പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസ് സീൽ ചെയ്ത് എൻഐഎ

Mail This Article
ചാവക്കാട് ∙ നിരോധനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട്ടെ ജില്ലാ ഓഫിസ് എൻഐഎ സംഘം സീൽ ചെയ്തു. ഇരുനില കെട്ടിടവും 7 സെന്റ് ഭൂമിയും എൻഐഎ ഏറ്റെടുത്തതായി അറിയിച്ചുള്ള നോട്ടിസും കെട്ടിടത്തിൽ പതിച്ചു. കൊച്ചിയിൽ നിന്നുള്ള നാലംഗ എൻഐഎ സംഘമാണ് വൈകിട്ട് ആറോടെ ചാവക്കാട് സ്റ്റേഷനിൽ എത്തിയതിനു ശേഷം തെക്കഞ്ചേരിയിലെത്തി നടപടികൾ പൂർത്തീകരിച്ചത്.
എൻഐഎ, അധികാരമുള്ള മറ്റ് അതോറിറ്റികൾ എന്നിവയുടെ അനുമതിയോടെ മാത്രമേ കെട്ടിടം വിൽക്കാനോ വാടകയ്ക്ക് നൽകാനോ ക്രയവിക്രയം ചെയ്യാനോ സാധിക്കുകയുള്ളൂവെന്ന നോട്ടിസാണ് അധികൃതർ പതിച്ചത്. കൊച്ചിയിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഇൻസ്പെക്ടർ ആർ.ഉമേഷ് റായിയുടെ പേരിലാണ് ഉത്തരവ് പതിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഉടമകളിൽ ഒരാളായ ഫാമിസ് അബൂബക്കറിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി നടപടി പൂർത്തീകരിച്ചു. കെട്ടിടം എൻഐഎ ഏറ്റെടുത്തതായ രേഖകളിൽ ഫാമിസ് ഒപ്പിട്ടു നൽകി.
ഗുരുവായൂർ എസിപി കെ.ജി.സുരേഷ്, എസ്എച്ച്ഒ വിപിൻ.കെ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തഹസിൽദാർ ടി.കെ.ഷാജിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. എൻഐഎ എത്തുന്നതിന് 4 മണിക്കൂർ മുൻപ് യുഎപിഎ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ പേരിലുള്ള നോട്ടിസ് ഗുരുവായൂർ എസിപിയും കെട്ടിടത്തിൽ പതിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ഒാഫിസിൽ എൻഐഎ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും നികുതിയടച്ച രശീതും എൻഐഎ പിടിച്ചെടുത്തിരുന്നു.