മൊത്തം 16 ആൽബം, 7000 പൊലീസുകാരുടെ ചിത്രങ്ങൾ!; ഈ പൊലീസ് പ്രേമം കണ്ട് കമ്മിഷണർ ആദിത്യയ്ക്കും കൗതുകം

Mail This Article
തൃശൂർ∙ കാണാനെത്തിയ പെൺകുട്ടി നീട്ടിയ ആൽബം കമ്മിഷണർ ആർ. ആദിത്യ തുറന്നു നോക്കി. പത്രങ്ങളിലും മാഗസിനുകളിലും നിന്നു നിറയെ പൊലീസിന്റെ ചിത്രങ്ങൾ വെട്ടി ഒട്ടിച്ചിരിക്കുന്നു. അതു കണ്ടു കഴിഞ്ഞപ്പോൾ അടുത്തത്... 4 ആൽബം നിറയെ പൊലീസുകാരുടെ പലതരം ചിത്രങ്ങൾ കണ്ട് അമ്പരന്ന കമ്മിഷണറോട് അവൾ പറഞ്ഞു. മൊത്തം 16 ആൽബം നിറഞ്ഞു. 7000 ചിത്രങ്ങൾ! ആൻ മരിയയുടെ പൊലീസ് പ്രേമം കണ്ട് ആദിത്യയ്ക്കും കൗതുകം. കേരള പൊലീസിന്റെ വെബ്സൈറ്റിൽ ആൻമരിയയെ അവതരിപ്പിക്കുകയും ചെയ്തു.
പൊതുവേ, കുട്ടികൾക്കു പൊലീസിനെ പേടിയാണെങ്കിൽ, പറപ്പൂർ ചാലയ്ക്കൽ റോഡ് ഹാപ്പിനഗർ അറങ്ങാശേരി ഷാബുവിന്റെയും പ്രിൻസിയുടേയും മകൾ ആൻമരിയയുടേത് വ്യത്യസ്തമായ ഹോബി. കുഞ്ഞായിരിക്കുമ്പോൾ മുതൽ കാക്കിയോട് ഇഷ്ടം. വഴിയിൽ ഒരു പത്രക്കഷണം കിടക്കുന്നതിൽ ഒരു പൊലീസുകാരന്റെ പടം കണ്ടാൽ പോലും വിടില്ല. കയ്യോടെ പൊടിതട്ടിയെടുക്കും. വൈകിട്ട് വീട്ടിലെത്തിയാലുടൻ വെട്ടി പുസ്തകത്തിലാക്കും. പൊലീസിനെ അഭിനന്ദിക്കുന്ന ഏതു വാർത്തയും വെട്ടിയൊട്ടിക്കും.
അവധി ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ പോകും. ഉദ്യോഗസ്ഥരെ കണ്ട് ഒപ്പു വാങ്ങാനാണ്. തിരക്കുള്ള സമയമാണെങ്കിൽ ഏറെ നേരം കാത്തു നിൽക്കേണ്ടി വരും. അത് ആൻ മരിയയ്ക്കു സന്തോഷമാണ്. കാരണം അത്രയും നേരം പൊലീസുകാരെ കാണാല്ലോ. 13 വർഷമായി ഈ ശീലം തുടങ്ങിയിട്ട്. വഴിയരികിൽ ഒരു പൊലീസുകാരനെയോ പൊലീസുകാരിയെയോ കണ്ടാൽ ഓടിച്ചെന്നു വർത്തമാനം പറയും. ഒരു സെൽഫിയുമെടുക്കണം. ഇതൊക്കെ പ്രിന്റെടുത്ത് ആൽബത്തിലൊട്ടിക്കും.
സുരേഷ്ഗോപിയുടേതടക്കം സിനിമയിലെ പൊലീസ് വേഷങ്ങളും ഡയലോഗുകളുമെല്ലാം കാണാപ്പാഠം. കോവിഡ് കാലത്ത് പൊലീസുകാർ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ ആൻമരിയ പേരാമംഗലം സ്റ്റേഷനിൽ വിളിച്ചുചോദിച്ചു. ‘ ഞാനും ജോലിക്കു വരട്ടേ?’ കോവിഡ് ഭീഷണിയുള്ളതിനാൽ അനുമതി കിട്ടിയില്ല. പൊലീസ് പ്രേമം മൂത്ത മകളോട് അച്ഛൻ ഷാബു ചോദിച്ചു: നിനക്ക് എന്താവാനാണ് ആഗ്രഹം. എനിക്ക് പൊലീസാകണം എന്നു തന്നെ മറുപടി.
സെന്റ് തോമസ് കോളജിൽ ക്രിമിനോളജി ആൻഡ് പൊലീസ് സയൻസ് പഠിക്കുന്നു. പഠനം കഴിഞ്ഞാൽ ടെസ്റ്റ് എഴുതി എസ്ഐ ആകണം. യൂണിഫോമിട്ടു നിൽക്കുന്ന ആ ദിവസമാണ് ആൻമരിയയുടെ സ്വപ്നം. കമ്മിഷണർ ആദിത്യ അടക്കം കണ്ട പൊലീസുകാരെല്ലാം ആശംസിക്കുന്നതും അതു തന്നെ. ഡ്രസ് അയണിങ് സ്ഥാപനവും ചവിട്ടി നിർമിച്ചു വിൽക്കുന്ന കടയും നടത്തുന്ന അച്ഛൻ ഷാബു മകളുടെ സ്വപ്നത്തിനൊപ്പം ‘പൊലീസ് സ്റ്റേഷൻ കയറി’ നടപ്പാണ്.