ADVERTISEMENT

തൃശൂർ ∙‘ഓരോരുത്തരോടും വിളിച്ച് കഥ പറയാൻ വയ്യാത്തതു കൊണ്ട് ഞാൻ പുസ്തകം വിവർത്തനം ചെയ്യാൻ തീരുമാനിച്ചു. എന്നെ അറിയാത്തവരും കഥ വായിക്കട്ടെയെന്നു തോന്നി’’– ഒഡിയയിലേക്കുള്ള വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗൗരഹരി ദാസ് വിവർത്തനം ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിച്ചത് ഇങ്ങനെയാണ്. ബെന്യാമിന്റെ ‘ആടുജീവിതം’ വിവർത്തനം ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ തൃശൂരിലെത്തിയ അദ്ദേഹം വിവർത്തകരുടെ സംഗമത്തിലും പങ്കെടുത്തു.

 ഗൗരഹരിദാസ്
ഗൗരഹരിദാസ്

ഒഡിയയിൽ കഥകളും യാത്രാവിവരണങ്ങളുമായി 77 പുസ്തകങ്ങൾ എഴുതുകയും അതിൽ ഒന്നിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത താൻ എന്തിന് ഒരു വിവർത്തനത്തിനു മുതിർന്നെന്ന് പലരും ചോദിച്ചതായി ഗൗരഹരി ദാസ് പറയുന്നു. മുംബൈയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള യാത്രാമധ്യേയാണ് ഒരു സുഹൃത്ത് ‘ആടുജീവിതം’ പരിചയപ്പെടുത്തിയത്. നജീബിന്റെ കഥ പിന്നീട് പല സുഹൃത്തുക്കളോടും ഫോണിലും നേരിട്ടുമൊക്കെ പറഞ്ഞിട്ടുണ്ട്. അവരും കഥ കേട്ട് തരിച്ചിരുന്നുപോയി. അങ്ങനെ കുറേപ്പേരോട് കഥ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇനി ഓരോരുത്തരോടും പറയുന്നതിനെക്കാൾ നല്ലതല്ലേ, ഒ‍ഡിയയിലേക്ക് വിവർത്തനം ചെയ്യുന്നത് എന്നു തോന്നിയത്.

ഷിംലയിൽ ഒരു സാംസ്കാരികോത്സവത്തിൽ ബെന്യാമിനെ കണ്ടുമുട്ടിയതും ഗൗരഹരി ഓർത്തെടുത്തു. എല്ലാ സർഗാത്മക രചയിതാക്കളും ഒരു പുസ്തകമെങ്കിലും വിവർത്തനം ചെയ്യണം എന്നും ഗൗരഹരി പറഞ്ഞു. വിവർത്തനത്തിന്റെ ബുദ്ധിമുട്ടുകൾ കൂടി അറിയുന്നത് സർഗാത്മക ജീവിതത്തിനു ഗുണം ചെയ്യും. വിവർത്തന കൃതികൾ വായിച്ചാണ് എഴുത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ നല്ല കൃതികൾ പരിചയപ്പെട്ടത് തന്നിലെ എഴുത്തുകാരനെ പാകപ്പെടുത്തിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നേടിയ 18 വിവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. 

മലയാളത്തിലേക്കുള്ള വിവർത്തനത്തിന് അവാർഡ് നേടിയ സുനിൽ ഞാളിയത്തും അനുഭവം പങ്കുവച്ചു. ബംഗാളിയിൽ മഹാശ്വേതാ ദേവി എഴുതിയ ‘ഓപറേഷൻ ബഷായ് ടുഡു; എന്ന നോവലാണ് മലയാളത്തിലേക്ക് മൊഴി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com