന്റെ കൂറ്റൻ കൊടിയുമായി നിന്ന ആളെ രാഹുൽ അടുത്തേക്കു വിളിച്ചു. ചെങ്ങാലൂർ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.ജി. രജീന്ദ്രന് ആ ക്ഷണം അപ്രതീക്ഷിതമായിരുന്നു. രജീന്ദ്രനെ ചേർത്തുപിടിച്ചാണ് രാഹുൽ മുന്നോട്ടു നീങ്ങിയത്. ആമ്പല്ലൂരിൽ എത്തിയപ്പോൾ അവശത മറന്ന് ഉമ്മൻചാണ്ടി വീണ്ടും നടത്തത്തിനു കൂടെക്കൂടി. ആമ്പല്ലൂർ ജംക്‌ഷനിൽ വാദ്യമേളങ്ങളും തിരുവാതിരക്കളിയുമായി വരവേൽപ്. രാവിലത്തെ പദയാത്രയ്ക്ക് അവിടെ സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com