ഓർമകളിൽ പ്രിയ സഖാവ്

HIGHLIGHTS
  • കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐ കാലം മുതൽ തൃശൂരിനോട് ഒട്ടിനിന്ന നേതാവ്
  • കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐ കാലം മുതൽ തൃശൂരിനോട് ഒട്ടിനിന്ന നേതാവ്
 കോടിയേരി ബാലകൃഷ്ണൻ തൃശൂർ ബ്രഹ്മസ്വം മഠം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
കോടിയേരി ബാലകൃഷ്ണൻ തൃശൂർ ബ്രഹ്മസ്വം മഠം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
SHARE

തൃശൂർ∙എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നതു മുതൽ നഗരവുമായി അടുത്തുനിന്ന സഖാവാണു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം യാത്രയാകുമ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്തവർക്കുപോലും നല്ലൊരു സുഹൃത്തിനെ നഷ്ടമാകുന്നു. എസ്എഫ്ഐ നേതാവായിരിക്കെ ഇടയ്ക്കിടെ ഇവിടെ വന്നിരുന്ന കോടിയേരി ഉറങ്ങിയിരുന്നതു പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലാണ്. അന്ന് എസ്എഫ്ഐക്കു മറ്റിടങ്ങളിൽ മുറിയെടുത്തു കൊടുക്കാനുള്ള ശേഷിയും ഇല്ലായിരുന്നു. 

പാർട്ടി ഓഫിസിലെത്തിയാൽ മുഴുവൻ സമയവും അദ്ദേഹം പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു. വളരെ വൈകി മാത്രം ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യും. നേതൃത്വത്തിലെത്തിയപ്പോൾ ജില്ലയിലെ പാർട്ടി വിഭാഗീയത ചർച്ചകളിലൂടെ അവസാനിപ്പിച്ചത് കോടിയേരിയാണ്. പഴയ സൗഹൃദങ്ങൾ അതിനു കരുത്തായി. എല്ലാ പ്രശ്നവും അവസാനിപ്പിച്ചശേഷം അദ്ദേഹം വിവിധ തലങ്ങളിലെ പാർട്ടി നടപടിക്കു അനുമതി നൽകി. അതായിരുന്നു കോടിയേരിയുടെ മറ്റൊരു മുഖം. നടപടി നേരിട്ടവരുമായും അദ്ദേഹം നല്ല അടുപ്പം സൂക്ഷിച്ചു. 

അഭ്യന്തര മന്ത്രിയായിരിക്കെ സാധാരണ പൊലീസുകാരനുപോലും രാമനിലയത്തിലെത്തി അദ്ദേഹത്തെ കാണാനാകുമായിരുന്നു. രാമനിലയത്തിൽനിന്നു പാർട്ടി ജില്ലാ ആസ്ഥാനത്തേക്ക് പോകാൻ അദ്ദേഹം മിക്കപ്പോഴും ഉപയോഗിച്ചതു പാർട്ടിയുടെ കൊടിവച്ച കാറായിരുന്നു. പൊലീസ് നിർബന്ധത്താൽ പൈലറ്റ് വാഹനത്തിനുമാത്രം അനുമതി നൽകി. പദവി ഏതായാലും താനൊരു കമ്യൂണിസ്റ്റുകാരനാണെന്നു പാർട്ടി നേതാക്കളെ അദ്ദേഹം ഓർമിപ്പിക്കുകയായിരുന്നു.

ജില്ലാ സമ്മേളനം നടക്കുമ്പോൾ ഒരു മിനിറ്റുപോലും പുറത്തുപോകാതെ മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മേൽകമ്മിറ്റി അംഗമെന്ന നിലയിൽ നടപടി എടുക്കേണ്ടിവന്ന സമയത്തെല്ലാം അടുപ്പം വകവയ്ക്കാതെ അദ്ദേഹമതിന് അനുമതി നൽകി. തൃശൂരിൽ വളരെ അടുത്ത ചില സൗഹൃദങ്ങളും കോടിയേരിക്കുണ്ടായിരുന്നു. അന്തരിച്ച മുൻ നേതാവ് പ്രഫ.എം. മുരളീധരനുമായുണ്ടായിരുന്നത് അത്തരമൊരു സൗഹൃദമായിരുന്നു. പാർട്ടിയിലെ സ്ഥാനംവച്ചു നോക്കുമ്പോൾ ഇത്തരമൊരു സൗഹൃദം ഉണ്ടാകേണ്ട കാര്യമില്ല. 

ചാവക്കാട് ഭാഗത്തെ പല പ്രവാസി കുടുംബങ്ങളുമായും അദ്ദേഹം അടുപ്പം സൂക്ഷിച്ചു. അതിൽ പലതും വിദേശത്തു കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്തവരുടെ കുടുംബങ്ങളായിരുന്നു. അദ്ദേഹം യാത്രയാകുമ്പോൾ പലർക്കും നഷ്ടമാകുന്നതു സിപിഎമ്മിലേക്കു മടി കൂടാതെ കടന്നുചെല്ലാനുള്ള ഒരു വാതിൽ കൂടിയാണ്.

പ്രതിസന്ധികളിൽ തുണയായ നേതാവ്: എം.എം. വർഗീസ് 

ഏതു പ്രതിസന്ധിയിലും ജില്ലയ്ക്കു തുണയായിനിന്ന നേതാവിനെയാണു നഷ്ടമായതെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പറഞ്ഞു.  ജില്ലയിലെ പ്രവർത്തനങ്ങൾ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു. ചെറിയ പ്രശ്നത്തിനുപോലും പരിഹാരവും കണ്ടു. പാർട്ടിയെ കരുത്തുറ്റതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ജില്ലയിലെ നേതൃനിരയിലുള്ളവർക്കെല്ലാം അഭിമാനത്തോടെയേ ഓർക്കാനാകൂ.     പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിൽ ഇവിടെ അദ്ദേഹം ചിലവിട്ട സമയം അദ്ദേഹത്തിന്റെ നേതൃപാടവവും നേരിൽ കാണാൻ പാർട്ടിയിലുള്ളവർക്ക് അവസരമൊരുക്കി.

എണ്ണമിനുപ്പുള്ള ഹൃദയബന്ധം

ദേഹം മുഴുവൻ എണ്ണതേച്ച് വ്യായാമം ചെയ്ത് ഇരിക്കുകയാണ് കോടിയേരി സഖാവ്. മുന്നിൽ പ്രഫ. എം. മുരളീധരനെന്ന മുരളി മാഷും ഭാര്യ സരളയും മകൻ ശ്രീശങ്കറും. തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ മന്ദിരമാണ് ആ കൂടിക്കാഴ്ചയുടെ ഇടം. കോടിയേരിക്ക് തൃശൂരിൽ പാർട്ടിക്ക് അപ്പുറത്തേക്ക് ബന്ധമുണ്ടായിരുന്നയാളാണ് മുരളി മാഷ്. ആ ബന്ധത്തിന്റെ പുറത്താണ് ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ദേഹം മുഴുവൻ എണ്ണ തേച്ചുപിടിപ്പിച്ച് ഈ കുടുംബത്തിനൊപ്പമിരുന്ന് വർത്തമാനം പറഞ്ഞത്.

ശ്രീശങ്കറിന്റെ വിവാഹത്തിന് നേരിട്ട് ക്ഷണിക്കാനാണ് മാഷും കുടുംബവും ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയത്. എണ്ണ തേച്ചിരിക്കുമ്പോൾ ആരെയും കാണാൻ കൂട്ടാക്കാത്ത കോടിയേരി ഇവരെ കുടുംബസമേതം സ്വീകരണമുറിയിലേക്ക് വിളിച്ചിരുത്തി.    സന്തോഷത്തോടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വിവാഹത്തിന് വരാമെന്നു സമ്മതിച്ചു. എണ്ണ തേച്ച് മണിക്കൂറുകളോളം ഇരിക്കുന്ന ശീലമുള്ള കോടിയേരി അത്രയും നേരം ഇവരെയും കുടുംബാംഗങ്ങളെ പോലെ കൂടെക്കൂട്ടി.

കോടിയേരി തൃശൂരെത്തിയാൽ നിഴൽപോലെ കൂടെയുണ്ടാവും ഏരിയാ സെക്രട്ടറികൂടിയായിരുന്ന മുരളി മാഷ്. ട്രെയിനിലാണ് വരുന്നതെങ്കിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് രാമനിലയത്തിൽ ആക്കും. മാഷേ എന്നാണ് കോടിയേരി വിളിക്കുക. മുരളി മാഷ് തിരിച്ച് സഖാവേയെന്നും. വിവാഹത്തിന് വരാമെന്ന് പറഞ്ഞെങ്കിലും അന്ന് വരാൻ പറ്റിയില്ലെന്ന് സരള ഓർക്കുന്നു. പക്ഷേ ഒരു ദിവസം രാവിലെ എട്ടുമണിയോടെ ഫ്ലാറ്റിനു മുന്നിൽ നിറയെ പോലീസും ബഹളവും. ഫ്ലാറ്റിലുള്ളവർ വിചാരിച്ചത് എന്തോ പ്രശ്നമാണെന്നാണ്. ലിഫ്റ്റിൽ കയറി മുരളി മാഷിന്റെ ഫ്ലാറ്റിലേക്ക് ആഭ്യന്തരമന്ത്രി വന്നു. കല്യാണത്തിന് വരാൻ പറ്റാത്തതിന്റെ കണക്കുതീർക്കുകയായിരുന്നു. 

പാർട്ടിയുടെ ആഭ്യന്തരവിശേഷങ്ങളിലും ഇരുവരും ചർച്ചകളിൽ ഏർപ്പെടുമായിരുന്നു. എന്നാൽ കൂടുതലും സ്വകാര്യ വിശേഷങ്ങൾക്കായിരുന്നു ഇടം. കോടിയേരിയുടെ മകന്റെ വിവാഹാലോചനയ്ക്ക് നടത്തറയിലെ വീട്ടിൽ ഒപ്പം പോയതും മുരളി മാഷാണ്. അടുപ്പക്കാരിൽ ആദ്യം ജീവിതത്തിൽനിന്ന് വിട പറഞ്ഞത് മുരളിമാഷ് തന്നെ. ഇപ്പോൾ കോടിയേരിയും. തൃശൂരിലെ വീട്ടിൽ ഇപ്പോൾ സരള ഒറ്റയ്ക്കിരുന്ന് ഓർമിക്കുകയാണ് കോടിയേരിയും മുരളി മാഷും തമ്മിലുള്ള ബന്ധം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}