‘ഈ യാത്ര രാഹുലിനു വേണ്ടിയോ കോൺഗ്രസിനു വേണ്ടിയോ അല്ല; ഇത് എന്റെ രാജ്യത്തിനു വേണ്ടിയാണ്’

ഭാരത് ജോഡോ യാത്ര ചാലക്കുടിയിൽ എത്തിയപ്പോൾ. രാഹുൽ ഗാന്ധിയോടൊപ്പം എംപിമാരായ കെ.മുരളീധരൻ, ബെന്നി ബഹനാൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ഗോസാത്ര എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

വടക്കാഞ്ചേരി∙ ‘‘ഈ യാത്ര രാഹുലിനു വേണ്ടിയോ കോൺഗ്രസിനു വേണ്ടിയോ അല്ല; ഇത് എന്റെ രാജ്യത്തിനു വേണ്ടിയാണ്.’’– ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടക്കുന്നതിന് ഏറെ മുന്നിൽ നടക്കുകയായിരുന്ന സ്വരാജ് ഇന്ത്യ പാർട്ടി സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ആണ് ഇത് പറയുന്നത്. ‘‘കേരളത്തി‍ൽ ഇടതുപക്ഷത്തിന്റെ ശക്തി എനിക്കറിയാം. അവർക്കും ഈ യാത്രയിൽ നിന്ന് മാറിനിൽക്കാനാവില്ല. കാരണം, ഇത് ഈ രാജ്യം നിലനിൽക്കാൻ വേണ്ടിയുള്ള യാത്രയാണ്.’’ 

യാത്രയുടെ തുടക്കത്തിൽ കന്യാകുമാരി മുതൽ ഉണ്ടായിരുന്ന യോഗേന്ദ്ര യാദവ് പാർട്ടി യോഗങ്ങൾ കഴിഞ്ഞ് 7 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശൂരിൽ എത്തി യാത്രയിൽ അണി ചേർന്നത്. ജില്ലയിൽ യാത്രയുടെ സമാപന ദിവസമായ ഇന്നലെയും പദയാത്ര കടന്നുപോകുന്ന പാത മുഴുവൻ കാണികളുടെ തിരക്കായിരുന്നു. കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും മാത്രമല്ല, വീട്ടമ്മമാരും കുട്ടികളും ഞായറാഴ്ചയുടെ അവധി മറന്ന് രാവിലെ നേരത്തേ എഴുന്നേറ്റ് രാഹുലിനായി കാത്തുനിന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് അടുത്തേക്ക് ഓടിയെത്തിയവരെ രാഹുൽ സ്നേഹത്തോടെ ചേർത്തു പിടിച്ചു. കൂടെ നടക്കാൻ താൽപര്യം കാണിച്ചവരെ അൽപദൂരം കൈ പിടിച്ച ശേഷം സ്നേഹത്തോടെ മാറ്റി നിർത്തി. 

രാവിലെ 6.30ന് തിരൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കോലഴി ഇടുക്കാട്ട് ലക്ഷ്മീദേവിയും കോലഴി സ്വപ്നഭൂമിയിലെ മലപ്പാൻ സിസിലിയും ഭാരത് ജോ‍ഡോ യാത്രയുടെ ചിത്രങ്ങൾ യാത്രയുടെ തുടക്കത്തിലേ രാഹുലിനു സമ്മാനിച്ചു. ആറേഴ് മാസങ്ങൾക്കു മുൻപേ സ്പോർട്സ് സൈക്കിൾ വാങ്ങുന്നതിനായി പണം സൂക്ഷിച്ചിരുന്ന കുടുക്ക അന്തിക്കാട് സ്വദേശി  എളേടത്ത് പറമ്പിൽ ഷാനവാസിന്റെ മകൻ ഷഹസിൻ രാഹുൽ ഗാന്ധിക്ക് കൈമാറി. നല്ലവണ്ണം പഠിച്ച് മിടുക്കനാകണമെന്ന ഉപദേശത്തോടൊപ്പം കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് കൂടി നൽകിയാണ് രാഹുൽ ഷഹസിനെ യാത്രയാക്കിയത്. 

ഭാരത് ജോഡോ യാത്രയിൽ ഇന്ദിരഗാന്ധിയുടെ വേഷം ധരിച്ച് എത്തിയ കുട്ടി. അച്ചന്റെ ചുമലിലിരുന്നു  യാത്രയെ അനുഗമിച്ചപ്പോൾ. 				ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയിൽ ഇന്ദിരഗാന്ധിയുടെ വേഷം ധരിച്ച് എത്തിയ കുട്ടി. അച്ചന്റെ ചുമലിലിരുന്നു യാത്രയെ അനുഗമിച്ചപ്പോൾ. ചിത്രം: മനോരമ

പള്ളിയിൽ പോയി മടങ്ങുകയായിരുന്ന റിട്ട. നഴ്സിങ്  സൂപ്രണ്ട് മൈത്രിനഗർ ആളൂർ വീട്ടിൽ മാർഗരറ്റ് രാഹുലിന്റെ യാത്ര കാണുന്നത് അത്താണിയിൽ എത്തുമ്പോഴാണ്. ഉറക്കെ പേര് വിളിച്ച് സുരക്ഷാ വലയത്തിനകത്തേക്കു കയറാൻ നിന്ന മാർഗരറ്റിനെ കടത്തി വിടാൻ രാഹുൽ നിർദേശിച്ചു. അവരെ ചേർത്തു നിർത്തി ഫോട്ടോ എടുത്ത ശേഷം നടത്തം ഉടനെ പഴയ വേഗം കൈവരിച്ചു. 

ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡയും ഇന്നലെ കേരളത്തിലെ നേതാക്കൾക്കു പുറമേ രാഹുലിനോടൊപ്പം രാവിലെ യാത്രയി‍ൽ ഉണ്ടായിരുന്നു. അത്താണിയിൽ ആയിരുന്നു പ്രഭാത ഭക്ഷണം. അര മണിക്കൂറിനു ശേഷം യാത്ര തുടരാൻ നിൽക്കവേ ഇന്ദിരയുടെ വേഷത്തിൽ നി‍ൽക്കുകയായിരുന്ന കൊച്ചുപെൺകുട്ടിയോട് കുശലാന്വേഷണം. സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച ഒട്ടേറെ പേരെ പൊലീസ് പിടിച്ചുമാറ്റി. ഇതിനിടെ കുഞ്ഞിനെയും എടുത്ത് അകത്തേക്ക് ഓടിക്കയറിയ പൂവണി സ്വദേശി  സുമംഗലയെ വീഴാതെ രാഹുൽ തന്നെ പിടിച്ചു. മിണാലൂർ ബൈപാസിൽ ചുവന്ന ബാനറുമായി സിഎംപി പ്രവർത്തകരുടെ മുദ്രാവാക്യം. കുറാഞ്ചേരിയി‍ൽ എത്തുമ്പോഴാണ് ആര്യാടൻ മുഹമ്മദിന്റെ മരണവാർത്ത വരുന്നത്. യാത്ര തുടരുന്നതിനെപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങളും രാഹുൽഗാന്ധി അങ്ങോട്ടു പോകുന്ന കാര്യവുമെല്ലാം യാത്ര മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ തന്നെ ചർച്ച ചെയ്തു. യാത്ര മാറ്റി വയ്ക്കേണ്ട എന്നു തീരുമാനവും വന്നു. കുറാഞ്ചേരിയിൽ നിന്ന് യാത്രയിൽ കൂടെക്കയറിയ ആശ പ്രവർത്തകയുമായി രാഹുൽ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൊണ്ട് മുന്നോട്ട്. വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ചർച്ചിൽ യാത്ര അവസാനിപ്പിച്ച് നിലമ്പൂരിലേക്ക് യാത്ര തിരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}