ADVERTISEMENT

‘പറപ്പിച്ചു വിടും’ പറപ്പൂർ !

തൃശൂർ∙ പത്തുവർഷമായി മുടങ്ങാതെ വയോജനങ്ങളുമായി സൗജന്യ യാത്ര പോവുകയാണ് പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി. ഒന്നും രണ്ടുമല്ല ഇത്തവണ 400 പേർ. കഴിഞ്ഞ തവണ 650 പേർ. ഇത്തവണത്തെ ആനന്ദ യാത്ര ഇന്ന്. തോളുർ പഞ്ചായത്തിലെ 65 വയസ് കഴിഞ്ഞവരും തൃശൂർ ജില്ലയിൽ ഇതര പഞ്ചായത്തുകളിലെ 70 വയസ് കഴിഞ്ഞവരും  ജില്ലയിലെ എല്ലാ ഓർഫനേജുകളിലെയും60 വയസ് തികഞ്ഞ അന്തേവാസികളുമായി 400 പേർ എട്ടുബസുകളിലായി രാവിലെ 7.45നു പുറപ്പെടും. പറപ്പൂർ മാർ‌ക്കറ്റിൽ  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഫാ. ആന്റണി ആലൂക്കയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി പോൾസൺ അദ്ധ്യക്ഷത വഹിക്കും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ആനി ജോസ് മുഖ്യാതിഥിയായിരിക്കും. 8.30 am ന് തൃശൂർ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിൽ നൽകുന്ന സ്വീകരണ യോഗത്തിൽ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കല്യാൺ സിൽക്സ് എം ഡി ടി എസ് പട്ടാഭിരാമൻ, ഡബിൾ ഹോഴ്സ് എം ഡി സജീവ് മഞ്ഞില എന്നിവർ പങ്കെടുക്കും.11 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന സംഘത്തെ സിയാൽ എം.ഡി,  എസ്. സുഹാസ് സ്വീകരിക്കും.12.30 ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ചേരുന്ന വയോജന സംഗമം കെൽസ ചെയർമാൻ കൂടിയായ ജസ്റ്റിസ് കെ. വിനോദ്‌ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ) ആശംസ നേരും. ഫോർട്ട് കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വല്ലാർപ്പാടം വഴി മറൈൻ ഡ്രൈവിലെത്തി കൊച്ചിക്കായലിൽ ബോട്ടിങ്ങും നടത്തും. ഉദാരമതികളുടെയും പ്രസ്ഥാനങ്ങളുടേയുമെല്ലാം സഹകരണങ്ങളോടെയുള്ള യാത്ര കോവിഡ് കാലത്ത് മുടങ്ങിയിരുന്നു. പകൽ വീടും രാത്രി വീടും നടത്തുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, പെയിൻ & പാലിയേറ്റീവ് ഹോസ്പിറ്റലും ഭിന്നശേഷി ക്കാർക്ക് ഫിസിയോ തെറപ്പി സേവനവും ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് പ്രസിഡന്റ് സി.സി. ഹാൻസൺ, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.

ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബിന്റെ ഉല്ലാസയാത്രയ്ക്കെത്തിയ സംഘത്തെ നിയമസഭാ മന്ദിരത്തിനു മുന്നിൽ മന്ത്രി കെ. രാജൻ സ്വീകരിച്ചപ്പോൾ.(ഫയൽചിത്രം)

പാണഞ്ചേരി യാത്ര പത്താംവർഷം

പട്ടിക്കാട്∙ വയോജന ദിനത്തിനു മാത്രമല്ല വർഷം മുഴുവൻ വയോജനങ്ങൾക്കുവേണ്ടി നിരന്തരമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട് പാണഞ്ചേരി പഞ്ചായത്തിൽ . 14 വർഷം മുൻപ് അങ്കണവാടികൾ കേന്ദ്രീകരിച്ചു വയോജന ക്ലബ്ബുകൾ രൂപീകരിച്ചിരുന്നു. പലസ്ഥലങ്ങളിലും ഏതാനും വർഷങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത് എന്നാൽ പീച്ചി പൊലീസ് സ്റ്റേഷന്റ കീഴിൽ പതിനഞ്ചോളം വയോജന ക്ലബ്ബുകൾ ഇപ്പോഴും സജീവമാണ്.

ഇതിൽ 5 ക്ലബ്ബുകൾ കോവിഡ് കാലമൊഴികെ  കഴിഞ്ഞ 10 വർഷമായി വിനോദയാത്ര സംഘടിപ്പിക്കുന്നു. വയോജന ക്ലബ്ബുകൾക്ക് നേതൃത്വം നൽകുന്നതു കോ ഓഡിനേറ്റർ സോമൻ കൊളപ്പാറയും അങ്കണവാടി വർക്കർമാരുമാണ്. സ്റ്റേഷനിലെ എ എസ് ഐ ആയിരുന്ന പി.മുരളീധരൻ മുതൽ ഇപ്പോഴത്തെ എസ് എച്ച് ഒ കെ.സി. ബൈജു ഉൾപ്പെടെയുള്ളവർ വയോജന ക്ലബ്ബിന്റെ നിരന്തരമുള്ള പ്രവർത്തനത്തിനു മാർഗനിർദേശം നൽകുന്നു. എല്ലാവർഷവും ഓണാഘോഷവും വാർഷികവും വിനോദയാത്രയുമെല്ലാം കൃത്യമായി സംഘടിപ്പിച്ചു പോരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com