ADVERTISEMENT

തൃശൂർ ∙ മിടുക്കരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാർക്കു കേരളത്തിൽ തൊഴിൽ ലഭിക്കാത്ത അവസ്ഥയെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ‍ുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മിടുക്കരായ ചെറുപ്പക്കാർ നിറഞ്ഞ സംസ്ഥാനമാണു കേരളമെങ്കിലും ഇവർക്കു തൊഴിൽ ലഭിക്കാത്തത് എന്തുകൊണ്ടെന്നു പഠിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇതൊരു കേവല വിമർശനമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് ഇക്കാര്യം പറയാൻ പ്രേരിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ നൂറുകണക്കിനു വിദ്യാർഥികൾ എനിക്കൊപ്പം അണിചേർന്നിരുന്നു. ഇവരോട് ഇനി എന്തുചെയ്യാനാണ് ആഗ്രഹമെന്നു ചോദിച്ചപ്പോൾ വിദേശത്തു ജോലിക്കു ശ്രമിക്കാനാണു തീരുമാനമെന്ന മറുപടിയാണു ലഭിച്ചത്. 

 ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്നെ കാണാനെത്തിയവരുടെ അടുത്തേക്ക് ചെന്നപ്പോൾ.
ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്നെ കാണാനെത്തിയവരുടെ അടുത്തേക്ക് ചെന്നപ്പോൾ.

 വിദേശത്തു പഠിക്കാനോ ജോലിചെയ്യാനോ ഉള്ള ആഗ്രഹം കൊണ്ടാണ് അതെങ്കിൽ പ്രശ്നമില്ല. പക്ഷേ, തൊഴിൽ ലഭിക്കണമെങ്കിൽ കേരളത്തിൽ നിന്നു പോകേണ്ടതുണ്ടെന്ന അവസ്ഥയാണു കാരണമെന്നു വിദ്യാർഥികൾ പറയുന്നു.നഗരമേഖലകളിലെ തൊഴിലില്ലായ്മയുടെ നിരക്കിൽ രാജ്യത്തു തന്നെ മുന്നിലുള്ള സംസ്ഥാനമാണു കേരളം. ഇക്കാര്യത്തിൽ ഗൗരവമായ പഠനങ്ങളും പരിഹാര നടപടികളും ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ ഭാവി ഗുരുതര പ്രതിസന്ധിയിലാകും. പരസ്പര വിദ്വേഷത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ രാജ്യത്തെ ഒന്നിപ്പിക്കാനാണു ഭാരത് ജോഡോ യാത്ര. കഴിഞ്ഞ 70 വർഷം കോൺഗ്രസ് എന്തുചെയ്തെന്നാണു മോദി ചോദിക്കുന്നത്. 

70 വർഷത്തെ കോൺഗ്രസ് ഭരണ കാലത്ത് ഉണ്ടായതിനേക്കാൾ വലിയ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്  8 വർഷത്തിനിടെ രാജ്യത്ത് ഉണ്ടായത്. ശതകോടീശ്വരന്മാർക്കു വേണ്ടിയ‍ുള്ള ഭരണമാണു രാജ്യത്തു നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലീഡർ കെ. കരുണാകരനെ ഓർമിക്കാതെ തൃശൂരിലെ യോഗവേദിയിൽ നിന്ന് എങ്ങനെ മടങ്ങാൻ കഴിയുമെന്ന രാഹുൽ ഗാന്ധിയുടെ വാചകം സദസ്സിൽ കരഘോഷമുയർത്തി.

എഐസിസി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, എം.കെ. രാഘവൻ, എംഎൽഎമാരായ ടി. സിദ്ദിഖ്, സനീഷ് കുമാർ ജോസഫ്, പി.സി. വിഷ്ണുനാഥ്, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, എം.എം. ഹസൻ, പത്മജ വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കര, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. 

ഭാരത് ജോഡോ യാത്ര ഇന്ന് വടക്കാഞ്ചേരിയിൽ  

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും.   രാവിലെ 6.30ന് തിരൂർ മണലാറുകാവ് ക്ഷേത്ര പരിസരത്തു നിന്ന് പുനരാരംഭിക്കുന്ന യാത്ര 10.30ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തും. സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി ഹാളിൽ രാഹുൽ ഗാന്ധിക്കും കൂടെ ഉള്ള പദയാത്രികർക്കും വിശ്രമവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഡിസിസി സെക്രട്ടറി കെ.അജിത്കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ എന്നിവർ പറഞ്ഞു. കെപിസിസി നിയോഗിച്ച പ്രത്യേക കേറ്ററിങ് ടീമാണു ഭക്ഷണം തയാറാക്കുന്നത്. 2ന് വിമുക്ത ഭടന്മാരുമായി പള്ളി ഓഡിറ്റോറിയത്തിൽ സംവാദം.

4ന് വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു യാത്ര പുനരാരംഭിച്ച് 8ന് വെട്ടിക്കാട്ടിരി സെന്ററിൽ പൊതുയോഗത്തോടെ സമാപിക്കും.   ജാഥ കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളിൽ വാദ്യങ്ങളും നാടൻ കലാരൂപങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകയെചേർത്തുപിടിച്ച് രാഹുൽ

ഒരു ദിവസത്തെ വിശ്രമ ശേഷം രാഹുൽ ഗാന്ധി പേരാമ്പ്ര അപ്പോളോ ടയേഴ്സിനു മുന്നിൽ വന്നിറങ്ങി ആവേശത്തോടെ ഭാരത് ജോഡോ യാത്ര തുടർന്നു. മുദ്രാവാക്യങ്ങളുമായി അണികളും നേതാക്കളും അണിനിരന്നു. ദേശീയപാതയിലും, സർവീസ് റോഡിലും ജനം തിങ്ങിനിറഞ്ഞു . വഴിയോരത്ത് കാത്തുനിന്ന, കുടുംബശ്രീ പ്രവർത്തകയും വിആർ പുരം എഡിഎസ് ചെയർപഴ്സനുമായ ഇന്ദിര ബാബുവിനെയാണ് രാഹുൽ അരികിലേക്കു വിളിച്ച് വിശേഷങ്ങൾ ആരാഞ്ഞത്.

കുടുംബശ്രീ പ്രവർത്തകയാണെന്ന് പറഞ്ഞപ്പോൾ, അതേക്കുറിച്ചും ചോദിച്ചു. ഏറ്റവും വലിയ വനിതാ കൂട്ടായ്മയുടെ പ്രവർത്തകരിലൊരാളാണെന്ന് പറഞ്ഞപ്പോൾ രാഹുൽ അഭിനന്ദിച്ചു. രാഹുൽജിക്ക് മലയാളം പഠിച്ചു കൂടെ എന്ന ഇന്ദിരയുടെ ചോദ്യം കെ.സി. വേണുഗോപാൽ പരിഭാഷപ്പെടുത്തിയപ്പോൾ, രാഹുൽ കൗതുകത്തോടെ ചിരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com