ADVERTISEMENT

തൃശൂർ∙ നാടിനു കാരുണ്യത്തിന്റെ തണൽ വിരിച്ച പ്രവാസി വ്യവസായി സി.കെ. മേനോനെ അനുസ്മരിച്ചു. ജീവിതത്തിന്റെ നാനാ തുറകളിൽനിന്ന് എത്തിയവരുടെ സംഗമം സി.കെ. മേനോൻ അനുസ്മരണ സമിതിയാണു സംഘടിപ്പിച്ചത്. സാമ്പത്തിക ശക്തിയിൽ സി.കെ. മേനോനെപ്പോലെ ഉയർന്ന പലരുമുണ്ടാകും. എന്നാൽ എളിമയിലും ആരുമറിയാതെ നടത്താറുള്ള കാരുണ്യ പ്രവർത്തനത്തിലും അദ്ദേഹത്തെപ്പോലെ ആരുമുണ്ടാകില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. 

പുതിയ തലമുറ പാഠമാക്കേണ്ട ജീവിതമാണത്. സ്വന്തം സ്ഥാപനം തൊഴിലാളികൾക്കു വിട്ടുകൊടുത്താണ് അദ്ദേഹം പുതിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. ദേവാലയ നവീകരണങ്ങൾക്കു സഹായം നൽകാൻ അദ്ദേഹത്തിനു മതമോ ജാതിയോ തടസ്സമായിരുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സി.കെ. മേനോൻ തന്ന സംഭാവനയിൽ ബാക്കി വന്ന 8 ലക്ഷം രൂപ അദ്ദേഹത്തിനു തിരിച്ചുകൊടുത്തിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ കുടുംബം സാക്ഷിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

 കാരുണ്യത്തിലും മനുഷ്യസ്നേഹത്തിലും സി.കെ. മേനോനു തുല്യനായ ആരുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ അഭിപ്രായപ്പെട്ടു.  ദാനശീലത്തിന്റ അടയാളമായി സി.കെ. മേനോൻ ഉയർന്നു നിൽക്കുന്നുവെന്നു മന്ത്രി ആർ. ബിന്ദു പറഞ്ഞു. റെയിൽവെ ചേരി നിവാസികൾ കുടിയിറക്കപ്പെട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ എല്ലാവർക്കും വീടു പണിതു കൊടുത്തതു സി.കെ. മേനോനാണെന്നും ബിന്ദു പറഞ്ഞു.

കാരുണ്യത്തിന്റെ പാതയിൽ സി.കെ. മേനോൻ നടത്തിയ യാത്ര സമാനതകളില്ലാത്തതാണെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ചായ വാങ്ങിത്തരാൻ പണമില്ലാത്ത മേനോനെ ഗൾഫിൽ കണ്ടിട്ടുണ്ട്. മറ്റു പലരും അവിടെയുണ്ടായിരുന്ന അടിത്തറയിലാണു സാമ്രാജ്യം കെട്ടിപ്പെടുത്തത്. എന്നാൽ ഒരു ജോലി കിട്ടാൻ പട്ടിണി കിടന്ന് അലഞ്ഞ മേനോൻ അടിത്തറ തൊട്ട് എല്ലാം പടുത്തുയർത്തുകയാണു ചെയ്തതെന്ന് അദ്ദേഹം അനുസ്മരിച്ചു. 

ഈശ്വരൻ അർഹതപ്പെട്ടവരിൽ എത്തിക്കാനാണു സമ്പത്തു നൽകിയതെന്നും അത് അവരോടു ചെയ്യുന്ന ഔദാര്യമല്ല സഹായം സ്വീകരിക്കുന്നവരുടെ അവകാശമാണെന്നുമായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നതെന്നു മകനും എബിഎൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു. കലക്ടർ ഹരിത വി. കുമാർ, മേയർ എം.കെ. വർഗീസ്, സമിതി കൺവീനർ എ.കെ. ഹരിദാസ്, ജോൺ ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT