ADVERTISEMENT

ചാലക്കുടി ∙ ചോലയുടെ തണുപ്പും ഒഴുക്കും വരയായും വർണമായും തെളിയുന്ന ഒരിടമുണ്ടിവിടെ. പേര് ‘ചോല’. ചോലയാർ എന്ന് അറിയപ്പെട്ടിരുന്ന, കേരളത്തിൽ വലുപ്പം കൊണ്ട് അഞ്ചാമത്തെ പുഴയായ ചാലക്കുടിപ്പുഴയുടെ തീരം പണ്ടേ കലയുടെയും സംസ്കാരത്തിന്റെയും വിളനിലമായിരുന്നു. ഈ സംസ്കൃതിയെ വീണ്ടെടുക്കാനായി ആരംഭിച്ചതാണു ‘ചോല’എന്നു പേരിട്ട ആർട് ഗാലറി. ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള ലേഡീസ് ക്ലബ് എന്ന സ്ഥാപനം ആധുനിക രീതിയിൽ നവീകരിച്ചാണ് ‘ചോല’ ആരംഭിച്ചത്.

2018–ൽ 12 അടി ഉയരത്തിൽ പ്രളയജലം വന്നതോടെ ഇവിടെ പരിശീലന പരിപാടികൾ മുടങ്ങിയിരുന്നു. അതിനു മുൻപ് ക്ലബ്ബിൽ ചിത്രകല, നൃത്തം, ഉപകരണ സംഗീതം എന്നിവയിൽ പരിശീലനം നൽകിയിരുന്നു. പൂർവ വിദ്യാർ‍ഥിയായിരുന്ന ജോമോൻ ആലുക്കയുടെ ക്ലബ് സന്ദർശനമാണു കാര്യങ്ങൾ മാറ്റി മറിച്ചത്. പ്രളയത്തിൽ നശിച്ചു കിടന്ന കെട്ടിടം പുനരുദ്ധരിക്കണമെന്ന് ഭാരവാഹികളോട് അദ്ദേഹം അഭ്യർഥിച്ചു.

ചർച്ചകൾക്കൊടുവിൽ ആർട് ഗാലറിയെന്ന ആശയം പിറവി കൊണ്ടു. 20 ലക്ഷത്തോളം രൂപ ചെലവിട്ട ഈ ആർട്ട് ഗാലറിയിൽ ആധുനിക ലൈറ്റിങ് സംവിധാനവും മറ്റു ക്രമീകരണങ്ങളും ഉണ്ട്. 56 പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന രാജ്യാന്തര ചിത്ര, ശിൽപ പ്രദർശനമാണ് ‘ചോല’യിലെ ആദ്യ പരിപാടി. നൂറോളം ചിത്ര–ശി‍ൽപ രൂപങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാ ലയിലെ കലാ വിഭാഗം മേധാവിയും ചിത്രകാരനുമായ ഡോ.ഷാജു നെല്ലായി, സുരേഷ് മുട്ടത്തി, നൈജോ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗാലറിയുടെ ഉദ്ഘാടനം ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ കെ.എം. മധുസൂദനൻ നിർവഹിച്ചു. ലേഡീസ് ക്ലബ് പ്രസിഡന്റ് മല്ലിക കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പ്രദർശനം 30നു സമാപിക്കും. പ്രവേശനം സൗജന്യം.

∙ വഴി- ദേശീയപാതയിൽ ചാലക്കുടി ഗവ. ആശുപത്രി സ്റ്റോപ്പിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ ആശുപത്രി റോഡിലാണു ഗാലറി. ∙ ഫോൺ 94472 25013

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com